കാലാവസ്‌ഥാ വ്യതിയാനം
ഭക്ഷ്യ സുരക്ഷയെ തകർക്കും
ആഗോളതാപനവും
അതുവഴിയുണ്ടാകുന്ന കാലാവസ്‌ഥാ
വ്യതിയാനവും സൃഷ്‌ടിച്ചേക്കാവുന്ന വലിയ ദുരന്തങ്ങളെപ്പറ്റി ഐക്യരാഷ്‌ട്രസംഘടന
വീണ്ടും ശക്‌തമായ മുന്നറിയിപ്പു നല്‍കുന്നു.
കാലാവസ്‌ഥാ
വ്യതിയാനംമൂലം ലോകത്തിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലായിരിക്കുകയാണെന്നും കടുത്ത ക്ഷാമത്തിന്
ഇതു വഴിതെളിക്കുമെന്നുമാണു യു.എന്നിനു കീഴിലുള്ള കാലാവസ്‌ഥാ
പഠനസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നത്.
വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സ്‌ഥിതി തകിടംമറിയുമെന്നും യുദ്ധങ്ങള്‍ക്കുപോലും
ഇതു വഴിവയ്‌ക്കുമെന്നുമുള്ള റിപ്പോര്‍ട്ട് നിസാരമായി കാണ്ടേണ്ടതല്ല.ഐക്യരാഷ്‌ട്ര
സംഘടനയ്‌ക്കു
കീഴിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍
ഓണ്‍ ക്ലൈമറ്റ് ചെയ്‌ഞ്ചിന്റെ (ഐ.പി.സി.സി.)
റിപ്പോര്‍ട്ടാണ് ആഗോളതാപനത്തെ നിയന്ത്രിക്കേണ്ടതിന്റെ
അനിവാര്യത വീണ്ടും ഓര്‍മിപ്പിക്കുന്നത്. 21-ാം നൂറ്റാണ്ടിന്റെ
അവസാനത്തോടെ ആഗോളതാപം 0.3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
സമുദ്രനിരപ്പ് 82 സെന്റിമീറ്റര്‍
വരെ ഉയര്‍ന്നു തീരനഗരങ്ങള്‍ക്കെല്ലാം ഭീഷണി സൃഷ്‌ടിക്കും.
ജീവിതം അപകടത്തിലാകും വിധം ഭൂമിയില്‍
ചൂടു കൂടുകയാണെന്നാണു ജപ്പാനിലെ
യോക്കഹോമയില്‍ റിപ്പോര്‍ട്ട്
പുറത്തിറക്കികൊണ്ട് ഐ.പി.സി.സി.
ചെയര്‍മാന്‍ രാജേന്ദ്രചൗധരി പറഞ്ഞത്. ഇന്ത്യയിലെ കാലംതെറ്റിയുള്ള
മഴയും അമേരിക്കയിലെ കഠിനമായ മഞ്ഞുവീഴ്‌ചയുമെല്ലാം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ
അനന്തരഫലങ്ങളാണെന്നു ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നു. പേമാരി,
വെള്ളപ്പൊക്കം, കടുത്ത വരള്‍ച്ച, കൃഷിനാശം... ഇപ്പോള്‍തന്നെ
കാലാവസ്‌ഥാ
വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍
അനുഭവിക്കുന്നുണ്ട്. കാര്യങ്ങള്‍
ഇതിലും തീവ്രമാകുമെന്നാണു റിപ്പോര്‍ട്ടിലെ
മുന്നറിയിപ്പ്.ചൂടു തുടര്‍ച്ചയായി
കൂടുന്ന പ്രതിഭാസത്തെയാണു ശാസ്‌ത്രലോകം ആഗോളതാപനം എന്നു
വിളിക്കുന്നത്. ഭൗമോപരിതലത്തിലെയും അന്തരീക്ഷത്തിലെയും
സമുദ്രത്തിലെയും ചൂടു ക്രമാതീതമായി ഉയരുന്നുണ്ട്. 20-ാം നൂറ്റാണ്ടിന്റെ
തുടക്കം മുതല്‍ അന്തരീക്ഷത്തിലെയും
സമുദ്രോപരിതലത്തിലെയും ഊഷ്‌മാവ്
ഉയരുകയാണ്. ഭൗമോപരിതലത്തിലെ ചൂടു
കഴിഞ്ഞ മൂന്നു ദശകങ്ങളായി തുടര്‍ച്ചയായി
കൂടുകയാണ്. കാര്‍ബണ്‍ഡൈഓക്‌സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തിലേക്കു
പുറന്തള്ളപ്പെടുന്നതാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഇക്കാര്യത്തില്‍
പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതാകട്ടെ, പ്രകൃതിയെയും വരുംതലമുറകളെയും മറന്നുള്ള വികസനരീതികളും. ഇന്ധനങ്ങളുടെ
ജ്വലനം, വിവിധതരം വ്യവസായിക ഉല്‍പ്പാദനരീതികള്‍, ഭൂമിയുടെ ഉപയോഗരീതിയില്‍ വന്ന മാറ്റം,
വനനശീകരണം ഇവയൊക്കെ ഹരിതഗൃഹ വാതകങ്ങളുടെ
ഉല്‍പ്പാദനത്തിനു
വഴിതെളിക്കുന്ന കാര്യങ്ങളില്‍ ചിലതാണ്.
ഇതിനു പ്രധാനകാരണക്കാര്‍ വികസിത രാജ്യങ്ങളാണ് എന്നതാണു വാസ്‌തവം.
കാലാവസ്‌ഥാ
വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്‌ഥാനം.
ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ കടുത്തപ്രത്യാഘാതങ്ങളുണ്ടാകുമെന്നു യു.എന്‍. റിപ്പോര്‍ട്ട്
പ്രത്യേകം പറയുന്നു. രാജ്യത്തെ നല്ലൊരുഭാഗം
ജനങ്ങളും ഇപ്പോള്‍തന്നെ
വെള്ളപ്പൊക്കത്തിന്റെയും കടുത്ത വരള്‍ച്ചയുടെയും കൊടുങ്കാറ്റിന്റെയും കെടുതികള്‍ അനുഭവിക്കുന്നുണ്ട്.
ഇതിനു പുറമേ ഭക്ഷ്യഉല്‍പാദനത്തില്‍ ഇടിവുണ്ടാകാനുള്ള
സാധ്യതയാണു റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
ഇതു ക്ഷാമത്തിനും വിലക്കയറ്റത്തിനും
പോഷകാഹാരക്കുറവിനും വഴി തെളിക്കും.
സാമ്പത്തികവളര്‍ച്ചയെയും
ബാധിക്കും. ഇതിലൊക്കെ ഉപരി ആശങ്ക
സൃഷ്‌ടിക്കുന്നതാണു
ശുദ്ധജലക്ഷാമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ്. ഇത്തരം വിപത്തുകള്‍ക്കുള്ള
സാധ്യത മുന്നില്‍കണ്ട് അതു തടയാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെയും മനുഷ്യനെയും ബാധിക്കുന്ന വിഷയങ്ങള്‍ ഗൗവരമായെടുക്കാനും
അതനുസരിച്ചു നയപരിപാടികള്‍ രൂപീകരിക്കാനും സര്‍ക്കാരും
രാഷ്‌ട്രീയകക്ഷികളും
തയാറാകണം.
ആഗോളതാപനത്തിന്റെ
പ്രശ്‌നങ്ങളെപ്പറ്റി
ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഐക്യരാഷ്‌ട്ര സംഘടന
പരമാവധി ശ്രമിക്കുന്നുണ്ട്. ജനങ്ങളും സര്‍ക്കാരുകളും
ഒപ്പം ശാസ്‌ത്രലോകവും ഒന്നിച്ചു ശ്രമിച്ചെങ്കില്‍ മാത്രമേ ഈ
വലിയ വിപത്തിനെ തടയാനാവൂ.
പ്രകൃതിയുണ്ടെങ്കില്‍ മാത്രമേ മനുഷ്യവംശത്തിനു
നിലനില്‍പ്പുള്ളൂ
എന്നു തിരിച്ചറിഞ്ഞുകൊണ്ടുള്ള സുസ്‌ഥിര വികസന
രീതികളാണ് ഇനി ആവശ്യം.
പ്രൊഫ് ജോണ്‍ കുരാക്കാർ

No comments:
Post a Comment