രാജ്യത്ത്
സ്ത്രീപീഡനങ്ങള്‍ക്ക്
അറുതിവരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം
ആശ്വാസമേകുന്നതാണ് മുംബൈ ശക്തിമില്‍
കൂട്ടബലാത്സംഗക്കേസില്‍ സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായ വിധി.
നമ്മുടെ നീതിന്യായ സംവിധാനത്തില്‍
ജനങ്ങള്‍ക്കുള്ള
വിശ്വാസം ഉറപ്പിക്കുന്ന അത് സ്ത്രീപീഡകര്‍ക്കുള്ള
അതിശക്തമായ താക്കീതുകൂടിയാണ്. ദക്ഷിണ മുംബൈയിലെ ശക്തിമില്‍ കോമ്പൗണ്ടില്‍
പത്ര ഫോട്ടോഗ്രാഫറായ യുവതിയെ
ബലാത്സംഗം ചെയ്ത കേസിലെ മൂന്നു
പ്രതികള്‍ക്ക്
വധശിക്ഷയും ഒരാള്‍ക്ക്
ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്.
സംഭവത്തിന്റെ ഗൗരവവും അത് സമൂഹത്തിലുണ്ടാക്കിയ
നടുക്കവും കണക്കിലെടുത്തുള്ള ഈ വിധി
അതിന്റെ സവിശേഷതകൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ബലാത്സംഗക്കുറ്റത്തിന്
പ്രതികള്‍ക്ക്
വധശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.
ഈ കുറ്റത്തിന് നേരത്തേ
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സമാനമായ അടുത്ത
കേസില്‍ വധശിക്ഷവരെ നല്‍കാവുന്ന
376 ഇ വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. സ്ത്രീകളോട്
ചിലര്‍ കാട്ടുന്ന
ക്രൂരതകള്‍ക്ക്
അതിരുകളില്ലെന്ന് തെളിയിക്കുന്നതായിരുന്നു കേസിനാസ്പദമായ സംഭവം. പൈശാചികമായ
പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും
അത് ആസൂത്രിതപദ്ധതി പ്രകാരമായിരുന്നുവെന്നും
കോടതിക്ക് ബോധ്യമായി. ഇരയായ പെണ്‍കുട്ടിയും
അവരുടെ കുടുംബവും അനുഭവിച്ച വേദന
മറ്റൊന്നിനോടും തുലനം ചെയ്യാന്‍
കഴിയില്ലെന്നും അതിനാല്‍ കുറ്റവാളികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും
കോടതി പറഞ്ഞത് ശ്രദ്ധേയമാണ്.
കുറ്റവാളികളെ
എത്രയും വേഗം നിയമത്തിനുമുന്നില്‍
കൊണ്ടുവരികയും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുകയും
ചെയ്യലാണ് സ്ത്രീപീഡനങ്ങള്‍ തടയാനുള്ള വഴികളിലൊന്ന്.
ഇക്കാര്യത്തില്‍ ഇന്ത്യയിലെ സ്ഥിതി
പൊതുവേ തൃപ്തികരമല്ല. 2012ല്‍
ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ
സംഭവം രാജ്യമെങ്ങും കടുത്ത പ്രതിഷേധമുയരാന്‍
ഇടയാക്കി. അതേത്തുടര്‍ന്നാണ്
ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധരായത്.
ഒന്നിലധികം തവണ ബലാത്സംഗക്കുറ്റം
ചെയ്യുന്നയാള്‍ക്ക്
വധശിക്ഷവരെ നല്‍കാവുന്ന വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതനുസരിച്ച്
കുറ്റവാളികള്‍ക്ക്
ലഭിക്കുന്ന കുറഞ്ഞ ശിക്ഷ ജീവപര്യന്തവും
കൂടിയത് വധശിക്ഷയുമാണ്. വധശിക്ഷയുടെ ധാര്‍മികതയെയും നൈതികതയെയും സംബന്ധിച്ചുള്ള
ചര്‍ച്ചകള്‍ അടുത്തകാലത്തായി ശക്തമായിട്ടുണ്ട്.
എന്തായാലും ഇന്ത്യയിലെ നിയമമനുസരിച്ച് വധശിക്ഷ
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍, അതിനനുസരിച്ച് നീതിനിര്‍വഹണം
നടത്തേണ്ട ബാധ്യത നീതിപീഠങ്ങള്‍ക്കുണ്ട്.
അന്വേഷകര്‍ ആര്‍ജവത്തോടെ ശ്രമിച്ചാല്‍
നീതിനിര്‍വഹണം
വേഗത്തിലാക്കാമെന്നും ഈ കേസന്വേഷണം
തെളിയിക്കുന്നു. സംഭവം നടന്ന് രണ്ടുദിവസത്തിനുള്ളില്‍ അഞ്ച് പ്രതികളെയും
അറസ്റ്റ് ചെയ്യാന്‍ പോലീസിനുകഴിഞ്ഞു.
ചോദ്യം ചെയ്യുന്നതിനിടയിലാണ് അവര്‍
മുമ്പും ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ടിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക്
മനസ്സിലാക്കാന്‍ കഴിഞ്ഞത്. സംഭവം
നടന്ന് എട്ടുമാസത്തിനുള്ളില്‍ത്തന്നെ
വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കാനായെന്നതും
ഈ കേസിന്റെ സവിശേഷതയാണ്.
സ്ത്രീപീഡനങ്ങള്‍ സംബന്ധിച്ചുള്ള പല
കേസുകളിലും അന്വേഷണം വൈകുകയോ മുടങ്ങുകയോ
ചെയ്യാറുണ്ട്. പീഡനക്കേസുകളിലെ ഇരകളായ സ്ത്രീകള്‍ക്ക് ഭീഷണിയോ സമ്മര്‍ദമോ
നേരിടേണ്ടി വരുന്നതും അസാധാരണമല്ല. കേസന്വേഷകരും
ഭരണാധികാരികളുമെല്ലാം വിചാരിച്ചാലേ ഇതൊഴിവാക്കാനാവൂ. പീഡകര്‍ക്കുള്ള
താക്കീതെന്നപോലെ സമൂഹത്തിനുള്ള സന്ദേശവും ഉള്‍ക്കൊള്ളുന്നതാണ് കോടതി വിധി. സമൂഹത്തിന്
സ്ത്രീയോടുള്ള കാഴ്ചപ്പാടും പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. അതില്‍ മാറ്റമുണ്ടാക്കാനും കോടതിയുടെ
നിരീക്ഷണങ്ങള്‍ സഹായകമാകുമെന്നാശിക്കാം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment