കെ. ശ്രീകുമാര്‍
കുടുംബകോടതികളിലെ
നഷ്ടബാല്യങ്ങള്‍
തെക്കന്‍കേരളത്തിലെ ഒരു കുടുംബ കോടതിയുടെ വിചാരണമുറി. ഇരുപക്ഷത്തെയും വാദങ്ങള്‍ തുടരുകയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നോക്കാതെ, മിണ്ടാതെ, അടുത്തെങ്കിലും ഇരു ധ്രുവങ്ങളില്‍. ഇടയ്ക്കിടെ അഭിഭാഷകരിലൂടെയുള്ള ആരോപണപ്രത്യാരോപണങ്ങള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ആറുവയസ്സുകാരന്‍, കണ്ണുനിറഞ്ഞ്, നെഞ്ചില്‍ കൈവെച്ച് എന്തോ പിറുപിറുക്കുന്നു. ഒന്നു കാതോര്‍ത്തപ്പോള്‍ അത് വ്യക്തമായി. ''എനിക്ക് അച്ഛനെയും അമ്മയെയും വേണം.'' അടുത്തിരുന്നവരുടെയെല്ലാം കണ്ണുനനഞ്ഞു. പക്ഷേ, അവന്റെ മാതാപിതാക്കള്‍ ഇതൊന്നുമറിയാതെ അവരവരുടെ ശാഠ്യങ്ങളുടെ ലോകത്തുതന്നെ...
കുടുംബകോടതി വരാന്തകളില്‍ സ്ഥിരം കണ്ടെത്തുന്ന നിസ്സഹായബാല്യത്തിന്റെ യഥാര്ഥമുഖമാണിത്. നിയമപുസ്തകങ്ങളെല്ലാം കുട്ടികളുടെ ക്ഷേമത്തിന് പരമപ്രാധാന്യം നല്‍കുമ്പോഴും കുടുംബത്തകര്‍ച്ചയുടെ ഇരകള്‍ അവര്‍ തന്നെയാകുന്നു. ഉത്സവംപോലെ ആഘോഷിക്കേണ്ട അവധിക്കാലങ്ങളില്‍ അവര്‍ അച്ഛനമ്മമാരുടെ പിടിവാശിക്കുമുന്നില്‍ കോടതികള്‍ കയറിയിറങ്ങുന്നു. കുട്ടികളെന്ന ചരക്കിന്റെ കൊടുക്കല്‍വാങ്ങലുകളാണ് അവിടെ നടക്കുന്നത്. കോടതി അളന്നുനല്‍കുന്ന സമയക്കണക്കില്‍ അവര്‍ അച്ഛന്റെയോ അമ്മയുടെയോ അതിഥികളാവുന്നു. കുറേക്കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്തവരും.
തെക്കന്‍കേരളത്തിലെ ഒരു കുടുംബ കോടതിയുടെ വിചാരണമുറി. ഇരുപക്ഷത്തെയും വാദങ്ങള്‍ തുടരുകയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നോക്കാതെ, മിണ്ടാതെ, അടുത്തെങ്കിലും ഇരു ധ്രുവങ്ങളില്‍. ഇടയ്ക്കിടെ അഭിഭാഷകരിലൂടെയുള്ള ആരോപണപ്രത്യാരോപണങ്ങള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ആറുവയസ്സുകാരന്‍, കണ്ണുനിറഞ്ഞ്, നെഞ്ചില്‍ കൈവെച്ച് എന്തോ പിറുപിറുക്കുന്നു. ഒന്നു കാതോര്‍ത്തപ്പോള്‍ അത് വ്യക്തമായി. ''എനിക്ക് അച്ഛനെയും അമ്മയെയും വേണം.'' അടുത്തിരുന്നവരുടെയെല്ലാം കണ്ണുനനഞ്ഞു. പക്ഷേ, അവന്റെ മാതാപിതാക്കള്‍ ഇതൊന്നുമറിയാതെ അവരവരുടെ ശാഠ്യങ്ങളുടെ ലോകത്തുതന്നെ...
കുടുംബകോടതി വരാന്തകളില്‍ സ്ഥിരം കണ്ടെത്തുന്ന നിസ്സഹായബാല്യത്തിന്റെ യഥാര്ഥമുഖമാണിത്. നിയമപുസ്തകങ്ങളെല്ലാം കുട്ടികളുടെ ക്ഷേമത്തിന് പരമപ്രാധാന്യം നല്‍കുമ്പോഴും കുടുംബത്തകര്‍ച്ചയുടെ ഇരകള്‍ അവര്‍ തന്നെയാകുന്നു. ഉത്സവംപോലെ ആഘോഷിക്കേണ്ട അവധിക്കാലങ്ങളില്‍ അവര്‍ അച്ഛനമ്മമാരുടെ പിടിവാശിക്കുമുന്നില്‍ കോടതികള്‍ കയറിയിറങ്ങുന്നു. കുട്ടികളെന്ന ചരക്കിന്റെ കൊടുക്കല്‍വാങ്ങലുകളാണ് അവിടെ നടക്കുന്നത്. കോടതി അളന്നുനല്‍കുന്ന സമയക്കണക്കില്‍ അവര്‍ അച്ഛന്റെയോ അമ്മയുടെയോ അതിഥികളാവുന്നു. കുറേക്കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്തവരും.
വിവാഹമോചനങ്ങള്‍ കുത്തനെ ഉയരുന്ന ഇക്കാലത്ത് ഇത്തരത്തില്‍ അനാഥരാക്കപ്പെടുന്ന കുട്ടികള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ബാല്യത്തില്‍ത്തന്നെ ബാല്യം നഷ്ടപ്പെടുന്ന കുട്ടികളുടെ നിയമപരവും മനഃശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന പരമ്പര ഇന്ന് തുടങ്ങുന്നു.
നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷിതത്വവും ക്ഷേമവും നമ്മുടെ കുട്ടികള്‍ക്ക് എത്രമാത്രം ലഭിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട കാര്യമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച അവരെ തള്ളിവിടുന്നത് അനാഥത്വത്തിലേക്കാണ്.അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമയിലെ ഒരു രംഗമാണ് -മാനസികസമ്മര്‍ദങ്ങള്‍ അനുഭവിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ കിടപ്പുമുറിയിലെത്തി. അച്ഛന്റെയും അമ്മയുടെയും നടുക്ക് കയറിക്കിടന്നു. അതോടെ അവളുടെ മനസ്സിന്റെ പിരിമുറുക്കം താനെ അയയുന്നു. സുശക്തമായ ഒരു രക്ഷാവലയം അവള്‍ക്കു ചുറ്റും രൂപം കൊള്ളുന്നു.
കേരളത്തിലെ ഒരു കുടുംബകോടതിയില്‍ കണ്ട മറ്റൊരു രംഗം-
അങ്കിളിന്റെ വീട്ടിലേക്കെന്നു പറഞ്ഞ് നാലു വയസ്സുള്ള മകനെയും കൂട്ടി കുടുംബകോടതിയിലെത്തിയതാണ് ആ അമ്മ. കോടതിയുടെ വളഞ്ഞ ബോര്‍ഡ് കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ 'താന്‍ പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ' എന്ന് അവനെ ഓര്‍മിപ്പിച്ചു, അവര്‍. അപ്പോഴതാ, വരാന്തയില്‍ തന്നെ നോക്കി, കണ്ണു നനഞ്ഞ് അച്ഛന്‍. 'അച്ഛാ' എന്നു വിളിച്ച് അങ്ങോട്ട് ഓടിച്ചെല്ലാന്‍ മുതിര്‍ന്ന അവനെ നോക്കി കണ്ണുരുട്ടി, അവന്റെ വിരലിലെ പിടിമുറുക്കി അമ്മ വിലക്കി.
കോടതിമുറിയില്‍ ആരൊക്കെയോ. അച്ഛനുമമ്മയും പരസ്പരമൊന്ന് നോക്കാത്തതെന്ത്, ഒരക്ഷരമെങ്കിലും മിണ്ടാത്തതെന്ത് എന്ന് സംശയിച്ച് അവന്‍ നിന്നു. അമ്മ പറഞ്ഞ അങ്കിള്‍ തന്നെയാവണം, 'അച്ഛന്‍ വേണോ, അമ്മ വേണോ' എന്നുചോദിച്ചു. 'അമ്മ മതി'യെന്ന് അവന്‍. അങ്ങനെയാണല്ലോ അവന്‍ പഠിച്ചുവന്നത്. അച്ഛന്‍ അവനെയും കൂട്ടി കോടതിവളപ്പിലെ സിമന്റ് ബെഞ്ചില്‍ ചെന്നിരുന്നു. അവനെ കെട്ടിപ്പിടിച്ച്, ഉമ്മ വെച്ച്, മധുരം കൊടുത്ത് കൊതി തീര്‍ത്തു, അച്ഛന്‍. ഇതെല്ലാം കണ്ട് കുറച്ചകലെ അക്ഷമയായി അമ്മ. കോടതി അച്ഛനനുവദിച്ച രണ്ടു മണിക്കൂര്‍ തികഞ്ഞതും മകനെ അച്ഛനില്‍ നിന്നകറ്റി അവനെയും കൊണ്ട് നടന്നു നീങ്ങുമ്പോള്‍ ആശ്വാസത്തോടെ അമ്മ പിറുപിറുത്തു 'കഴിഞ്ഞുകിട്ടിയല്ലോ.'
കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് വേണ്ടത് മാതാപിതാക്കളുടെ യോജിച്ചുള്ള ശ്രമവും പരിചരണവുമാണ്. നിയമങ്ങളും ഈ സങ്കല്പനത്തെ പിന്താങ്ങുന്നു. അതുകൊണ്ടുതന്നെയാണ് കുടുംബവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെല്ലാം കുട്ടിയുടെ ക്ഷേമത്തിന് മറ്റെന്തിനേക്കാളേറെ പ്രാധാന്യം നല്കുന്നത്. 'ഭൂമിയില്‍ ജന്മമെടുക്കുന്ന ഓരോ കുട്ടിക്കും കുടുംബത്തില്‍ വളരാനുള്ള അവകാശമുണ്ടെ'ന്നും 'കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വവികസനത്തിന് കുട്ടി സന്തോഷവും സ്‌നേഹവും പരസ്പരധാരണയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരണ'മെന്നും ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. 1989-ലെ 'കുട്ടികളുടെ അവകാശ ഉടമ്പടി' അടിവരയിടുന്നതും 'കുട്ടിയുടെ വളര്‍ച്ചയിലും വികാസത്തിലും മാതാപിതാക്കള്‍ക്ക് ഒരുപോലെ പൊതുവായ ഉത്തരവാദിത്വം ഉണ്ടെ'ന്നതിനാലാണ്. അന്തര്‍ദേശീയ പ്രഖ്യാപനങ്ങളിലും നിയമങ്ങളിലും ഭരണഘടനയിലെ ബന്ധപ്പെട്ട അനുച്ഛേദങ്ങളിലും കുട്ടിക്ക് അര്‍ഹമായ പ്രാധാന്യം ഉറപ്പു നല്കുന്നു. കുട്ടികളുടെ കസ്റ്റഡി അനുവദിക്കാനുള്ള 1890-ലെ 'ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ്' ആക്ടും 2000-ലെ 'ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും പരിചരണവും) 'ആക്ടും' 1984-ലെ കുടുംബകോടതി നിയമവും കുട്ടികളുടെ ക്ഷേമത്തെയാണ് പ്രധാനമായി ക്കാണുന്നത്. കുട്ടികളെ കുടുംബത്തില്‍ നിന്ന് ഒരിക്കലും അകലാന്‍ ഇടവരുത്തരുത് എന്നാണ് ഇവയുടെയെല്ലാം കാതല്‍.
തെക്കന്‍ കേരളത്തിലെ ഒരു കുടുംബകോടതിയില്‍ കൗണ്‍സലിങ്ങിനെത്തിയ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് കൗണ്‍സലര്‍ ഏഴുവയസ്സുകാരനായ മകനോട് ചോദിച്ചു ''എന്താണ് മോനേ കുടുംബമെന്നുവെച്ചാല്‍?'' അച്ഛനമ്മമാരുടെ മുഖത്ത് ആശങ്കയോടെയും പകപ്പോടെയും മാറിമാറി നോക്കി കുട്ടി പറഞ്ഞു. ''അറിയില്ല.''
നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷിതത്വവും ക്ഷേമവും നമ്മുടെ കുട്ടികള്‍ക്ക് എത്രമാത്രം ലഭിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട കാര്യമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച അവരെ തള്ളിവിടുന്നത് അനാഥത്വത്തിലേക്കാണ്. വിവാഹമോചനങ്ങള്‍ പെരുകുമ്പോള്‍ കുട്ടികളുടെ കുട്ടിക്കാലം മാതാപിതാക്കളുടെ കലഹങ്ങളിലോ വിലപേശലുകളിലോ കുടുംബകോടതി വരാന്തകളുടെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിലോ പാഴാവുന്നു.
പരസ്പരം യോജിക്കാത്തവര്‍ എല്ലാം സഹിച്ച് കുടുംബത്തിനകത്തുതന്നെ കഴിയുന്ന ചിന്താഗതിക്ക് ഇന്ന് വലിയ പ്രസക്തിയില്ല. മുമ്പ് കുടുംബബന്ധങ്ങളുടെ ഏകീകരണത്തിന് കാരണമായിരുന്നത് കുട്ടികളാണ്. അതുപോലെ ശിഥിലബന്ധങ്ങള്‍ ഇഴചേര്‍ത്തതും അവര്‍ തന്നെ. കുടുംബഭദ്രതയ്ക്കായി മറ്റേത് വിയോജിപ്പുകളെയും മറികടക്കാന്‍ പോന്ന ശക്തമായ സാന്നിധ്യമായിരുന്നു കുട്ടികള്‍. ഈ അവസ്ഥയില്‍ വന്ന മാറ്റമാണ് കുട്ടികളുടെ അനാഥത്വത്തിന് ആക്കം കൂട്ടുന്നത്. സാമ്പത്തികമായ സ്വയംപര്യാപ്തത ശങ്കാലേശമെന്യേ സ്വന്തം പാത തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ധൈര്യം പകരുന്നുമുണ്ട്.
''വിവാഹമോചനം മുമ്പും ഇവിടെ ഇത്ര വലിയ തോതിലല്ലെങ്കിലും നടന്നിരുന്നു. വിവാഹമോചിതരുടെ മക്കളെ നോക്കാന്‍ മുമ്പ് മുത്തശ്ശിയും മുത്തച്ഛനുമൊക്കെ ഉണ്ടായിരുന്നു. അണുകുടുംബബാല്യങ്ങള്‍ക്ക് അത്തരം സ്‌നേഹം ലഭിക്കാനും വഴിയില്ല. അച്ഛനമ്മമാരുടെ കലഹങ്ങള്‍ക്കിടയ്ക്ക് ആ പിഞ്ചുമനസ്സുകളുടെ വിങ്ങല്‍ അറിയാന്‍ ആരുമില്ലാതാവുന്നു. മാതാപിതാക്കളുടെയും മക്കളുടെയും ഹൃദയങ്ങള്‍ വല്ലാതെ അകലുന്നു. കോടതികളും അഭിഭാഷകരുമൊക്കെ ഈ അകല്‍ച്ച വര്‍ധിപ്പിച്ച് കുട്ടികളെ ശരിയായ അനാഥത്വത്തിലേക്ക് തള്ളിവിടുന്നു. ഇത് ഇന്നിന്റെ ശാപമാണ്'' -കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും 'ജനശ്രീ' സംസ്ഥാന ട്രഷററുമായ ലതികാസുഭാഷ് ചൂണ്ടിക്കാട്ടുന്നു.
'ഹോപ്പ്' എന്ന സന്നദ്ധസംഘടന കൊച്ചി നഗരത്തിലെ ആയിരം പേരില്‍ നടത്തിയ സര്‍വേ പ്രകാരം വിവാഹമോചനം തേടുമ്പോള്‍ കുട്ടികളെച്ചൊല്ലി വേവലാതിപ്പെടുന്നവര്‍ ഒമ്പതു ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ കണക്കാണെങ്കില്‍, 1995-ല്‍ ഇതേ സംഘടന നടത്തിയ പഠനത്തില്‍ ഇത് 18 ശതമാനമായിരുന്നു. വിവാഹമോചനത്തിനുശേഷം കുട്ടികളുടെ ഭാവിയോര്‍ത്ത് പുനര്‍വിവാഹം ചെയ്യുന്നത് 23 ശതമാനം പേരാണ്. ഇതിലാകട്ടെ സിംഹഭാഗവും സ്ത്രീകളാണ്. പുരുഷന്മാരുടെ പുനര്‍വിവാഹത്തില്‍ കുട്ടികളുടെ ക്ഷേമത്തിന് പറയത്തക്ക സ്ഥാനമില്ല. 'വിവാഹമോചനം കൂടുന്നു എന്നതിനേക്കാള്‍ പ്രധാനം വഴിപിരിയുന്ന കുട്ടികളുടെ പ്രശ്‌നമാണെ'ന്ന് വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും മുന്‍ കുടുംബകോടതി ന്യായാധിപയുമായ ജസ്റ്റിസ് ഡി. ശ്രീദേവി പറയുന്നത് ഈ സാഹചര്യത്തിലാണ്.
മാതാപിതാക്കള്‍ക്കുണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകളില്‍ തുടങ്ങുന്നു കുട്ടികളുടെ ദുരിതകാലം. അവരുടെ മനസ്സില്‍ വെറുപ്പും വാശിയും നിറയുമ്പോള്‍ കുട്ടികള്‍ അധികപ്പറ്റായി മാറുന്നു. പരസ്പരം അകലാന്‍ തീരുമാനിക്കുന്ന ദമ്പതിമാര്‍ കുടുംബകോടതിയിലെത്തുന്നതോടെ കുട്ടികളുടെ ദുരന്തം പൂര്‍ണമാകുന്നു. പിന്നീട് അരങ്ങേറുന്നത് കുട്ടികളെ സ്വന്തമാക്കാനുള്ള പിടിവലികളാണ്.
ശിശുസൗഹൃദപരമല്ലാത്ത കോടതി അന്തരീക്ഷത്തില്‍ വരേണ്ടിവരുന്നതുതന്നെ കുട്ടികള്‍ അനുഭവിക്കുന്ന ശിക്ഷയാണ്. അത്യാവശ്യഘട്ടത്തില്‍ മാത്രമേ കുട്ടികളെ കോടതിയിലേക്ക് വിളിച്ചുവരുത്താവൂ എന്നുണ്ടെങ്കിലും മാതാപിതാക്കളുടെ വാശി മൂക്കുമ്പോള്‍ കാഴ്ചയും കസ്റ്റഡിയും കൈമാറ്റവുമൊക്കെയായി അവര്‍ക്ക് അടിക്കടി കോടതി കയറേണ്ടിവരുന്നു. കുടുംബം തകര്‍ന്നു കാണാന്‍ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ലെങ്കിലും യഥാര്‍ഥത്തില്‍ നടക്കുന്നത് അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ്.
അച്ഛനമ്മമാരുടെ കലഹങ്ങള്‍ക്കും പിടിവാശികള്‍ക്കുമിടയില്‍, കുടുംബകോടതിയില്‍ സ്വന്തം ബാല്യം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി. അവളിപ്പോള്‍ ജന്മം നല്കിയവരുടെ ഓര്‍മകളില്‍ നിന്നുപോലും അകന്ന് മഹാനഗരങ്ങളിലൊന്നില്‍ തനിച്ചുകഴിയുകയാണ്. താനനുഭവിച്ച വേദനകള്‍ ഇനിയൊരു കുട്ടിക്കും ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെയാണ് അവള്‍ തന്റെ ജീവിതം വായനക്കാരോട് പങ്കുവെക്കുന്നത്.
''അച്ഛനമ്മമാരെന്നാല്‍ ശത്രുക്കളാണെന്ന ധാരണ ഓര്‍മവെച്ച നാള്‍ മുതല്‍ എന്നിലുണ്ട്. അവരുടെ തീരാത്ത വഴക്കുകളും ശാസനകളുമാണ് എനിക്കു കിട്ടിയ താരാട്ട്. ഞാന്‍ അഞ്ചാം ക്ലാസ് കഴിഞ്ഞ് ആറിലേക്ക് ജയിക്കും മുമ്പുള്ള അവധിക്കാലത്താണ് അച്ഛനുമമ്മയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. വീട്ടില്‍ വല്ലപ്പോഴുമെത്തുന്ന വല്യച്ഛനു മാത്രമേ എന്നോട് സ്‌നേഹമുണ്ടായിരുന്നുള്ളൂ എന്നു തോന്നിയ നാളുകള്‍.
അതിനിടെ അച്ഛന്‍ വീട്ടില്‍ വരാതായി. പിന്നീടൊരു നാള്‍ അച്ഛന്‍ കുറേ കളിപ്പാട്ടങ്ങളുമായി എന്നെ കാണാനെത്തുകയും 'മോള്‍ അച്ഛന്റെ കൂടെ വരണ'മെന്ന് പറയുകയും ചെയ്തു. പെട്ടെന്നെന്താണ് അച്ഛനെന്നോട് സ്‌നേഹം തോന്നിയതെന്നറിയില്ല. അച്ഛന്‍ പോയതും അമ്മ ആ കളിപ്പാട്ടങ്ങള്‍ പിടിച്ചുവാങ്ങി അടുപ്പിലിട്ടു കത്തിക്കുകയും എന്നെ വല്ലാതെ ശകാരിക്കുകയും ചെയ്തത് ഓര്‍മയുണ്ട്.
ഒരിക്കല്‍ അമ്മ എന്നെയും കൂട്ടി തിരക്കുള്ള ഒരു മുറിയിലെത്തി. അതാണ് കുടുംബകോടതിയെന്ന് പിന്നീട് ഞാനറിഞ്ഞു. ഞാന്‍ കൂടെ വരണമെന്ന് അച്ഛനുമമ്മയും അവിടെ മാറിമാറി വാദിച്ചു. ആരുടെ കൂടെ പോകാനാണ് ഇഷ്ടമെന്ന് ജഡ്ജി ചോദിച്ചു. വല്യച്ഛന്റെ കൂടെയെന്ന് ഞാന്‍ പറഞ്ഞത് രണ്ടാള്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു തോന്നി.
അവര്‍ക്ക് വിവാഹമോചനം കിട്ടിയോ എന്നറിയില്ല. എന്നെ കൂടുതല്‍ ദിവസം അമ്മയുടെ കൂടെയും അവധിദിവസങ്ങളില്‍ അച്ഛന്റെ കൂടെയും വിടാന്‍ കോടതി ഉത്തരവായി. അങ്ങനെ ഞാന്‍ കൃത്യമായ ഇടവേളകളില്‍ വീടുമാറിമാറി താമസം തുടങ്ങി.
വീട്ടില്‍ സ്ഥിരമായി വരാറുള്ള മാമനുമായി അമ്മയ്ക്ക് 'വേണ്ടാത്ത ബന്ധ'മുള്ളതിനാലാണ് താനവരെ ഉപേക്ഷിച്ചതെന്ന് അച്ഛന്‍ പലതവണ എന്നോടു പറഞ്ഞു. പിന്നെ, അമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇതെല്ലാം അവര്‍ എന്നില്‍ നിന്നും ചോദിച്ചറിഞ്ഞു. അമ്മ വേറെ ചിലതും എന്നോട് പറഞ്ഞു. താന്‍ അച്ഛന്റെ കൂടെ പോകുമ്പോള്‍ അമ്മയ്ക്ക് ആധിയാണെന്നും അച്ഛന്‍ തന്നെ 'നശിപ്പിക്കു'മെന്നുമായിരുന്നു അത്. ഞാനുറങ്ങിക്കിടക്കുമ്പോള്‍ അച്ഛന്‍ പലതവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും അന്നൊക്കെ അമ്മയാണ് അത് തടഞ്ഞതെന്നും കേട്ടപ്പോള്‍ ഞാന്‍ അച്ഛനെ ഭയന്നു തുടങ്ങി. ആ മാമനെക്കുറിച്ചോര്‍ത്തപ്പോള്‍ അമ്മയെയും.
എനിക്ക് ആശ്വാസമായത് വല്യച്ഛന്റെ വീട്ടില്‍ താമസം തുടങ്ങിയതോടെയാണ്. മക്കളില്ലാത്ത വല്യച്ഛനും വല്യമ്മയ്ക്കും ഞാന്‍ സ്വന്തം മകളായി. കോടതിയുടെ അനുവാദത്തോടെയായിരുന്നോ അതെന്നറിയില്ല. കേസ് വര്‍ഷങ്ങള്‍ നീണ്ടു. ഒരുനാള്‍ വല്യച്ഛന്‍ പറഞ്ഞാണ് ഞാനറിയുന്നത് കേസ് പിന്‍വലിച്ച് അവര്‍ വീണ്ടും യോജിക്കാന്‍ തീരുമാനിച്ചെന്ന്. അവരെന്നെ കൂട്ടിക്കൊണ്ടുപോവുമോ എന്ന ഭയം മാത്രമാണ് അപ്പോള്‍ തോന്നിയത്.
ഒരു രാത്രി അച്ഛനുമമ്മയും ഒരുമിച്ചെത്തി എന്നെ വീട്ടിലേക്ക് വിളിച്ചു. പോകാന്‍ ഞാന്‍ തയ്യാറായില്ല. എന്നെ സ്വന്തമാക്കാന്‍ വേണ്ടി പറഞ്ഞ നുണകളായിരുന്നു എല്ലാമെന്ന് അവര്‍ മാറിമാറിപ്പറഞ്ഞു. വരുന്നില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചു. എന്നെക്കൂടാതെ അവര്‍ മടങ്ങിപ്പോയി. അന്നാണ് ഞാനവരെ അവസാനമായി കണ്ടത്.
അധികം വൈകാതെ അച്ഛനുമമ്മയും ആ വീടുവിറ്റ് ദൂരെയെങ്ങോ പോയി. അവര്‍ എന്നെക്കുറിച്ചോ ഞാന്‍ അവരെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചില്ല. ഞാന്‍ വാശിയോടെ പഠിച്ചു. ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സിനു ചേരാനായി ഈ മഹാനഗരത്തിലുമെത്തി. വൈകാതെ ജോലിയും നേടി. ഇപ്പോള്‍ ഒരു പതിറ്റാണ്ടു കഴിയുന്നു, ഞാനീ നഗരത്തിന്റെ ഭാഗമായിട്ട്. ആദ്യം വല്യമ്മയുടെയും പിന്നെ വല്യച്ഛന്റെയും വേര്‍പാട് എന്നെ വേദനിപ്പിച്ചു.
അച്ഛനുമമ്മയും -അവരെക്കുറിച്ച് എനിക്കൊന്നുമറിയില്ല. അറിയണമെന്നു തോന്നുന്നുമില്ല. ഈ ജീവിതം ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചുതീര്‍ക്കുന്നതിലുമുണ്ട് ഒരു ഹരം. എന്റെ നഷ്ടജീവിതത്തിന്റെ തനിയാവര്‍ത്തനം സമ്മാനിക്കാന്‍ എനിക്കൊരു കുടുംബം, എന്റേതായ ഒരു കുഞ്ഞ്, അതും വേണ്ട.''
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment