Pages

Friday, April 4, 2014

മയക്കു മരുന്ന് ഉപയോഗം കർശനമായി തടയണം


മയക്കു മരുന്ന് ഉപയോഗം കർശനമായി തടയണം

വിദ്യാര്‍ഥികളെയും യുവാക്കളെയും വലയില്‍വീഴ്ത്തുന്നതിനായി ലഹരിമരുന്നുമാഫിയ എന്തുചെയ്യാനും മടിക്കില്ലെന്നാണ് അടുത്തകാലത്തുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത്. ചില മരുന്നുകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതിന് വഴിയൊരുക്കുന്നതും ഇവര്‍തന്നെ. 'പ്രൊമെത്താസിന്‍' എന്ന മരുന്ന് ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതിനാല്‍ അത്തരം മരുന്നുകളെ ലഹരിവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. മയക്കുമരുന്ന് കൈവശംവെച്ചതിന്റെപേരില്‍ പിടിയിലായ രണ്ടുപേര്‍ക്കുള്ള ശിക്ഷ ശരിവെച്ചുകൊണ്ടാണ്, കോടതി ഈ നിര്‍ദേശംനല്‍കിയത്. പ്രൊമെത്താസിന്റെ വിവിധ വ്യാപാരനാമങ്ങളിലുള്ള ആംപ്യൂളുകള്‍ പലേടത്തും കുട്ടികള്‍ക്കിടയില്‍ വ്യാപകമായി വില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സിറിഞ്ചുകളടക്കമാണ് ഇത്തരം മരുന്നുകള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും എത്തിച്ചുകൊടുക്കുന്നതത്രെ. മയക്കുമരുന്നായി വിജ്ഞാപനംചെയ്തിട്ടില്ലാത്തതിനാല്‍ ഇവയുടെ ദുരുപയോഗം ഫലപ്രദമായി തടയാന്‍ കഴിയുന്നില്ല. ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമുണ്ടാകുന്ന ദോഷം കണ്ടില്ലെന്നുനടിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്.
ഇവിടത്തെ പല സര്‍ക്കാര്‍, സ്വകാര്യ ആസ്​പത്രികളില്‍നിന്നും ഈയിനത്തില്‍പ്പെട്ട മരുന്നുകളും സിറിഞ്ചുകളും വന്‍തോതില്‍ കാണാതാകുന്നുണ്ട്. ഇവയിലധികവും മയക്കുമരുന്നുമാഫിയയുടെ കൈകളിലാണെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും മറ്റും മരുന്നുകള്‍ കുത്തിവെച്ചുകൊടുക്കുന്ന സംഘങ്ങളുമുള്ളതായാണ് സൂചന. മയക്കുമരുന്നുകള്‍ കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍വഴി രോഗങ്ങള്‍ പകരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നത് തടയുന്നതിന് കോടതി നിര്‍ദേശിച്ചതുപോലുള്ള നടപടികളെടുക്കാന്‍ വൈകിച്ചുകൂടാ. മറ്റ് ലഹരിവസ്തുക്കളുടെ വില്പനയും കേരളത്തില്‍ വ്യാപകമായിട്ടുണ്ട്. കേരളവും തമിഴ്‌നാടും മയക്കുമരുന്നു കള്ളക്കടത്തുകാരുടെ പ്രധാന താവളങ്ങളാണെന്നതിന് സൂചനകള്‍ ലഭിച്ചിരുന്നു. അടുത്തകാലത്ത് പലസ്ഥലങ്ങളില്‍നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഈരംഗത്തെ ഗൂഢസംഘങ്ങള്‍ വിപണനം വ്യാപകമാക്കുന്നതിനുപുറമേ കൂടുതലാളുകളെ മയക്കുമരുന്നിനടിമകളാക്കാനും ശ്രമിക്കുന്നു. വിദ്യാര്‍ഥികളെയും യുവാക്കളെയും അവര്‍ വലയിലാക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. പല വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും സമീപം രഹസ്യമായി മയക്കുമരുന്നുവില്പനക്കാരും അവരുടെ സഹായികളും എത്തുന്നതായി കണ്ടെത്തിയിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെയും ആയുധത്തിന്റെയും വ്യാപാരം കഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവുംവലിയ 'ബിസിനസ്സാ'ണ് മയക്കുമരുന്നു കച്ചവടം. മയക്കുമരുന്നിന്റെ ദുഷ്ഫലങ്ങള്‍ അതുപയോഗിക്കുന്നവര്‍മാത്രമല്ല അനുഭവിക്കേണ്ടിവരുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും അതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. യുവജനങ്ങള്‍ക്കിടയില്‍ ലഹരിമരുന്നുപയോഗം വ്യാപിക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തെയും സമ്പത്തിനെയും ബാധിക്കുമെന്ന് കോടതി പറഞ്ഞത് ശ്രദ്ധേയമാണ്. ഇങ്ങനെ നാശത്തിന്റെ ലഹരിയിലേക്ക് പുതുതലമുറ ആകൃഷ്ടരാകാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകതന്നെവേണം. എളുപ്പത്തില്‍ കിട്ടുമെന്നതാണ് മയക്കുമരുന്നിന്റെ പ്രചാരംകൂടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ഇത് തടയണമെങ്കില്‍ അധികൃതര്‍ ഇച്ഛാശക്തിയോടെ പരിശ്രമിക്കേണ്ടിവരും. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വില്പനക്കാരെയും ഏജന്റുമാരെയും മറ്റും കണ്ടെത്തി പിടികൂടുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റും ഇക്കാര്യത്തില്‍ അധികൃതരെ സഹായിക്കാനാവും. മയക്കുമരുന്നുവില്പന തടയാനുള്ള എളുപ്പവഴികളിലൊന്ന് അതിന്റെ ആവശ്യം കുറയ്ക്കലാണെന്ന് ഐക്യരാഷ്്ട്രസഭ ഓര്‍മിപ്പിക്കുകയുണ്ടായി. ആവശ്യം കുറയ്ക്കാന്‍ ബോധവത്കരണത്തിലൂടെയേ കഴിയൂ. യുവതലമുറയ്ക്കിടയിലാണ് ബോധവത്കരണ പരിപാടികള്‍ വ്യാപകമാക്കേണ്ടത്.
പ്രൊഫ്‌. ജോണ്‍ കുരാക്കാർ



No comments: