Pages

Friday, April 4, 2014

സുരക്ഷിതമാകട്ടെ നിരത്തുകള്‍


സുരക്ഷിതമാകട്ടെ നിരത്തുകള്‍

എം. ബഷീര്‍


നിരത്തുകളില്‍ ആരുടേയും ജീവന്‍ നഷ്ടപ്പെടാമെന്നതാണ് സ്ഥിതി. ഈ അവസ്ഥയ്ക്ക് നിയന്ത്രണം വരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ തീവ്രശ്രമം തുടങ്ങിയിരിക്കുന്നു. അത് ഏത് ദിശയിലേക്ക് നീങ്ങുന്നു -ഒരന്വേഷണം.

കര്‍ശനമായ ഇടപെടലുകള്‍ റോഡപകടനിരക്ക് കുറയുന്നു

ഏകദേശം ഒരാഴ്ച മുമ്പ്. എറണാകുളം മാധവ ഫാര്‍മസി ജങ്ഷനില്‍ ഒരു സ്വകാര്യബസ് മുമ്പേ പോയ പിക്കപ്പ് വാനിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ അതിനു മുമ്പേ പോയ ഇരുചക്രവാഹനത്തെ ഇടിച്ച് ഏകദേശം 15 മീറ്ററോളം വലിച്ചിഴച്ചു പോയി. വാഹനം നിന്നതും റോഡില്‍ വീണ ബൈക്കിനടിയില്‍ നിന്ന് ബൈക്ക് യാത്രികന്‍ ഹെല്‍മറ്റ് ഊരി റോഡിന് വശത്തേക്ക് മാറിയിരുന്നു. കണ്ടുനിന്നവര്‍ ഓടിക്കൂടി യുവാവിനടുത്തെത്തി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഹെല്‍മറ്റ് പൊട്ടിയിരുന്നു. തലയടിച്ചുവീണ യുവാവ് ഹെല്‍മറ്റ് ഉള്ളതുകൊണ്ടുമാത്രം ചെറിയ പോറലുകളോടെ രക്ഷപ്പെട്ടു. 
എറണാകുളത്ത് ഇരുചക്ര വാഹനമോടിക്കുന്നവരില്‍ ഏകദേശം എല്ലാവരും ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഏതാനും വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. മറ്റു ജില്ലകളിലാകട്ടെ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ വരവോടെ മിക്കവരും ഹെല്‍മറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇത് ഹെല്‍മറ്റിന്റെ മാത്രം കാര്യമല്ല. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് കര്‍ശനമാക്കിയതോടെ സംസ്ഥാനത്തെ റോഡപകടങ്ങളുടെ എണ്ണവും കുറഞ്ഞു വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഇക്കൊല്ലത്തേതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് ശരിയാണെന്ന്കാണാം. 
സംസ്ഥാനത്ത് ഇക്കൊല്ലം സപ്തംബര്‍ 30 വരെ 3172 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. 30676 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 19210 പേരുടെ പരിക്കുകള്‍ ഗുരുതരമായിരുന്നു. 11466 പേര്‍ക്ക് നിസ്സാര പരിക്കുമേറ്റു. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകള്‍ വെച്ചു നോക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ കുറവ് ഒരു നേട്ടമായിത്തന്നെ കണക്കാക്കാം. അതുപോലെ കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലെ കണക്കുകളും ഇക്കൊല്ലത്തെ ഇതേ മാസങ്ങളിലെ കണക്കുകളും താരതമ്യം ചെയ്താലും അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണക്കുറവ് പ്രകടമായി മനസ്സിലാക്കാനാകും. 
അപകടങ്ങള്‍ക്ക് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവുന്നതു പോലെ ചെറിയ തോതിലെങ്കിലും അപകടങ്ങളുടെ എണ്ണം കുറഞ്ഞതിനുള്ള കാരണങ്ങളും നമുക്ക് ചൂണ്ടിക്കാട്ടാനാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പായാലും പോലീസായാലും അവര്‍ നടത്തുന്ന സമീപകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുവെന്നത് ആശ്വാസകരമാണ്. അപകടത്തിന്റെയും മരണത്തിന്റെയും കണക്കുകള്‍ വന്‍തോതിലല്ല കുറയുന്നതെങ്കിലും ക്രമേണ ഇതു തുടരുമെന്നു തന്നെയാണ് കണക്കുകള്‍ നല്‍കുന്ന സൂചനകള്‍.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന 36174 റോഡപകടങ്ങളില്‍ 4286 പേരാണ് കൊല്ലപ്പെട്ടത്. 26034 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പെട്ടത് ഇരുചക്രവാഹനങ്ങള്‍ ആയിരുന്നു. 25445 ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. 3819 സ്വകാര്യ ബസ്സുകള്‍ 
അപകടത്തില്‍ പെട്ടപ്പോള്‍ 1435 കെ. എസ്. ആര്‍. ടി ബസ്സുകളും അപകടമുണ്ടാക്കി. 10365 കാറുകളാണ് 2012-ല്‍ അപകടത്തില്‍ പെട്ടത്. 
രാത്രിയിലുണ്ടായ അപകടങ്ങളുടെ മൂന്നിരട്ടി അപകടങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം പകല്‍ സമയത്തുണ്ടായത്. 27145 അപകടങ്ങള്‍ പകല്‍ സമയത്ത് നടന്നപ്പോള്‍ 9029 അപകടങ്ങള്‍ മാത്രമാണ് രാത്രിസമയങ്ങളില്‍ ഉണ്ടായത്. അലക്ഷ്യമായും അതിവേഗത്തിലും വാഹനമോടിച്ചതു തന്നെയാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമായതെന്നും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷം ഇതുവരെയും ഏറ്റവും കൂടുതല്‍ അപകടമുണ്ടായതും മരണമുണ്ടായതും തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുപിന്നില്‍ എറണാകുളവും കോഴിക്കോടും . 
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടന്ന അപകട മരണങ്ങളും ഇക്കൊല്ലം ഇതേ മാസങ്ങളില്‍ നടന്ന അപകടമരണങ്ങളുടെ കണക്കുകളും തമ്മില്‍ നല്ല വ്യത്യാസം തന്നെയുണ്ട്. 2012 ജൂണില്‍ 330 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം ജൂണില്‍ അത് 295 ആയി കുറഞ്ഞു. കഴിഞ്ഞ ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ യഥാക്രമം 328, 388, 330 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം ജൂലായ്, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ അത് യഥാക്രമം 296, 319, 321 എന്നിങ്ങനെയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ അപകടങ്ങളിലും ഇത്തരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 
അപകടത്തില്‍പ്പെടുന്നത് ഏതെങ്കിലും ഒരു വിഭാഗം വാഹനങ്ങള്‍ മാത്രമല്ല. എല്ലാത്തരം വാഹനങ്ങളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. അവയുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കുന്നു. അവയുടെ കണക്കുകളിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒപ്പം പരിശോധനകളും കര്‍ശനമായി. (Ref: Mathrubhumi)

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: