മൂത്രാശയ കല്ലുകള്‍ നീക്കം ചെയ്യാം
വേദനയും മുറിവുമില്ലാതെ
ഡോ. പോള്‍ വിന്‍സെന്റ് കണ്‍സള്‍ട്ടന്റ് യൂറോളജിസ്‌റ്റ് ആന്‍ഡ് ആഡ്രോളജിസ്‌റ്റ് മിംമ്‌സ് ഹോസ്‌പിറ്റല്‍, കോട്ടക്കല്‍
അസഹനീയമായ വേദനയാണ് മൂത്രാശയ കല്ലിന്റെ ഏറ്റവും വലിയ ദുരിതം. കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സ്‌ട്രുവൈറ്റ്, സിസ്‌റ്റിന്‍ തുടങ്ങിയ രാസഘടകങ്ങളാണ് കിഡ്‌നി - മൂത്രാശയ കല്ലുകളുണ്ടാകാന്‍ പ്രധാന കാരണം.
മനുഷ്യ ജീവിതത്തെ ഏറ്റവും ദുസഹമാക്കുന്ന രോഗാവസ്‌ഥകളിലൊന്നാണ് കിഡ്‌നി - മൂത്രാശയം എന്നീ ശരീരഭാഗങ്ങളില്‍ രൂപപ്പെടുന്ന കല്ലുകള്‍. അസഹനീയമായ വേദനയാണ് ഇതിന്റെ ഏറ്റവും വലിയ ദുരിതം. കാത്സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സ്‌ട്രുവൈറ്റ്, സിസ്‌റ്റിന്‍ തുടങ്ങിയ രാസഘടകങ്ങളാണ് കിഡ്‌നി - മൂത്രാശയ കല്ലുകളുണ്ടാകാന്‍ പ്രധാന കാരണം. കുറച്ചു മാത്രം വെള്ളം കുടിക്കുന്നവരിലും ചൂട് കൂടിയ സാഹചര്യങ്ങളില്‍ അധികനേരം ജോലി ചെയ്യുന്നവരിലും ഈ രോഗത്തിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ഇതുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് കിഡിനി മൂത്രാശയ കല്ല് കൂടുതലായി കാണപ്പെടുന്നത്.
കഠിനമായ വേദനയാണ് രോഗത്തിന്റെ പ്രത്യേകത. മൂത്രമൊഴിക്കുമ്പോഴും ശരീരം ചലിക്കുമ്പോഴും അസഹനീയമായ വേദന അനുഭവപ്പെടുന്നു. എത്രയും പെട്ടെന്നുള്ള ശസ്‌ത്രക്രിയയാണ് പ്രധാനമായും രോഗത്തിന് പ്രതിവിധിയായി നിര്‍ദേശിക്കുന്നത്. ശരീരം കീറിമുറിക്കേണ്ടിവരും എന്നതിന് പുറമേ രക്‌തനഷ്‌ടവും ദിവസങ്ങളോളമുള്ള ആശുപത്രിവാസവും വിശ്രമവുമെല്ലാം ശസ്‌ത്രക്രിയയെ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റും. ഇതിന് പുറമേ ഹൃദ്രോഗമുള്ളവര്‍, രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, അമിത ഭാരമുള്ളവര്‍, രക്‌തം കട്ടപിടിക്കാത്തവര്‍, കിഡ്‌നി സ്‌ഥാനം തെറ്റി സ്‌ഥിതിചെയ്യുന്നവര്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ശസ്‌ത്രക്രിയ സങ്കീര്‍ണമാകുവാനുമിടയുണ്ട്.
ആധുനിക ചികിത്സ
മൂത്രത്തില്‍ കല്ല് സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പി ആന്‍ഡ് ലേസര്‍ എന്ന ആധുനിക ചികിത്സാ രീതിയുടെ പ്രാധാന്യം. കിഡ്‌നിയിലോ മൂത്രനാളിയിലോ ഉള്ള കല്ല് തികച്ചും സുരക്ഷിതമായി നീക്കം ചെയ്യുവാന്‍ സാധിക്കുന്ന ആധുനിക സംവിധാനമാണിത്. കല്ലിന്റെ സ്‌ഥാനം കൃത്യമായി നിര്‍ണയിച്ചശേഷം ലേസര്‍ ഉപയോഗിച്ച് കല്ല് പൊടിച്ച് കളയുകയും ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പിയുടെ സഹായത്താല്‍ പുറത്തെടുക്കുകയും ചെയ്യുന്ന രീതിയാണിവിടെ സ്വീകരിക്കുന്നത്.രോഗിയെ മയക്കിയ ശേഷം മൂത്രനാളി വഴി കല്ലുവരെ ഒരു ചെറിയ ട്യൂബ് ഇടുന്നു. മൂത്രനാളിയിലൂടെ ഇടുന്നതായതിനാല്‍ ശരീരത്തില്‍ മുറിവുണ്ടാക്കേണ്ടി വരുന്നില്ല. ഈ ട്യൂബിലൂടെ കടത്തിവിടുന്ന ലേസര്‍ രശ്‌മികള്‍ ഉപയോഗിച്ച് കല്ല് പൊടിച്ചുകളയുകയും ട്യൂബു വഴിതന്നെ പുറത്തേക്ക് എടുക്കുകയും ചെയ്യുന്നു. കിഡ്‌നിയിലോ അല്ലെങ്കില്‍ മൂത്രനാളിയിലോ ഉള്ള രണ്ടര സെന്റീമീറ്ററോ അതില്‍ കുറവോ വലുപ്പമുള്ള കല്ലുകള്‍ക്കാണ്‌് ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പി ആന്‍ഡ് ലേസര്‍ പ്രധാനമായും ആവശ്യമായി വരുന്നത്.
കിഡ്‌നി സ്‌റ്റോണ്‍ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയയെ അപേക്ഷിച്ച് ഫ്‌ളക്‌സിബിള്‍ യൂറിേട്രാസ്‌കോപ്പി ആന്‍ഡ് ലേസറിന് അനേക ഗുണഫലങ്ങളുണ്ട്. ആശുപത്രിവാസവും വിശ്രമവും വളരെ കുറച്ച് മാത്രം മതി. അതിനാല്‍ വിദേശത്തുനിന്നു വരുന്നവര്‍ക്കും കുറച്ച് ദിവസത്തെ അവധിയുള്ളവര്‍ക്കും അനുയോജ്യമായ ചികിത്സാരീതിയാണിത്. ശരീരത്തില്‍ മുറിവുകളുണ്ടാവുന്നില്ല എന്നതും രക്‌ത നഷ്‌ടമുണ്ടാകുന്നില്ല എന്നതും ഈ ചികിത്സാരീതിയുടെ ആകര്‍ഷണമാണ്.
സാധാരണ ശസ്‌ത്രക്രിയ സങ്കീര്‍ണമാകാനിടയുള്ള ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍, അമിത ഭാരമുള്ളവര്‍, കിഡ്‌നി സ്‌ഥാനം തെറ്റി സ്‌ഥിതിചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കും ഈ സംവിധാനം ഉപകാരപ്രദമാകുന്നു.
ഈ ചികിത്സ കഴിഞ്ഞാല്‍ എപ്പോള്‍ മുതല്‍ ജോലിക്ക് പോയി തുടങ്ങാം എന്നതാണ് പ്രധാനമായും വ്യക്‌തികള്‍ക്കുണ്ടാകുന്ന സംശയം. സാധാരണഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അത് കഴിഞ്ഞാല്‍ പിറ്റേദിവസം വീട്ടിലേക്ക് മടങ്ങാം. വീട്ടില്‍ മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞാല്‍ പതിവുപോലെ ജോലിക്ക് പോയി തുടങ്ങാവുന്നതാണ്.
എന്തുകൊണ്ട് ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പി
മറ്റ് ചികിത്സാ രീതികളും ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പി ആന്‍ഡ് ലേസറും കിഡ്‌നിക്ക് പുറത്തുവച്ച് കല്ല് പൊടിച്ചെടുക്കുന്ന ഇ.എസ്.ഡബ്‌ളിയൂ.എല്‍ എന്ന ചികിത്സാ രീതിയും താക്കോല്‍ദ്വാര ശസ്‌ത്രക്രിയയായ പി.സി.എന്‍.എല്‍ രീതിയുമാണ് സാധാരണ കിഡ്‌നി - മൂത്രാശയ കല്ലിനുള്ള ചികിത്സാ രീതിയായി സ്വീകരിച്ച് വരാറുള്ളത്. ഈ രണ്ട് രീതികളെക്കാളും സുരക്ഷിതവും അനുയോജ്യവുമായത് ഫ്‌ളക്‌സിബിള്‍ യൂറിട്രോസ്‌കോപ്പി ആന്‍ഡ് ലേസര്‍ തന്നെയാണ്.കിഡ്‌നിക്ക് പുറത്തുച്ചുവച്ച് കല്ല് പൊടിച്ചെടുക്കുന്ന രീതിയില്‍ പൂര്‍ണമായും പൊടിഞ്ഞ് പുറത്ത് വരണമെന്നില്ല. മാത്രമല്ല കല്ല് പുറത്തുവരുന്ന അവസരങ്ങളില്‍ മൂത്രനാളിയില്‍ വേദനയുണ്ടാകുവാനും സാധ്യതയുണ്ട്. ഇതിന് പുറമേ എക്‌സ്റേയില്‍ കാണാത്ത കല്ലാണെങ്കില്‍ ഈ രീതി ഫലപ്രദമാകില്ല.
താക്കോല്‍ദ്വാര ശസ്‌ത്രക്രിയ അവലംബിക്കുമ്പോള്‍ രക്‌തസ്രാവത്തിനുള്ള സാധ്യതയുമുണ്ട്. 4 - 5 ദിവസത്തെ ആശുപത്രി വാസം വേണ്ടിവരും എന്നതും ഈ രീതിയുടെ ന്യൂനതയാണ്. ആശുപത്രി വിട്ടുകഴിഞ്ഞാലും മൂന്നോ നാലോ ആഴ്‌ചത്തെ വിശ്രമം ആവശ്യമായി വരാറുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment