നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും ബാല്യത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് സുരാജ് ഓർത്തെടുക്കുന്നു. ''ചെറുപ്രായത്തിൽ തന്നെ ഞാൻ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. മിലിട്ടറിയിലായിരുന്ന അച്ഛൻ നേരത്തേ പെൻഷനായി. ആ ചെറിയ വരുമാനം മാത്രമായിരുന്നു ഞങ്ങളുടെ ഏക ആശ്രയം. അതിൽ നിന്ന് വേണം എല്ലാക്കാര്യങ്ങളും ചെയ്യാൻ. ഓണത്തിന് ഒരു ഡ്രസ് വാങ്ങിത്തരും. അടുത്ത ഒരു വർഷം ആ ഒറ്റ ഡ്രസ് കൊണ്ട് തള്ളിനീക്കണം. ബന്ധുക്കളുടെ കല്യാണം നടക്കാൻ പ്രാർത്ഥിക്കും. കല്യാണവീട്ടിൽ പോയി നിന്നാൽ തുണിയെടുത്തു തരും എന്നതായിരുന്നു കാരണം. അന്നൊന്നും ധൂർത്തടിക്കാൻ കാശില്ലായിരുന്നു. അതുകൊണ്ടുതന്നെ നല്ല വസ്ത്രങ്ങളോടൊക്കെ വല്ലാത്ത മോഹമാണ്. ഓണത്തിന് കിട്ടുന്ന വസ്ത്രവും ധരിച്ച് കൂട്ടുകാർക്ക് മുന്നിൽ ഗമ കാണിക്കലൊക്കെയായിരുന്നു അന്നത്തെ വിനോദം. അതൊരു സന്തോഷമായിരുന്നു.""
അഭിനയം പ്രശസ്തി സമ്മാനിക്കുന്നതിന് മുമ്പ് ജീവിതവഴി കാട്ടിയ മിമിക്രിയെയും സുരാജ് മറക്കുന്നില്ല. ''മിമിക്രിക്ക് പോയി തുടങ്ങിയതോടെ എന്റെ ആവശ്യങ്ങളെല്ലാം കഷ്ടിച്ച് നടന്നുപോകുമെന്ന സ്ഥിതിയായി. വസ്ത്രങ്ങളൊന്നും അധികമായി വാങ്ങാൻ എനിക്കിന്നും ഇഷ്ടമല്ല. ഇന്ന് എന്റെ മകന് എത്ര ജോടി ഡ്രസുണ്ടെന്ന് നോക്കിയാൽ ഞെട്ടിപ്പോകും. അവർ നിമിഷനേരം കൊണ്ട് ഓരോ വസ്ത്രം മാറ്റുന്നത് അദ്ഭുതത്തോടെയാണ് ഞാൻ നോക്കികാണുന്നത്. പണ്ട് ഞങ്ങൾക്ക് വീട്ടിലിടാനും നാട്ടിലിടാനുമൊക്കെ ഒരു വസ്ത്രമേ ഉണ്ടാകൂ. വീട്ടിൽ നിൽക്കുമ്പോൾ മിക്കവാറും `പൊത്ത നിക്കറോ' മറ്റോ ആയിരിക്കും വേഷം. ഇന്ന് വസ്ത്രം വാങ്ങുന്നതിന് ഓണമെന്നോ വിഷുവെന്നോ നോക്കാറില്ല. ഇന്നത്തെ തലമുറ അക്കാര്യത്തിൽ ഭാഗ്യവാൻമാരാണ്.""
പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഒരു മിമിക്രി കാലത്തിന്റെ ഓർമ്മകൾ ഇനിയും ഏറെയുണ്ട് സുരാജിന്.''ഞങ്ങളുടെ തലമുറ അനുഭവിച്ച കഷ്ടപ്പാടൊന്നും ഇന്ന് ആർക്കുമുണ്ടാകില്ല. മിമിക്രിയുമായി പല സ്ഥലങ്ങളിലും കറങ്ങി നടക്കുമ്പോൾ ശരിക്കും ദുരിതം അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് പലപ്പോഴും പട്ടിണി ദിനങ്ങളായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും പരിപാടികൾക്ക് പോകേണ്ടിയിരുന്നു. ഇന്നത്തേത് പോലെ കടകളൊന്നും അന്നില്ല. ഒരു ജംഗ്ഷനിൽ ഒരു കട ഉണ്ടായാൽ ഭാഗ്യം. നാട്ടിൻപുറങ്ങളിലെ ഒറ്റപ്പെട്ട കടകളാണെങ്കിൽ ഓണമായതു കാരണം തുറക്കുകയുമില്ല. എന്റെ ട്രൂപ്പിലുണ്ടായിരുന്ന പതിന്നാല് പേരും പട്ടിണിയായ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാം കഴിഞ്ഞ് കമ്മറ്റിക്കാരുടെ വക ചോറും പുളിച്ച സാമ്പാറും കിട്ടും. ഓണമായാലും ക്രിസ്മസായാലും വൈകിക്കിട്ടുന്ന ആ ചോറിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.""എന്തൊക്കെ സൗഭാഗ്യങ്ങൾ ജീവിതത്തിലേക്ക് വന്നാലും സ്നേഹത്തിനും നന്മയ്ക്കും തന്നെയാണ് ജീവിതത്തിൽ വിലയെന്ന് സുരാജ് സാക്ഷ്യപ്പെടുത്തുന്നു.''അതേസമയം എന്റെ തലമുറയാണ് ശരിക്കും ഭാഗ്യം ചെയ്തവരെന്ന് ഞാൻ പറയും. കാരണം രണ്ട് തലമുറയെ പുറമേ നിന്ന് നോക്കി കാണാൻ ഞങ്ങൾക്ക് സാധിച്ചു. സ്നേഹത്തിനും ബന്ധങ്ങൾക്കും വില കല്പിച്ചിരുന്ന പഴയ കാലവും, മൊബൈലും കമ്പ്യൂട്ടറും നിറഞ്ഞ് തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോകുന്ന ഇന്നത്തെ തലമുറയും. ഇന്നത്തെ കുട്ടികൾ ജനിച്ചുവീഴുന്നത് തന്നെ മൊബൈലിന്റെ പുറത്താണ്. എനിക്കിന്നും പല മൊബൈലുകളുടെയും പ്രവർത്തനങ്ങൾ എങ്ങനെയെന്നറിയില്ല. പക്ഷേ എന്റെ മകൻ അതിൽ എക്സ്പേർട്ടാണ്. ഞങ്ങളുടെ തലമുറ ചിന്തിച്ച് തീരുന്നിടത്ത് നിന്നാണ് ഇന്നത്തെ തലമുറ ചിന്തിച്ച് തുടങ്ങുന്നത്.""
പ്രൊഫ്. ജോണ് കുരാക്കാർ

No comments:
Post a Comment