Pages

Saturday, March 15, 2014

ഫ്‌ളക്‌സുംപരിസ്‌ഥിതി നാശവും

ഫ്ളക്സുംപരിസ്ഥിതി നാശവും
            കേരളത്തിൽ എവിടെ നോക്കിയാലും ഫ്‌ളക്‌സിന്റെ  അതിപ്രസരമാണ് .പരിസ്ഥിതി നാശത്തിന്റെ ആണികല്ലായിഫ്‌ളക്‌സു  മാറിയിരിക്കുകയാണ് .തുണിയില്‍ ബാനര്‍ എഴുതി വലിച്ചുകെട്ടിയ തെരഞ്ഞെടുപ്പു കാലം പോയ്‌മറഞ്ഞു. കഞ്ഞിപ്പശയില്‍ നീലം കലക്കി കുമ്മായംപൂശിയ ചുവരുകളില്‍ എഴുതിയിരുന്നതും കാലം മായ്‌ച്ചുകളഞ്ഞു. പരമ്പരാഗതമായ തെരഞ്ഞെടുപ്പു പ്രചാരണപ്രതലങ്ങളായിരുന്നു ഇവയെല്ലാം. ഒഴിഞ്ഞ മതിലുകളും ചുവരുകളും കുറവാണ്‌. ബാനറെഴുതാനാണെങ്കില്‍ ആളുമില്ല. പോരാത്തതിനും ചെലവുമേറും. പ്രചാരണത്തിനു വഴികള്‍ പലതും പരീക്ഷിച്ചുകഴിഞ്ഞെങ്കിലും ഫ്‌ളക്‌സിനോട്‌ പ്രിയമേറാന്‍ കാരണമിതൊക്കെയാണ്‌. ബഹുവര്‍ണങ്ങളില്‍ സിനിമാ പോസ്‌റ്ററുകളെപ്പോലും വെല്ലുന്നവിധം നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഫ്‌ളക്‌സുകള്‍ നിറയുകയാണിപ്പോള്‍. മരണം, വിവാഹം, അടിയന്തരം, സ്വാഗതം, സമ്മേളനം, ആഘോഷങ്ങള്‍ ഇതിനൊക്കെ ഫ്‌ളക്‌സുകള്‍ വേണമെങ്കിലും നാടിന്റെ വികസനത്തിന്‌ പണം ചെലവിട്ട എം.പി, എം.എല്‍.എ, തദ്ദേശസ്‌ഥാപന അംഗം എന്നിവര്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ടുള്ള ഫ്‌ളക്‌സുകളെ തട്ടിയിട്ടു നടക്കാനാവില്ലെന്ന സ്‌ഥിതിയാണ്‌. ഫ്‌ളക്‌സില്ലായിരുന്നെങ്കില്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നാട്ടുകാരെ അറിയിക്കും! വികസന ഫ്‌ളക്‌സുകള്‍ ഇറങ്ങിയാല്‍ ആരോപണ പ്രത്യാരോപണ ഫ്‌ളക്‌സുകളും ഇറങ്ങുകയായി. അങ്ങനെ സര്‍വം ഫ്‌ളക്‌സുമയം.
                 തെരഞ്ഞെടുപ്പുകാലമായതോടെ ഇനിയങ്ങോട്ട്‌ പറയുകയും വേണ്ട. ഇത്രനാള്‍ കണ്ടതുപോലെയാവില്ല. തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെലവ്‌ പരിധി 70 ലക്ഷമാക്കി കൂട്ടിയതുകൊണ്ട്‌ ധാരാളിത്തം കൂടും. വഴിനീളെ ബാനറുകളും ബോര്‍ഡും നിറയും. ഫ്‌ളക്‌സുകാര്‍ക്കിതു സുവര്‍ണകാലം. വലിയ ചെലവില്ലാതെ വളരെവേഗം അച്ചടിച്ചിറക്കാന്‍ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രസക്‌തികൂട്ടുന്നത്‌. ഇതു വഴിനീളെ സ്‌ഥാപിക്കാന്‍ കരാര്‍ ഏര്‍പ്പെടുത്തി നല്‍കിയാല്‍ ഇരുട്ടിവെളുക്കുമ്പോള്‍ നാടിന്റെ വികസന നായകനെ ഓരോരുത്തര്‍ക്കും കണ്ടുണരാം. തലേന്നുകണ്ട കവലകള്‍ പുലരുമ്പോള്‍ അമ്പരപ്പിക്കുന്ന അവകാശവാദങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കും.ഫ്‌ളക്‌സിന്റെ അമിത ഉപയോഗം നിയന്ത്രിക്കേണ്ടതു പരിസ്‌ഥിതിയുടെ ആവശ്യമാണ്‌. ഉപയോഗശേഷം നീക്കം ചെയ്ായതെ കിടക്കുന്ന ഫ്‌ളക്‌സുകള്‍ വലിയ പൊല്ലാപ്പുതന്നെയാണ്‌. പാടത്തും പറമ്പിലും തോട്ടിലും പുഴയിലും വലിച്ചെറിഞ്ഞു പരിസ്‌ഥിതിയെ നശിപ്പിക്കുന്നതും പതിവുകാഴ്‌ച. ഈ പ്രവണതയ്‌ക്കു കടിഞ്ഞാണിടണം. നിശ്‌ചിത കാലം മാത്രമേ ഒരു ഫ്‌ളക്‌സിനു അനുമതി നല്‍കാവൂ. അതിനുശേഷം അവ സ്‌ഥാപിച്ചവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിക്കണം. അല്ലെങ്കില്‍ അതു സ്‌ഥാപിക്കാന്‍ മുന്‍കൂര്‍ പണം ഈടാക്കണം. സമയപരിധി കഴിയുമ്പോള്‍ അധികൃതര്‍തന്നെ നീക്കം ചെയ്യണം. ചുറ്റും നോക്കിയാല്‍ എങ്ങും എക്‌സ്‌പയറി കഴിഞ്ഞ ഫ്‌ളക്‌സുകളുടെ നീണ്ട നിരതന്നെ കാണാനാകും.

               വേഗമേറിയ ജീവിതകാലത്ത്‌ ഫ്‌ളക്‌സിനെ തള്ളിക്കളയാന്‍ ആവില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇതിനായി ലക്ഷങ്ങള്‍ മുതല്‍ മുടക്കി സ്വയം തൊഴില്‍ കണ്ടെത്തി ഉപജീവനം നടത്തുന്നവര്‍ ഒട്ടേറെയാണ്‌. വായ്‌പയെടുത്തും പണ്ടങ്ങള്‍ പണയുംവച്ചുമൊക്കെയാണു പലരും ഈ തൊഴിലിലേക്ക്‌ ഇറങ്ങിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഫ്‌ളക്‌സുകളുടെ നിരോധനം അപ്രായോഗികമാണ്‌. എന്നാല്‍, അമിതമായ ഫ്‌ളക്‌സ്‌ ഉപയോഗം നിയന്ത്രിക്കാനാകും.റോഡുകളില്‍ വാഹനയാത്രികരുടെ ദൃഷ്‌ടി മറയ്‌ക്കുംവിധം എത്രയോ ഫ്‌ളക്‌സുകള്‍ സ്‌ഥാപിച്ചിരിക്കുന്നു. റോഡിന്റെ മീഡിയനുകള്‍ പോലും ഇത്തരം ബോര്‍ഡുകള്‍ കവര്‍ന്നെടുക്കുന്നു. ഇതുമൂലം ഒട്ടനവധി വാഹനാപകടങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. നടപ്പാതകളില്‍ നടക്കാനിടമില്ലാതെയാകുന്നു. വഴിയരികിലെ പോസ്‌റ്റുകളില്‍ അലക്ഷ്യമായി സ്‌ഥാപിച്ചവ എത്രയോ പേരുടെ തല തകര്‍ത്തിരിക്കുന്നു. കാറ്റത്തും മഴയത്തും വഴിയില്‍ വീണ ഫ്‌ളക്‌സുകള്‍ ഇരുട്ടിന്റെ മറവില്‍ എത്രയോ ദുരന്തങ്ങളുണ്ടാക്കി. ഇതിനെല്ലാമാണ്‌ അറുതിവരേണ്ടത്‌.തെരഞ്ഞെടുപ്പു പ്രചാരണം ആകര്‍ഷകമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കുറിയും ഫ്‌ളക്‌സുകളുടെ പ്രളയം തന്നെ നിരത്തുകളിലുണ്ടാകും. രാഷ്‌ട്രീയക്കാര്‍ വിവിധ അവകാശവാദങ്ങള്‍ ഉന്നയിച്ച്‌ സ്‌ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ വരണാധികാരികള്‍ ഉത്തരവിട്ടത്‌ സ്വാഗതാര്‍ഹമാണ്‌.പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള തുണിബോര്‍ഡുകള്‍  സ്ഥാപിക്കാൻ  രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു വരണം .

                                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: