Pages

Saturday, March 29, 2014

പ്രൊഫ്‌.ടി.ജെ. ജോസഫിന്റെ ജീവിതപാതയില് ‍ വഴിത്തിരിവായ വെള്ളിയാഴ്‌ച

പ്രൊഫ്‌.ടി.ജെ. ജോസഫിന്റെ ജീവിതപാതയില്
വഴിത്തിരിവായ വെള്ളിയാഴ്

mangalam malayalam online newspaperപ്രൊഫ്‌.ടി.ജെ. ജോസഫിന്റെ ജീവിതപാതയില്‍ കാല്‍തെറ്റിയതും പുതിയ വഴിത്തിരിവായതും വെള്ളിയാഴ്‌ച്ച. ചോദ്യപേപ്പര്‍ വിവാദമായതോടെ തൊടുപുഴ കലാപഭൂമിയായി മാറിയതു വെള്ളിയാഴ്‌ചയായിരുന്നു. മറ്റൊരു വെള്ളിയാഴ്‌ച അതേ കോളജില്‍ അധ്യാപകനായി ടി.ജെ. ജോസഫ്‌ തിരിച്ചെത്തിയതു വിധി വൈപരീത്യം. 2010 മാര്‍ച്ച്‌ 23നു കോളജില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണു വിവാദമായത്‌.
ഇത്‌ പുറത്തുവരുന്നത്‌ 25 ന്‌ രാത്രിയിലാണ്‌. 26 ന്‌ വെള്ളിയാഴ്‌ച നഗരം മുഴുവന്‍ പ്രതിഷേധം അലയടിച്ചു. കോളജ്‌ ആക്രമിക്കപ്പെട്ടു. നഗരത്തിലെ കടകളും ഒരു വിഭാഗം തല്ലിത്തകര്‍ത്തു. അക്രമം കലാപമായി മാറുന്നതില്‍ നിന്ന്‌ തലനാരിഴയ്‌ക്കാണ്‌ അന്ന്‌ രക്ഷപെട്ടത്‌. ഇതോടെ ടി.ജെ. ജോസഫിന്റെ ജാതകവും മാറി. ഇദ്ദേഹം അറസ്‌റ്റിലായി.അക്രമികള്‍ കൈവെട്ടി മാറ്റിയതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറി. നീണ്ട നാലുവര്‍ഷത്തിനുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ടി.ജെ. ജോസഫ്‌ ന്യൂമാന്‍ കോളജില്‍ എത്തുമ്പോള്‍ പരിസരം തികച്ചും ശാന്തമായിരുന്നു. മുറിവുണങ്ങിയെങ്കിലും പോലീസ്‌ സര്‍വസന്നാഹവും ഒരുക്കിയിരുന്നു.
ടി.ജെ. ജോസഫിന്റെ കൈവെട്ടിയപ്പോള്‍ അന്നു മൂവാറ്റുപുഴയിലായിരുന്നു ഇപ്പോഴത്തെ തൊടുപുഴ ഡിവൈ.എസ്‌.പി. സാബു മാത്യു. അദ്ദേഹത്തിനു തന്നെയായിരുന്നു ഇന്നലെയും സുരക്ഷാ ചുമതല. ഇരുവരും കണ്ടുമുട്ടിയതും സൗഹൃദം പങ്കിട്ടതും മറ്റൊരു അനുഭവമായി. കലാലയത്തിലൂടെ നടന്നും കാന്റീനില്‍നിന്നു ചായകുടിച്ചും ഒരിക്കല്‍കൂടി അദ്ദേഹം ഓര്‍മകള്‍ പങ്കുവച്ചു. അക്രമികള്‍ കൈവെട്ടിയപ്പോള്‍ സഹോദരി സിസ്‌റ്റര്‍ മാരിസ്‌ സ്‌റ്റെല്ല ഒപ്പമുണ്ടായിരുന്നു. ഇന്നലെ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഇവര്‍ അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. 29 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ രണ്ടുവര്‍ഷം മാത്രമാണ്‌ ന്യൂമാന്‍ കോളജില്‍ സേവനമനുഷ്‌ഠിച്ചത്‌.
മുരിക്കാശേരി പാവനാത്മാ കോളജില്‍ എട്ടുവര്‍ഷവും, മൂവാറ്റുപുഴ നിര്‍മലാ കോളജില്‍ 15 വര്‍ഷവും അധ്യാപകനായിരുന്നു. ചികിത്സയും മറ്റും കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തിരുന്നു. ജോലി തിരികെ കിട്ടുക എന്നതു മാത്രമായിരുന്നു ഇവരുടെ ഏക പ്രതീക്ഷ. ഇതു വൈകിയത്‌ ഇവരെ തകര്‍ത്തെങ്കിലും പതറാത്ത മനസുമായാണ്‌ അദ്ദേഹം വീണ്ടും ന്യൂമാന്റെ പടികയറിയത്‌. വിധി മറ്റൊരു വെള്ളിയാഴ്‌ച ഇതിനായി മാറ്റിവച്ചപ്പോള്‍ അവസാനിക്കുന്നത്‌ ചോദ്യ പേപ്പര്‍ വിവാദവും കൈവെട്ടുകേസും അതു തകര്‍ത്ത ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല്‌ ദുരന്തവര്‍ഷങ്ങളുമാണ്‌.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ


No comments: