Pages

Monday, March 10, 2014

നൂറ് വയസ്സ് കടന്ന വോട്ടർമാർക്ക് കളക്ടരുടെ ആദരവ്

നൂറ് വയസ്സ് കടന്ന വോട്ടർമാർക്ക്   കളക്ടരുടെ  ആദരവ്

തിരഞ്ഞെടുപ്പിന്റെ ആരവം ഗോവിന്ദപ്പിള്ളയുടെ പ്രായം നന്നേ കുറയ്ക്കും. 106-ാം വയസ്സിന്റെ അവശതകള്‍ മറന്ന് പോളിങ് ബൂത്തിലേക്ക് ചുവടുവയ്ക്കാന്‍ മുഖത്തല തൃക്കോവില്‍വട്ടം പാലമൂട്ടില്‍ വീട്ടില്‍ ഗോവിന്ദപ്പിള്ളയ്ക്ക് ഊര്‍ജം പകരുന്നത് വോട്ട് രേഖപ്പെടുത്താനുള്ള ആവേശം ഒന്നുമാത്രം.ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടെ ഡ്രൈവറായിരുന്നു ഗോവിന്ദപ്പിള്ള. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ആദരവായി കൊല്ലം കളക്ടര്‍ പ്രണബ് ജ്യോതിനാഥിന്റെ ഭവനസന്ദര്‍ശനം. പഴയ തിരഞ്ഞെടുപ്പ് കാലങ്ങളുടെ ആവേശം ഇപ്പോഴും മനസ്സില്‍ പേറുന്ന ഗോവിന്ദപ്പിള്ളയെ പുതുതലമുറ മാതൃകയാക്കണമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. വീടിനടുത്തുള്ള എന്‍.എസ്.എസ്. യു.പി.സ്‌കൂളിലെ ബൂത്തിലേക്ക് ഇത്തവണയും കാല്‍നടയായി പോയി വോട്ട് ചെയ്യുമെന്ന് ഗോവിന്ദപ്പിള്ള കളക്ടറോട് പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനവും കളക്ടര്‍ വിശദീകരിച്ചു. പട്ടത്താനം അമ്മന്‍നഗര്‍ ജോയിമന്ദിരത്തില്‍ 103 വയസ്സുള്ള വോട്ടര്‍ തോമസിനും കളക്ടറുടെ സന്ദര്‍ശനം ആവേശമായി. പത്തനാപുരം മറവംവയല്‍ ചാവറുകുന്ന് വീട്ടില്‍ 110 വയസ്സുള്ള പാത്തുമുത്തുവും കളക്ടര്‍ സന്ദര്‍ശിച്ച മുതിര്‍ന്ന വോട്ടര്‍മാരില്‍പ്പെടുന്നു.

മുഖത്തല, കണ്ണനല്ലൂര്‍, പൂയപ്പള്ളി, ആയൂര്‍, അഞ്ചല്‍, പുത്തയം, കരുകോണ്‍, അലയമണ്‍, കരവാളൂര്‍, പുനലൂര്‍, പിറവന്തൂര്‍, തെന്മല, റോസ്മല, ചെമ്പനരുവി തുടങ്ങിയ പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളും കളക്ടര്‍ സന്ദര്‍ശിച്ചു. ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഹരി എസ്.നായര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു. 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: