Pages

Monday, February 3, 2014

പേപ്പട്ടികൾ കേരളത്തെ വിറപ്പിക്കുന്നു

പേപ്പട്ടികകേരളത്തെ
 വിറപ്പിക്കുന്നു
          പേപ്പട്ടികളും തെരുവുനായ്ക്കളും കേരളത്തെ നടുക്കുന്നു. അടുത്തിടെ രണ്ടു ജീവനാണ്‌ അവ കോമ്പല്ലില്‍ കോര്‍ത്തെടുത്തത്‌. മുമ്പും തെരുവുനായ്‌ക്കള്‍ പ്രശ്‌നമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അത്ര രൂക്ഷമായിരുന്നില്ല. തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ്‌ ആശുപത്രികളില്‍ കഴിയുന്നവരും ഒട്ടേറെയാണ്‌. കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയ പുനലൂര്‍ കരവാളൂര്‍ ചെമ്പക്കര ലക്ഷ്‌മി വിലാസത്തില്‍ വേണുഗോപാല്‍ (60) ആണ്‌ പേവിഷ ബാധയുടെ ഏറ്റവും ഒടുവിലത്തെ ഇര. കഴിഞ്ഞ 25 നു ബാലരാമപുരം ചെറിയകോണം ചാനല്‍ക്കര വീട്ടില്‍ മാഹിന്‍ എന്ന നാല്‍പതുകാരന്‍ മരിച്ചതും പേവിഷബാധമൂലമായിരുന്നു. കൊച്ചിയിലും കൊട്ടാരക്കരയിലും  പുനലൂരും ഓയൂരുമൊക്കെ പേപ്പട്ടികൾ  പെരുകിയിരിക്കുകയാണ്
              കൊച്ചിയില്‍ നായ്‌ശല്യം വര്‍ധിച്ചു കഴിഞ്ഞു. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളായ എളങ്കുന്നപ്പുഴ, ഞാറക്കല്‍ എന്നിവിടങ്ങളിലെ തെരുവുകള്‍ അക്ഷരാര്‍ഥത്തില്‍ വാഴുന്നതു നായ്‌ക്കളാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ക്ക്‌ ഇവിടെ കടിയേറ്റു. ചേരാനല്ലൂരില്‍ പട്ടികളെ പേടിച്ചു പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണു നാട്ടുകാര്‍. നഗരഹൃദയമായ എം.ജി. റോഡിനടുത്തു ചിറ്റൂരിലും സ്‌ഥിതി ഭിന്നമല്ല. ബസിറങ്ങി വീട്ടിലേക്കു പോകുംവഴിയാണു ചേരാനല്ലൂരില്‍ വീട്ടമ്മയെ തെരുവുനായ്‌ക്കള്‍ കടിച്ചുവലിച്ചിഴച്ചത്‌. എറണാകുളത്തു വീട്ടമ്മയുടെ പെരുവിരല്‍ പേപ്പട്ടി കടിച്ചുപറിച്ചെടുത്ത സംഭവവും ഉണ്ടായി.
തെരുവുനായ്‌ക്കളെ കൊന്നുകളയണോ സംരക്ഷിക്കണോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സംരക്ഷിക്കണമെന്ന വാദമുയര്‍ത്തി നിയമപോരാട്ടം നടത്തുന്ന സംഘടനകളും ധാരാളം. മൃഗസംരക്ഷണസംഘടനകളാണു തെരുവുനായ്‌ക്കളെ കൊല്ലരുതെന്നു വാദിക്കുന്നവര്‍. തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കണമെന്നാണ്‌ ഇവരുടെ വാദം. വന്ധ്യംകരണം മൂലം അവ പെറ്റുപെരുകില്ലെന്നും അതോടെ ഇല്ലാതാകുമെന്നും മൃഗസംരക്ഷണസംഘടനകള്‍ അഭിപ്രായപ്പെടുന്നു.
               പ്രിവന്‍ഷ്യന്‍ ഓഫ്‌ ക്രൂവല്‍ട്ടി എഗന്‍സ്‌റ്റ്‌ അനിമല്‍സ്‌ (പി.സി.എ. ആക്‌ട്‌ 1969) പ്രകാരം തെരുവുനായ്‌ക്കളെ കൊല്ലാന്‍ അവകാശമില്ല. കൊന്നവര്‍ ശിക്ഷാര്‍ഹരാണ്‌. ഇതേത്തുടര്‍ന്നാണു നഗരസഭകളും പഞ്ചായത്തുകളും തെരുവുനായ്‌ക്കളെ കൊല്ലുന്നതു നിര്‍ത്തിയത്‌. അനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ (എ.ബി.സി.) പദ്ധതി പ്രകാരം വന്ധ്യംകരണം ചെയ്‌ത്‌ ഇവയെ സംരക്ഷിക്കണമെന്നു നിയമം അനുശാസിക്കുന്നു. എന്നാല്‍, ഇതു ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട ഫണ്ട്‌ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്ധ്യംകരണം ആരു നടത്തും എന്നതും പ്രശ്‌നമാണ്‌. ഇതിനായി പരിശീലനം സിദ്ധിച്ചവര്‍ കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. ഇതിനുള്ള പരിശീലനം നല്‍കുന്നതു ഡല്‍ഹി ആസ്‌ഥാനമായ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ ആണ്‌. അവരുടെ സര്‍ട്ടിഫിക്കറ്റ്‌ നേടിയവര്‍ക്കേ നായ്‌ക്കളെ വന്ധ്യംകരിക്കാനാകൂ.ഭീകരസ്വഭാവം (ഫെറോഷ്യസ്‌) കാട്ടി ആക്രമിക്കുന്ന നായ്‌ക്കള്‍ അറവുശാലകളുടെ പരിസരത്തു കഴിയുന്നവയാണെന്നു മൃഗസ്‌നേഹി സംഘടനകള്‍ പറയുന്നു. നമ്മുടെ നാട്ടിലെ അറവുശാലകളില്‍ ബഹുഭൂരിപക്ഷവും മാനദണ്ഡം പാലിക്കാതെ തുറസായ സ്‌ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. സര്‍ക്കാര്‍ ഇതിനു നേരേ കണ്ണടയ്‌ക്കുകയും ചെയ്യുന്നു.

                   വീടുകളില്‍ വളര്‍ത്തുന്ന നായ്‌ക്കള്‍ക്കു പേപ്പട്ടി പ്രതിരോധ കുത്തിവയ്‌പു കര്‍ശനമാണ്‌. നായ്‌ക്കളെ വളര്‍ത്തുന്നതിനു ലൈസന്‍സും കര്‍ശനമാക്കണം. ആര്‍ക്കും തോന്നുംപോലെ നായ്‌ക്കളെ വാങ്ങി വളര്‍ത്താനുള്ള അനുവാദം നല്‍കരുത്‌. നായ്‌ക്കള്‍ നന്ദിയുള്ളവരാണെന്നതു ലോകമെമ്പാടും അംഗീകരിച്ചകാര്യമാണ്‌. എന്നാല്‍, മനുഷ്യര്‍ പേപ്പട്ടിയെപ്പോലെ ചത്തുവീഴുന്നതു തടയാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. (Ref: Mangalam)

                                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: