Pages

Monday, December 2, 2013

യു.എ.ഇ. ജനത തിങ്കളാഴ്ച (02-12-2013) ദേശീയദിനം കൊണ്ടാടുന്നു

യു.എ.ഇ. ജനത തിങ്കളാഴ്ച (02-12-2013)
ദേശീയദിനം കൊണ്ടാടുന്നു

രാജ്യത്തോടുള്ള അകമഴിഞ്ഞ കൂറും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് യു.എ.ഇ. ജനത തിങ്കളാഴ്ച,02-12-2013, ദേശീയദിനം കൊണ്ടാടുന്നു ഗവണ്‍മെന്‍റ് തലത്തിലും വിവിധ കൂട്ടായ്മകളുടെയും പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിലും ദേശീയദിനാഘോഷങ്ങള്‍ അരങ്ങേറും. രാജ്യം 42-ാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ യു.എ.ഇ. ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു. വിവിധ വികസന പരിപാടികള്‍ക്കായി പ്രസിഡന്‍റ് 20 ബില്യന്‍ ദിര്‍ഹം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിനും ആശംസകള്‍ നേര്‍ന്നു.

വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇന്ന് രാജ്യമെങ്ങും നടക്കുക. തലസ്ഥാന നഗരിയായ അബുദാബി അടക്കമുള്ള എമിറേറ്റുകളില്‍ ഭരണാധികാരികളുടെ കൊട്ടാരങ്ങളിലും ഔദ്യോഗിക ഓഫീസുകളിലും ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. പൗരപ്രമുഖര്‍ മജ്‌ലിസുകളില്‍ എത്തി ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേരും. മന്ത്രാലയ ഓഫീസുകളിലും വിവിധ ഗവണ്‍മെന്‍റ് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഐക്യ അറബ് എമിറേറ്റുകളുടെ രൂപവത്കരണത്തിന് വേദിയായ സത്‌വയിലെ യൂനിയന്‍ ഹൗസിലും പ്രത്യേക ആഘോഷങ്ങള്‍ അരങ്ങേറും.
 ദേശീയദിനത്തിന് മുന്നോടിയായി ആരംഭിച്ച ദേശീയപതാകാ പ്രയാണം തിങ്കളാഴ്ച അബുദാബിയിലെത്തും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദില്‍ നിന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പതാക ഏറ്റുവാങ്ങും. മറ്റ് എമിറേറ്റുകളിലെ കിരീടാവകാശികളുടെ സാന്നിധ്യത്തിലായിരിക്കും പതാക കൈമാറല്‍. ഫുജൈറയില്‍ നിന്നാരംഭിച്ച് ഏഴുദിവസംകൊണ്ട് ഏഴ് എമിറേറ്റുകളിലൂടെ പ്രയാണം ചെയ്താണ് പതാക ദേശീയദിനത്തില്‍ അബുദാബിയില്‍ എത്തുന്നത്. ഓരോ എമിറേറ്റില്‍ നിന്ന് കിരീടാവകാശികളാണ് പതാകയും വഹിച്ചുകൊണ്ട് പ്രയാണം നടത്തിയത്. 

ബുര്‍ജ് പാര്‍ക്കില്‍ ദുബായ് ഗവണ്‍മെന്‍റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടക്കുന്ന 'ഹാപ്പി പീപ്പിള്‍' ആഘോഷപരിപാടിയാണ് ദേശീയ ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. വൈകിട്ട് നാലിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് 'ഹാപ്പി പീപ്പിള്‍' അരങ്ങേറുക.ഞായറാഴ്ച ഡൗണ്‍ ടൗണ്‍ ദുബായിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോലേവാര്‍ഡില്‍ നടന്ന ദേശീയദിന പരേഡ് വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ക്കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അലംനി കൂട്ടായ്മകളുടെ പൊതുവേദിയായ അക്കാഫിന്റെ സാന്നിധ്യം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതായി.
 പൊതുമേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായത് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. പൊതു അവധി അല്ലെങ്കിലും ചുരുക്കം ചില സ്വകാര്യസ്ഥാപനങ്ങളും ദേശീയദിനത്തില്‍ ജീവനക്കാര്‍ക്ക് അവധി നല്കുന്നുണ്ട്. ദേശീയദിനം പ്രമാണിച്ച് തിങ്കളാഴ്ച ദുബായ്, ഷാര്‍ജ, അബുദാബി എമിറേറ്റുകളില്‍ പാര്‍ക്കിങ് സൗജന്യമാണ്. എന്നാല്‍ ദുബായ് മീഡിയ സിറ്റി, ദേര ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗജന്യം അനുവദിച്ചിട്ടില്ല


                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: