സച്ചിന് തെണ്ടുല്‍ക്കര്‍ ഭാരതത്തിന്റെ അഭിമാനം അദ്ദേഹത്തിന് അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടകള്
ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായ
സച്ചിന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കളിയോടു വിടപറഞ്ഞ
ദിവസം തന്നെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം
അദ്ദേഹത്തിനു സമ്മാനിക്കാനുള്ള തീരുമാനമുണ്ടായത് രാജ്യം അദ്ദേഹത്തിനു
നല്കുന്ന
ആദരവിന്റെ വലിപ്പവും മഹിമയും വ്യക്തമാക്കുന്നു.
മുംബൈ വാങ്കഡേ മൈതാനത്തിന്റെ പവിലിയനിലും
ഗാലറികളിലും തിങ്ങി നിറഞ്ഞുനിന്ന ആയിരങ്ങളോടും
ഒപ്പം ലോകമെമ്പാടും ടെലിവിഷന്‍ സെറ്റുകള്‍ക്കു
മുന്നിലിരുന്ന കോടിക്കണക്കിന് ആരാധകരോടും നനവൂറുന്ന
മിഴികളോടെ അതിലുപരി കൃതജ്ഞത തുളുമ്പുന്ന
വാക്കുകളോടെ വിടചൊല്ലി മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിനു ഭാരതരത്നം
നല്‍കാനുള്ള
തീരുമാനമറിയിച്ചുകൊണ്ട് രാഷ്ട്രപതിഭവനില്‍ നിന്നുള്ള പത്രക്കുറിപ്പ് ഇറങ്ങിയതെന്നത്
ഏറെ ശ്രദ്ധേയമാണ്.
1999-ല്‍ പദ്മശ്രീയും 2008-ല്‍
പദ്മവിഭൂഷണും
നല്കി
രാജ്യം സച്ചിനെ ആദരിച്ചിരുന്നു. സാധാരണ
ഗതിയില്‍ റിപ്പബ്ലിക്
ദിനത്തിന്റെ തലേ ദിവസമാണ് ഭാരതരത്ന അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറുള്ളത്.
പക്ഷേ, ഇത്തവണ സച്ചിന്
തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിനുവേണ്ടി ആ
പതിവു പോലും മാറ്റാന്‍
രാജ്യം തയാറായി. ഭാരതരത്ന സമ്മാനത്തിന്റെ
ചരിത്രത്തില്‍ ഇതുവരെ ഒരു
കായികതാരത്തിന് അതു സമ്മാനിച്ചിട്ടില്ല.
കല, സാഹിത്യം, ശാസ്ത്രം,
പൊതുസേവനം എന്നീ മേഖലകളിലുള്ളവര്ക്കായിരുന്നു നല്കപ്പെട്ടിരുന്നത്. പക്ഷേ, സച്ചിന്റെ
കാര്യത്തില്‍ ആ പതിവിലും
മാറ്റമുണ്ടായിരിക്കുന്നു. സച്ചിന് തെണ്ടുല്‍ക്കര്‍ക്കു
ഭാരതരത്നം നല്‍കണമെന്ന ആവശ്യം മാനിച്ച് ഈവര്‍ഷം മുതല്‍ ഭാരതരത്ന സമ്മാന
പരിഗണനയില്‍ കായികരംഗവും ഉള്‍പ്പെടുത്തുകയായിരുന്നു.
അതുകൊണ്ടുതന്നെ ഭാരതരത്നം ലഭിക്കുന്ന ആദ്യ
കായികതാരം എന്ന പദവിയും ഭാരതരത്നം
ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
വ്യക്തി
എന്ന പദവിയും റെക്കോര്‍ഡുകളുടെ
രാജകുമാരനായ ഈ ക്രിക്കറ്റ് മാന്ത്രികന്റെ കൂടെപ്പോന്നു.
സച്ചിനു ഭാരതരത്നം സമ്മാനിക്കാനുള്ള തീരുമാനമറിയിച്ചുകൊണ്ട് രാഷ്ട്രപതിഭവന് പുറത്തിറക്കിയ
പത്രക്കുറിപ്പിലെ വാക്കുകളും ഏറെ പ്രസക്തമാണ്. 'സച്ചിന്
തെണ്ടുല്‍ക്കര്‍ അസാമാന്യ ക്രിക്കറ്റ് താരമാണ്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന ജീവിക്കുന്ന ഇതിഹാസം. പതിനാറു വയസില്‍ തുടങ്ങി 24 വര്‍ഷമായി
ലോകം മുഴുവന്‍ ക്രിക്കറ്റ് കളിച്ച്
അദ്ദേഹം രാജ്യത്തിനുവേണ്ടി ബഹുമതികള്‍ നേടി.
ലോകകായികരംഗത്ത് ഇന്ത്യയുടെ യഥാര്‍ഥ
അംബാസഡറാണ് സച്ചിന്
തെണ്ടുല്‍ക്കര്‍.' രാജ്യത്തെ പ്രഥമ
പുരുഷന്റെ ഓഫീസ് പുറപ്പെടുവിച്ച
ഈ വാക്കുകള്‍
സച്ചിനെന്ന കായികതാരത്തിന്റെ മഹിമ വിളിച്ചറിയിക്കുന്നു.
സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ക്രിക്കറ്റ്
താരത്തിന്റെ കളിയിലെ പാടവം മാത്രമല്ല
മറ്റു കായികതാരങ്ങള്‍ പാഠമാക്കേണ്ടത്.
രത്നത്തേക്കാള്‍ തിളക്കമുള്ള അദ്ദേഹത്തിന്റെ
വ്യക്തിത്വത്തെയും
കണ്ടു പഠിക്കേണ്ടതുണ്ട്. പദവികളുടെ പടവുകള്‍ ഒന്നൊന്നായി കയറിയപ്പോഴും
അംഗീകാരങ്ങളുടെ പെരുമഴ വര്ഷിക്കപ്പെട്ടപ്പോഴും വിനയം വിടാതെ, ലാളിത്യം
വിടാതെ, അഹങ്കരിക്കാതെയുള്ള പെരുമാറ്റം. അതാണു കണ്ടുപഠിക്കേണ്ടത്.
കളിക്കളത്തിലെ മര്യാദ, സഹകളിക്കാരോടുള്ള സ്നേഹം,
വീഴ്ചകളെയും
ഉയര്‍ച്ചകളെയും
കൈകാര്യം ചെയ്യുന്ന രീതി, എതിര് കളിക്കാരോടുള്ള സമീപനം
അതൊക്കെ ഏതു കായികതാരത്തിനും
ഗുണപാഠമാണ്.
ക്രിക്കറ്റ് കളിയോടു വിട
പറഞ്ഞതിലൂടെ കളിക്കളത്തില്‍ നിന്നു മാത്രമാണ് സച്ചിന്
ഇറങ്ങിപ്പോകുന്നത്. ലോകമെമ്പാടുമുള്ള കോടാനുകോടി
ആരാധകരുടെ ഹൃദയങ്ങളില്‍ ഇറങ്ങിപ്പോകാനാവാത്തവിധം
സച്ചിന് എന്ന ഇതിഹാസം
നിറഞ്ഞുനില്ക്കുന്നു.
ആ ഹൃദയത്തുടിപ്പുകളില്
എന്നും സച്ചിന് ഉണ്ടാവും.
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന
സമ്മാനത്തിനര്‍ഹമായ
അദ്ദേഹത്തിന് അഭിനന്ദനങ്ങളുടെ ആയിരമായിരം
പൂച്ചെണ്ടകള്
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment