Pages

Thursday, October 10, 2013

CANADA'S ALICE MUNRO WINS 2013 NOBEL LITERATURE PRIZE

              ആലിസ് മുന്‍ട്രോയ്ക്ക് സാഹിത്യ നൊബേല്‍

Canada's Alice Munro won the Nobel Literature Prize today for her short stories that focus on the frailties of the human condition. The jury honoured Munro as a 'master of the contemporary short story'. 
സ്‌റ്റോക്ക്‌ഹോം: കനെഡിയന്‍ എഴുത്തുകാരി ആലിസ് മുന്‍ട്രോ 2013 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹയായി.'സമകാലിന ചെറു
കഥാസാഹിത്യത്തിലെ കുലപതി'യാണ് ആലിസ് മുന്‍ട്രോയെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി വിലയിരുത്തി. 2009 ല്‍ മാന്‍ബുക്കര്‍ പുരസ്‌കാരം മുന്‍ട്രോ നേടിയിരുന്നു. സാഹിത്യ നൊബേല്‍ നേടുന്ന 13 -ാമത്തെ വനിതയാണ് മുന്‍ട്രോ. കനേഡിയന്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10 ന് ജനിച്ച ആലീസ് മുന്‍ട്രോ, വെസ്‌റ്റേന്‍ ഒന്റാറിയൊ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിക്കാനാരംഭിച്ചു. എന്നാല്‍ 1951 ലെ വിവാഹത്തോടെ വിദ്യാഭ്യാസം മുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ കുടിയേറിയ മുന്‍ട്രോയും ഭര്‍ത്താവും അവിടെയൊരു പുസ്തകവില്‍പ്പനശാല ആരംഭിച്ചു. 

കൗമാരപ്രായത്തില്‍ തന്നെ സാഹിത്യരചന ആരംഭിച്ച മുന്‍ട്രോ, തന്റെ ആദ്യ ചെറുകഥാ സമാഹാരം 'ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്' 1968
 ല്‍ പ്രസിദ്ധീകരിച്ചു. കാനഡയില്‍ അത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയായി മാറി. രണ്ടാമത്തെ കഥാസമാഹാം 'ലിവ്‌സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ ' 1971 ല്‍ പുറത്തുവന്നു. മുഖ്യമായും ചെറുകഥകളുടെ പേരിലാണ് മുന്‍ട്രോ അറിയപ്പെടുന്നത്. 'ഹൂ ഡു യു തിങ്ക് യു ആര്‍ ?' (1978), 'ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ ' (1982), 'റണ്ണവേ' (2004), 'ദി വ്യൂ ഫ്രം കാസില്‍ റോക്ക്' (2006), 'റ്റൂ മച്ച് ഹാപ്പിനെസ്' (2009) എന്നിവ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മുന്‍ട്രോയുടെ ചെറുകഥാസമാഹാരങ്ങളാണ്. വ്യക്തതയും സൈക്കോളജിക്കല്‍ റിയലിസവും മുഖമുദ്രയാക്കിയ മുന്‍ട്രോയുടെ കഥകള്‍ മികവാര്‍ന്ന രീതിയില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. 'കനേഡിയന്‍ ചെക്കോവ്' എന്ന വിശേഷണം പോലും അവര്‍ക്ക് ചില നിരൂപകര്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. 
തെക്കുപടിഞ്ഞാറന്‍ ഒന്റാറിയയില്‍ തന്റെ ജന്മനാട്ടിന് സമീപം ക്ലിന്റനിലാണ് മുന്‍ട്രോ ഇപ്പോള്‍ താമസിക്കുന്നത്.

പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: