Pages

Thursday, October 10, 2013

WORLD MENTAL HEALTH DAY -OCTOBER-10

 WORLD MENTAL HEALTH DAY -OCTOBER-10
ഇന്ന് ലോക മാനസികാരോഗ്യദിനം

മകള്‍ക്കായി, ഒരച്ഛന്റെ സമര്‍പ്പണം
പാലക്കാട്: പതിനാലാംവയസ്സില്‍ മനോരോഗംബാധിച്ച മകളുടെ കണ്ണും കാതും ചിരിയും കരച്ചിലുമൊക്കെ പങ്കിടുന്നത് 20 വര്‍ഷമായി ഈ അച്ഛനാണ്. ഒപ്പം മനോരോഗം ബാധിച്ചവര്‍ക്കായി രാപകലില്ലാതെ ഓടിനടക്കുകയാണ് പി.വി. വിജയരാഘവന്‍ എന്ന 68കാരന്‍.ജീവിതത്തില്‍ ഇദ്ദേഹം സ്വസ്ഥനായിരുന്ന നാളുകള്‍ ചുരുക്കമായിരുന്നു. എന്നാല്‍, ആയിരക്കണക്കിന് മനോരോഗികള്‍ക്ക് മരുന്നും സാന്ത്വനവും നല്‍കുന്ന മാര്‍ഗദീപ്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനാണ് വിജയരാഘവന്‍.നെടുങ്ങോട്ടൂര്‍ പടിക്കല്‍ വാരിയത്ത് വിജയരാഘവന്റെ കുടുംബം തലമുറകളായി ഗുരുവായൂര്‍ക്ഷേത്രത്തില്‍ കഴകക്കാരാണ്. ആധ്യാത്മികതയുടെയും ഉപാസനയുടെയും പശ്ചാത്തലമുള്ള കുടുംബാന്തരീക്ഷമാണ് തളരാതെ പിടിച്ചുനില്‍ക്കാനുള്ള ശക്തി നല്‍കിയതെന്ന് വിജയരാഘവന്‍ കരുതുന്നു. കൂട്ടായി ഭാര്യ ലീലയും മകന്‍ വിനോദുമുണ്ട്.

ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് മകള്‍ വിദ്യ രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഡോക്ടര്‍മാര്‍ 'സ്‌കീസോഫ്രേനിയ' ആണെന്ന് സ്ഥിരീകരിച്ചു. അന്നുതുടങ്ങിയതാണ് മകളെയുംകൊണ്ടുള്ള യാത്രകള്‍.സങ്കടംകൊണ്ട് ഭാര്യ തളര്‍ന്നുപോയ സമയങ്ങളില്‍ ഇളയമകന്റെ കാര്യം സ്വന്തം ജ്യേഷ്ഠനെ ഏല്പിച്ച് പ്രാരാബ്ധങ്ങളൊക്കെ വിജയരാഘവന്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു.
 അന്ന് നാഷണല്‍ ടെക്സ്റ്റയില്‍ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗികയാത്രകളിലും 14 വയസ്സിന്റെ മാനസികപക്വത മാത്രമുള്ള മുതിര്‍ന്ന മകളെയും കൂട്ടിയാണ് പോയിരുന്നത്. പോകുന്നിടത്തൊക്കെ ബന്ധുവീടുകളില്‍ താമസിച്ചു. ബാംഗ്ലൂരിലെ താമസം അവസാനിപ്പിച്ച് പാലക്കാട് എടത്തറയിലെ 'കൃഷ്ണലീല'യില്‍ സ്ഥിരതാമസത്തിനെത്തിയതോടെ അല്പം ആശ്വാസമായി. മകളെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ ഭാര്യയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്‍.ടി.സി.യില്‍ സീനിയര്‍ ഇന്‍സ്‌പെക്ടറായിരുന്ന വിജയരാഘവന്‍ സ്വയം വിരമിക്കല്‍പദ്ധതി പ്രകാരം ജോലിയില്‍നിന്ന് പിരിഞ്ഞു. 2003ലായിരുന്നു അത്. 2001ലാണ് മാര്‍ഗദീപ്തി ചാരിറ്റബിള്‍ അസോസിയേഷന് രൂപംകൊടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളും പിന്തുണച്ച പദ്ധതിയില്‍ ആദ്യകാലത്ത് സൗജന്യ ക്യാമ്പുകളായിരുന്നു നടത്തിയത്. 2004ല്‍ ചിറ്റൂര്‍ സ്വദേശി അഡ്വ. പി. ജയപാലമേനോന്റെ നേതൃത്വത്തിലും സാമ്പത്തികസഹായത്തിലും സംഘടന ട്രസ്റ്റാക്കി പ്രവര്‍ത്തനം വിപുലീകരിച്ചു. പാലക്കാട്ജില്ലയിലെ നാല് നഗരസഭകളിലും 91 പഞ്ചായത്തുകളിലുമായി നാലായിരത്തിലധികം മനോരോഗികള്‍ക്ക് പരിശോധനയും സൗജന്യ മരുന്നും നല്‍കുന്ന ബൃഹദ്പദ്ധതിയായി മാര്‍ഗദീപ്തി വളര്‍ന്നു. മനോരോഗവിദഗ്ധന്‍ ഡോ. എം. ശിവതാണുപ്പിള്ള ട്രസ്റ്റിന്റെ സ്ഥിരം ഡോക്ടറായി.സാമ്പത്തികപ്രയാസംമൂലം ഇപ്പോള്‍ ജില്ലയിലെ രണ്ട് നഗരസഭകളിലും 40 പഞ്ചായത്തുകളിലുമാണ് മാര്‍ഗദീപ്തിയുടെ സേവനമെത്തുന്നത്. എല്ലാദിവസവും ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടക്കുന്ന ക്യാമ്പുകള്‍ നയിക്കാന്‍ രാവിലെ എട്ടിന് വീട്ടില്‍നിന്നിറങ്ങുന്ന വിജയരാഘവന്‍ തിരിച്ച് വീടണയുന്നത് സന്ധ്യമയങ്ങിയിട്ടാവും.

മനോരോഗികളോടുള്ള സമൂഹത്തിന്റെ അവഗണന തുടച്ചുനീക്കാന്‍ സെമിനാറുകളിലും ക്യാമ്പുകളിലും മകളെയുംകൊണ്ട് അദ്ദേഹം എത്താറുണ്ട്. മൈക്കിനുമുന്നില്‍ സംസാരിച്ചുതുടങ്ങുന്നത് 'എനിക്കൊരു മകളുണ്ട്, അവള്‍ മനോരോഗിയാണ്. അവളെ സമൂഹത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഞാനും കുടുംബവും മടിക്കുന്നില്ല' എന്ന്പറഞ്ഞുകൊണ്ടാണ്.പ്രസംഗം കഴിയുമ്പോള്‍ നിറകണ്ണുകളോടെ ചുറ്റും കൂടുന്നവരോട് നെഞ്ചില്‍ കൈവെച്ച് അദ്ദേഹം പറയും 'ഗുരുപവനപുരം യഥാര്‍ഥത്തില്‍ ഇവിടെയാണ്'. അപ്പോഴും കഥയറിയാതെ ആ മകള്‍ അരികില്‍ ചിരിച്ചുനില്‍ക്കാറുണ്ട്.

Prof. John Kurakar


No comments: