ഉമ്മന്ചാണ്ടിക്ക്
സപ്തതിയാഘോഷമോ.?
വിടാന്‍ ഭാവമില്ലാതെ വീണ്ടും ചോദിച്ചുനോക്കി: അങ്ങനെയല്ലല്ലോ സി.എമ്മേ, എന്തെങ്കിലും. മറുപടിയും വൈകിയില്ല: ''വേണ്ട, എന്റെ വിവാഹത്തിനുപോലും ആഘോഷമുണ്ടായിരുന്നില്ലെന്നറിയാമല്ലോ.'' എന്നാലും സപ്‌തതിയല്ലേ എന്ന ചോദ്യത്തിന്, പത്രസമ്മേളനങ്ങളില്‍ പിടിതരാതിരിക്കാന്‍ പ്രയോഗിക്കുന്ന അതേ ചിരിയും തലയാട്ടലും മാത്രം. പലരും അഭിമുഖം ചോദിക്കുന്നുണ്ട് എന്നാലും പിറന്നാള്‍ സ്‌പെഷലായി ഒന്നും പറയാനില്ല- ഉമ്മന്‍ചാണ്ടി ഉറച്ചുതന്നെ. എന്നാല്‍പിന്നെ വീട്ടുകാര്‍ക്കെന്തെങ്കിലും പറയാന്‍? ഞങ്ങള്‍ കുടുംബമായിട്ട് എറണാകുളത്തേക്കു പോകും. അവിടെ ഒരു ബന്ധുവിന്റെ വീട്ടില്‍ പോകണം. പിന്നെ കുറേ ഔദ്യോഗിക ചടങ്ങുകളുമുണ്ട്. ഉമ്മന്‍ചാണ്ടി പറഞ്ഞുനിര്‍ത്തി. അപ്പോഴേക്കു ക്ലിഫ്‌ഹൗസിനു പുറത്ത് മുഖ്യമന്ത്രിയെക്കണ്ട് ആശംസയറിയിക്കാനും സൗഖ്യം തിരക്കാനും ജനം തിരക്കി. ആള്‍ക്കൂട്ടത്തിന്റെ മുഖ്യന്‍ അതോടെ ഹാപ്പി!
ഉമ്മന്‍ചാണ്ടി എന്ന രാഷ്‌ട്രീയനേതാവ് അങ്ങനെയാണ്. ആര്‍ക്കും എപ്പോഴും എന്തും ചോദിക്കാം. കഴിയുന്നതെല്ലാം ചെയ്യും, കഴിയാത്തതാണെങ്കില്‍ ഒരു ചിരിയും തലയാട്ടലുമായി സ്‌നേഹപൂര്‍വം പിന്തിരിപ്പിക്കും. 70 വയസ് തികയുമ്പോഴും, വിമര്‍ശനാതീതമല്ലാത്ത തന്റെ ശീലങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കു പിന്‍നടത്തമില്ല. 1943 ഒക്‌ടോബര്‍ 31-നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും പൊതുപ്രവര്‍ത്തനരംഗത്തു സജീവമായി. കേരളത്തിന്റെ മുഖ്യമന്ത്രിപദംവരെ എത്തിയ ഉമ്മന്‍ചാണ്ടിയുടെ അഞ്ചുപതിറ്റാണ്ടുനീണ്ട പൊതുപ്രവര്‍ത്തനം സംഭവബഹുലമാണ്. അതില്‍ കുന്നുകളും കുഴികളുമുണ്ട്. കെ. കരുണാകരനും എ.കെ. ആന്റണിക്കും പിന്നില്‍ എന്നും മൂന്നാമനായിരുന്ന ഉമ്മന്‍ചാണ്ടി പിന്നെ അനിഷേധ്യനായി ഒന്നാമതെത്തിയത് ദുര്‍ഘടപാതകള്‍ പിന്നിട്ടുതന്നെ.
ഉമ്മന്‍ചാണ്ടി എഴുപതിലെത്തുമ്പോള്‍, അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് കേരളത്തിലെ എല്ലാ രാഷ്‌ട്രീയനീക്കങ്ങളും. സോളാര്‍, സലിംരാജ് വിവാദങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുമ്പോഴും ജനക്കൂട്ടം പകരുന്ന ഊര്‍ജമാണ് അദ്ദേഹത്തിന്റെ കരുത്ത്. പാര്‍ട്ടിക്കൊപ്പം അതിലെ ഒരു ഗ്രൂപ്പിന്റെയും നേതാവാണു താനെന്ന് അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ഒരിക്കലും മടിച്ചിട്ടില്ല. ഒപ്പമുള്ളവരെ രക്ഷിക്കാനും എതിര്‍ചേരിയിലുള്ളവരെ തളര്‍ത്താനും അദ്ദേഹത്തിലെ കുശാഗ്രബുദ്ധിയായ രാഷ്‌ട്രീയക്കാരനു കഴിഞ്ഞിട്ടുണ്ട്. തിരുവായ്‌ക്ക് എതിര്‍വായില്ലാതിരുന്ന കെ. കരുണാകരനെവരെ അധികാരത്തിന്റെ കൊടുമുടിയില്‍നിന്നു താഴെയിറക്കാനായതും അതുകൊണ്ടുതന്നെ. ആന്റണിയുടെ നിഴലായിരിക്കുമ്പോഴും എ ഗ്രൂപ്പിന്റെ രാഷ്‌ട്രീയ ചടുലനീക്കങ്ങളുടെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയുടെ കൈവശമായിരുന്നു. 1991-ലെ കരുണാകരന്‍ സര്‍ക്കാരില്‍നിന്നു രാജിവച്ച് പുറത്തുവന്ന അദ്ദേഹം ലീഡറെ കസേരയില്‍നിന്ന് ഇറക്കിയശേഷമാണു വിശ്രമിച്ചത്.
കരുണാകരന്‍ അല്ലെങ്കില്‍ ആന്റണിക്കുചുറ്റും കറങ്ങിയിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ 10 വര്‍ഷം മുമ്പാണ് ഉമ്മന്‍ചാണ്ടി ഒന്നാമനായുയര്‍ന്നത്. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തേത്തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ ഭൈമീകാമുകര്‍ നിരവധിയുണ്ടായിരുന്നു. പ്രത്യക്ഷമായി രംഗത്തിറങ്ങിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്കാകും നറുക്കുവീഴുകയെന്നറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതും ചരിത്രം. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല എന്തായാലും ഏറ്റെടുക്കുമെന്നുതന്നെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉറച്ച നിലപാട്. 2004-ല്‍ ഉമ്മന്‍ചാണ്ടിയുടെ താരോദയം സര്‍വപ്രതാപിയായ കരുണാകരന്‍ കോണ്‍ഗ്രസ് വിടുന്നതില്‍വരെ ചെന്നെത്തി. പിന്നീടു മടങ്ങിവന്നെങ്കിലും വന്ദ്യവയോധികനായ കരുണാകരന്‍ പഴയ പ്രൗഢിയുടെ നിഴല്‍ മാത്രമായിരുന്നു. കെ.പി.സി.സി. അധ്യക്ഷനായി രമേശ് ചെന്നിത്തല അവരോധിതനാകുന്നതുവരെ ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. കാലചക്രം തിരിഞ്ഞുവന്നപ്പോള്‍ കോണ്‍ഗ്രസിലെ ആന്റണി-കരുണാകരന്‍ പ്രതിദ്വന്ദം ചെന്നിത്തല-ഉമ്മന്‍ചാണ്ടി എന്ന പുതിയ ധ്രുവീകരണത്തിലെത്തി.
തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വഭാവമാണു പലപ്പോഴും പാര്‍ട്ടിയും സര്‍ക്കാരുമായി ഏകോപനമില്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നില്‍. എടുത്തുചാടിയെടുക്കുന്ന തീരുമാനങ്ങള്‍ പിടിയില്‍ നില്‍ക്കാത്തവിധം വിവാദമായാല്‍ പിന്‍വലിക്കാനും മടിയില്ല. കൂടെയുള്ളവരെ കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തെ സമീപകാലവിവാദങ്ങളില്‍ കൊണ്ടെത്തിച്ചതെന്ന് അനുയായികള്‍ കരുതുന്നു. ജനകീയപ്രശ്‌നങ്ങളും ശിപാര്‍ശക്കത്ത് കൊടുക്കലുമില്ലാതെ ഉമ്മന്‍ചാണ്ടിയെന്ന നേതാവില്ല. അതാണ് 2004-ല്‍ മുഖ്യമന്ത്രിയായശേഷം ആദ്യമുഖാമുഖം പരിപാടിയില്‍ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്: ഞാന്‍ മുഖ്യമന്ത്രിയായെന്നതു ശരിയാണ്, എന്നാല്‍ എന്റെ സഹായം ആവശ്യപ്പെട്ടു വരുന്നവരെ നിരാശരാക്കാന്‍ കഴിയില്ല. ഉമ്മന്‍ചാണ്ടി എം.എല്‍.എ. എന്ന നിലയില്‍ വീണ്ടും ശിപാര്‍ശക്കത്തുകള്‍ നല്‍കും. അതാണ് ഉമ്മന്‍ചാണ്ടി- പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്.
ആര്‍. സുരേഷ്
No comments:
Post a Comment