Pages

Saturday, October 19, 2013

ഭക്ഷ്യ വസ്‌തുക്കളിൽ മായംചേർക്കരുത്

ഭക്ഷ്യ വസ്തുക്കളിൽ
 മായംചേർക്കരുത് 

മനുഷ്യന്റെ ആരോഗ്യത്തിനു ഭീഷണിയാകുന്നതരത്തിൽ ഭക്ഷ്യ  വസ്തുക്കളിൽ  മായം ചേർക്കുന്ന  രീതി  ഇന്നു  കണ്ടു വരുന്നു . രോഗത്തിലേക്കു നയിക്കുന്നതരത്തിലും ഭക്ഷണവസ്‌തുക്കളില്‍ മായം ചേര്‍ക്കപ്പെടുകയോ ഭക്ഷണവസ്‌തുക്കള്‍ കേടുകൂടാതിരിക്കാന്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കപ്പെടുകയോ ചെയ്യുന്നത്‌ ഗുരുതരമായ തെറ്റുതന്നെയാണ്‌. ഇത്തരം നടപടികള്‍ കണ്ടുപിടിച്ച്‌ കടുത്ത ശിക്ഷ നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതും ഈ പ്രവണത ഏറിവരുന്നതും കടുത്ത ആശങ്കയ്‌ക്കിടയാക്കുന്നു. മായമില്ലാത്ത ഒരു ഭക്ഷ്യവസ്‌തുവും ഇല്ലാത്ത അവസ്‌ഥയാണ്‌ ഇന്ന്‌ നാട്ടിലുള്ളത്‌. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനെന്നോ അവനെ രോഗങ്ങളില്‍നിന്നു രക്ഷിക്കാനെന്നോ കരുതപ്പെടുന്ന മരുന്നുകളില്‍പോലും മായം ചേര്‍ക്കുന്നതില്‍ മടിയില്ലാത്ത മാഫിയകളാണിന്ന്‌ എവിടെയും.
സുനാമി ഇറച്ചിയും ഫോര്‍മാലിന്‍ തളിച്ച വ്യാജ കരിമീനും അമോണിയയില്‍ പൊതിഞ്ഞ മീനും റെഡ്‌ഓക്‌സൈഡുകൊണ്ടു നിറംപിടിപ്പിച്ച കുത്തരിയും പുളിങ്കുരു ചേര്‍ത്ത കാപ്പിപ്പൊടിയും മെഴുകു ചേര്‍ത്ത വെളിച്ചെണ്ണയും മാരകമായ കീടനാശിനികള്‍ തളിച്ച പച്ചക്കറികളും മെഴുകില്‍ പൊതിഞ്ഞ ആപ്പിളും ഇഷ്‌ടികപ്പൊടി ചേര്‍ത്ത മുളകുപൊടിയും തുടങ്ങി മനുഷ്യന്‍ ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അവന്റെ വിശപ്പടക്കുകയോ ജീവന്‍ നിലനിര്‍ത്തുകയോ അല്ല ചെയ്യുന്നത്‌. അവന്റെ ആയുസിന്റെ ദൈര്‍ഘ്യം കുറയ്‌ക്കുന്നവയായിത്തീരുന്നു ഇവയൊക്കെ.
കുട്ടനാട്ടിലെയോ കുമരകത്തെയോ കരിമീനിന്‌ എക്കാലവും പേരും പെരുമയും ഉണ്ട്‌. വിലയെത്രയായാലും ആവശ്യക്കാരേറെയുമാണ്‌ പക്ഷേ, ഇന്ന്‌ ഈ കരിമീനിന്റെ പേരുപറഞ്ഞ്‌ ഹോട്ടലുകളിലും പാര്‍ട്ടികളിലുമൊക്കെ വിതരണം ചെയ്യപ്പെടുന്നത്‌ ആന്‌ധ്രയില്‍നിന്നെത്തിക്കുന്ന വ്യാജ കരിമീനാണ്‌. കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഓരോ ദിവസവും പെട്ടികളിലാക്കി വന്നിറങ്ങുന്ന ആന്‌ധ്രാ കരിമീനിനു കണക്കില്ല. ഇവ കേടുകൂടാതിരിക്കാന്‍, മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ തളിക്കുന്നുവെന്ന ആക്ഷേപം പരക്കെയുണ്ട്‌. കാന്‍സറിനു കാരണമാകുന്നതാണ്‌ ഈ രാസവസ്‌തു. അതുപോലെ മറ്റു മത്സ്യങ്ങളിലും അമോണിയയും ഫോര്‍മാലിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ആക്ഷേപമുണ്ട്‌.
അടുത്തകാലത്ത്‌ ഏറെ വിവാദം സൃഷ്‌ടിച്ച 'സുനാമി ഇറച്ചി'യും കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ആടിന്റെയും മാടിന്റെയുമൊക്കെ പ്രധാന ഭാഗങ്ങള്‍ വിദേശത്തേക്കു കയറ്റി അയച്ചതിനുശേഷമുള്ളവ തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്ന്‌ മൊത്തമായി കൊണ്ടുവന്ന്‌ 'സുനാമി ഇറച്ചി' എന്ന പേരില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകളിലും റസ്‌റ്റോറ്റുകളിലുമൊക്കെ വിതരണം ചെയ്‌തിരുന്നു. വളരെ കുറഞ്ഞ വിലയ്‌ക്കു ലഭിക്കുമായിരുന്നതുകൊണ്ട്‌ ഹോട്ടലുകാര്‍ ഇതു വാങ്ങിയിരുന്നു. കേടാകാതിരിക്കാന്‍, ഗുരുതരമായ പാര്‍ശ്വഫലമുളവാക്കുന്ന അമോണിയ വിതറിയാണ്‌ ഇതു സൂക്ഷിച്ചിരുന്നത്‌. ഒരാഴ്‌ചയോളം പഴക്കമുള്ള ഇത്തരം ഇറച്ചി വന്‍തോതില്‍ പിടിക്കപ്പെട്ടതോടെ വിതരണത്തിനു തെല്ലൊരു ശമനമുണ്ടായി എന്നതില്‍ ആശ്വസിക്കാം.
സര്‍ക്കാര്‍ നടത്തിയിട്ടുള്ള പല പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടതാണ്‌ ഇവിടെ വിതരണം ചെയ്യപ്പെടുന്ന 'മിനറല്‍ വാട്ടര്‍' എന്ന പേരിലുള്ള കുപ്പിവെള്ളങ്ങളൊന്നുംതന്നെ നിയമം അനുശാസിക്കുന്ന ഗുണനിലവാരം പുലര്‍ത്തുന്നില്ല എന്ന്‌. പക്ഷേ, റിപ്പോര്‍ട്ടുകള്‍ വന്നതല്ലാതെ ആ കുടിവെള്ളക്കമ്പനികളില്‍ എത്രയെണ്ണം നിലവാരം മെച്ചപ്പെടുത്തി എന്ന്‌ ആര്‍ക്കുമറിയില്ല. പുതിയ ബ്രാന്‍ഡുകള്‍ അടിക്കടി മാര്‍ക്കറ്റില്‍ എത്തുന്നുണ്ടുതാനും.
ഭക്ഷ്യവസ്‌തുക്കളില്‍ മായം ചേര്‍ക്കുന്നത്‌ വലിയ കുറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്നതുമാണെങ്കിലും മുമ്പൊക്കെ ചെയ്‌തിരുന്ന ചില നാടന്‍ പ്രയോഗങ്ങള്‍ മനുഷ്യന്റെ ജീവന്‌ ഇന്നത്തെപ്പോലെ ഭീഷണിയാകുന്നവയല്ലായിരുന്നു. മണ്ണു കുഴച്ച്‌ കപ്പയില്‍ തേച്ചുപിടിപ്പിച്ച്‌ തൂക്കം കൂട്ടിയതും പാവയ്‌ക്കയില്‍ സിറിഞ്ച്‌ ഉപയോഗിച്ച്‌ വെള്ളം കയറ്റി തൂക്കം കൂട്ടിയതും കാപ്പിക്കുരുവിനൊപ്പം കുറച്ചു പുളിങ്കുരു ചേര്‍ത്തു പൊടിച്ചതുമൊക്കെ പഴയ മായ പ്രയോഗങ്ങള്‍. ഇന്നു പക്ഷേ, ചേര്‍ക്കുന്നതൊക്കെ മനുഷ്യനെ മാരകരോഗത്തിലേക്കോ മരണത്തിലേക്കോ നയിക്കുന്നവയാണ്‌.

ഏതു മായവും നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും പരീക്ഷണശാലകളും ഉള്ള ഹൈടെക്‌ യുഗമാണിത്‌. പക്ഷേ, കണ്ടുപിടിക്കേണ്ടവരും നടപടികള്‍ സ്വീകരിക്കേണ്ടവരും ഉറങ്ങുന്നവരായാല്‍ മായം ചേര്‍ക്കല്‍ അതിന്റെ വഴിയേ നടന്നുകൊണ്ടിരിക്കും. മനുഷ്യന്റെ ജീവനു ഭീഷണിയാവുന്നതരത്തില്‍ ഭക്ഷ്യവസ്‌തുക്കളില്‍ മായംചേര്‍ക്കുന്നതു കണ്ടുപിടിക്കാനും തടയാനും കടുത്ത ശിക്ഷ നല്‍കാനുമുള്ള നടപടികള്‍ കൂടുതല്‍ ശക്‌തമാക്കണം. മായംചേര്‍ക്കല്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ മായം ചേര്‍ക്കുന്നവരുടേതിനെക്കാള്‍ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടിയുമുണ്ടാകണം.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: