Pages

Sunday, October 13, 2013

വിദ്യാഭ്യാസം ലഭിച്ചവർ രാജ്യത്തിന്റെ സമ്പത്താണ്

വിദ്യാഭ്യാസം ലഭിച്ചവർ 
രാജ്യത്തിന്റെ സമ്പത്താണ്

 വിദ്യാഭ്യാസം ലഭിച്ചവർ രാജ്യത്തിന്റെ സമ്പത്താണ്.പഠിക്കാന്‍ മിടുക്കരാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഉന്നതവിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവരെ സഹായിക്കാനുദ്ദേശിച്ചുള്ളതാണ് വിദ്യാഭ്യാസ വായ്പ പദ്ധതി. വായ്പയ്ക്ക് സംവിധാനം ഒരുക്കിക്കൊണ്ട് കൂടുതല്‍ പേര്‍ക്ക് പഠനാവസരം ഉറപ്പാക്കുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണ്. മാനവവിഭവശേഷി ഉയര്‍ത്തുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. എന്നാല്‍, ഇങ്ങനെ വായ്പയെടുത്ത് പഠിക്കുന്നവര്‍ക്ക് സഹായകരമായ നിലപാട് ഉറപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പലപ്പോഴും വീഴ്ച വരുത്തുന്നതായി പരാതിയുയരുന്നുണ്ട്. സര്‍ക്കാറുകള്‍ അനുവദിക്കുന്ന ഇളവുകള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും എത്തിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നുവെന്ന ആക്ഷേപവും വ്യാപകമാണ്. പഠനകാലത്ത് പലിശയിളവ് ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായത്. പലിശ ഇളവിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് പത്തു ദിവസത്തോളം വൈകിയാണ്. അപേക്ഷിക്കാനുള്ള സമയപരിധി നീട്ടുന്നതില്‍ ചെറിയൊരു ഇടവേള വന്നതോടെ ബാങ്കുകള്‍ തിരിച്ചടവ് വൈകിയതിന്റെ പേരില്‍ ജപ്തി നോട്ടീസ് അയച്ചുതുടങ്ങി. അത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകെ വിഷമത്തിലാക്കിയിരിക്കയാണ്. 

പഠനകാലത്ത് പലിശയിളവിന് അപേക്ഷിക്കാനുള്ള സമയപരിധി 2013 സപ്തംബര്‍ 30 വരെയായിരുന്നു. അത് ഒക്ടോബര്‍ 31 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതാകട്ടെ ഒക്ടോബര്‍ രണ്ടാം വാരത്തിലും. അതിനിടയിലെ ഒരാഴ്ചയില്‍ 
പല ബാങ്കുകളും സംസ്ഥാനവ്യാപകമായി ജപ്തി നോട്ടീസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ സംബന്ധിക്കുന്ന അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നാല് ലക്ഷം വരെയുള്ള വായ്പ വിദ്യാര്‍ഥിയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ നല്‍കാമെന്നാണ് വ്യവസ്ഥ. എന്നാല്‍, അതിനുപോലും മാതാപിതാക്കളുടെ ഗ്യാരണ്ടിയും വ്‌സ്തുവിന്റെ ഈടും ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. ആകെയുള്ള വീടും കിടപ്പിടവുമാകും ഈട് വെക്കുന്നത്. തവണ മുടങ്ങുമ്പോഴേക്കും അത് ജപ്തി ഭീഷണിയിലുമാകും. പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ അങ്ങനെയൊരു വിഷമസന്ധിയിലെത്തിക്കുന്നത് പരമാവധി ഒഴിവാക്കണം. വിദ്യാഭ്യാസ വായ്പ എടുക്കുന്നത് പ്രധാനമായും നഴ്‌സിങ് പഠനത്തിനാണ്. അതിലേറെയും പെണ്‍കുട്ടികളാണ് എന്നും അതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് പ്രധാനമായും നഴ്‌സിങ്ങിന് ചേരുന്നത്. അതിന് അവര്‍ക്ക് വായ്പയെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല. പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയാണ് വിദ്യാര്‍ഥികളെയും വീട്ടുകാരെയും നഴ്‌സിങ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ജോലി ലഭിച്ച് ആറ് മാസത്തിനുശേഷമോ ജോലിയായില്ലെങ്കിലും പഠനം പൂര്‍ത്തിയായി ഒരു കൊല്ലം കഴിയുമ്പോഴോ ഏതാണ് കുറവെങ്കില്‍ ആ സമയത്തിനുശേഷം വായ്പയുടെ തിരിച്ചടവ് തുടങ്ങണം. തിരിച്ചടവില്‍ വീഴ്ച വരുന്നത് അധികവും നഴ്‌സിങ് വായ്പക്കാര്‍ക്കിടയിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിന്റെ  നിലവാരം  ഒരിക്കലും  കുറയാനും പാടില്ല .
പഠിച്ചിറങ്ങുമ്പോള്‍ത്തന്നെ ജോലി കിട്ടിയാല്‍പ്പോലും വായ്പ തിരിച്ചടയ്ക്കല്‍ അവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ആദ്യവര്‍ഷങ്ങളിലെ സ്‌റ്റൈപ്പന്‍ഡോ ശമ്പളമോ ആകട്ടെ തീരേ കുറവാകുമെന്നതാണ് പ്രധാന കാരണം. സര്‍ക്കാര്‍ കുറഞ്ഞ ശമ്പളം നിശ്ചയിച്ചത് ഒരു പരിധി വരെ ഗുണകരമായിട്ടുണ്ടെന്നു മാത്രം. വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കാനുള്ള കാലാവധി നീട്ടിനല്‍കുന്നത് അത്തരക്കാര്‍ക്ക് സഹായകമാകും. ഏഴ് വര്‍ഷമെന്നത് പത്തു വര്‍ഷമോ പതിനഞ്ച് വര്‍ഷമോ ആക്കുന്നത് ഓരോ ഗഡുവിലെയും തിരിച്ചടവ് തുക കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ വായ്പയെടുക്കുന്നവരുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ എന്തെന്ന് പഠിക്കാനും അതിന് സാധ്യമായ പരിഹാരം കാണാനും സര്‍ക്കാറും ബാങ്കുകളും മനസ്സിരുത്തണം. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് തിരിച്ചടവ് തുകയില്‍ ഇളവ് അനുവദിച്ച് അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതി വ്യാപകമാക്കുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്. അഭ്യസ്തവിദ്യരും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നവരുമാണ് രാജ്യത്തിന്റെ സമ്പത്തെന്ന കാര്യം മറക്കരുത്. 

                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: