Pages

Tuesday, September 24, 2013

''തത്തതന്നെ അതിന്റെ കൂടു തകര്‍ക്കണം''.

കറിവേപ്പില
''തത്തതന്നെ അതിന്റെ കൂടു തകര്ക്കണം''.
അറിയപ്പെടുന്ന സ്ത്രീ വിമോചക പ്രവര്ത്തകയും സാംസ്കാരിക വിമര്ശകയും

1366383543_1366383543_geetha.jpg
ഗീത
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തിയതിനെതിരേ കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കയാണത്രെ മുസ്ലിം സഹോദരന്മാര്‍. ഇതിനായി വ്യത്യസ്‌ത മുസ്ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ട്‌ 21.09.2013-ന്‌ കോഴിക്കോട്ട്‌ യോഗം ചേര്‍ന്നു. മുസ്ലിം വ്യക്‌തി സംരക്ഷണ സമിതി എന്നൊരു സംഘടനയും രൂപീകരിക്കപ്പെട്ടു. സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായ കോട്ടുമല ബാപ്പു മുസല്യാര്‍ സംഘടനയുടെ അധ്യക്ഷനും മുസ്ലിം ലീഗിലെ എം.സി. മായിന്‍ ഹാജി കണ്‍വീനറുമായ സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ മുസ്‌തഫ മുണ്ടുപാറയാണ്‌. മുസ്ലിം ലീഗ്‌, സമസ്‌ത, കെ.എന്‍.എം., നദ്‌വത്തുല്‍ മുജാഹിദ്ദീന്‍, ജമാ അത്തെ ഇസ്‌്ലാമി, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, കേരള ജം ഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്‌., എം.എസ്‌.എസ്‌. എന്നീ സംഘടനകളുടെ പ്രതിനിധികളാണ്‌ യോഗത്തില്‍ സംബന്ധിച്ചത്‌.
മുസ്ലിം വ്യക്‌തി നിയമത്തില്‍ പെണ്‍കുട്ടിയുടെ വിവാഹപ്രായം നിശ്‌ചയിച്ചിട്ടില്ല. അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി നിശ്‌ചയിച്ചത്‌ മൗലികാവകാശ ലംഘനമാണെന്നാണ്‌ മുസ്ലിം സഹോദരന്മാരുടെ അഭിപ്രായം. അപ്പോള്‍ പുരുഷന്റെ പ്രായം നിശ്‌ചയിച്ചിട്ടുണ്ടോ? മറുചോദ്യങ്ങള്‍ തന്നെ പാപമാണ്‌. ഇങ്ങനെ മറുചോദ്യങ്ങള്‍ ചോദിച്ച പെണ്ണുങ്ങളായിരിക്കും നരകവാസികളിലേറെയും. പെണ്‍കുട്ടിയുടെ വിവാഹപ്രായം നിശ്‌ചയിച്ചിട്ടില്ലാത്തതിനാല്‍ മറ്റൊരു സൗകര്യമുണ്ട്‌. പെറ്റു വീണ നിമിഷം തന്നെ വിവാഹം ചെയ്യാം. അങ്ങനെ അരുതെന്ന്‌ ഏതെങ്കിലും വ്യക്‌തി നിയമങ്ങളില്‍ പറഞ്ഞിരിക്കുമോ എന്നറിയില്ല. അതു മാത്രമല്ല അറിയാത്തത്‌. ക്രിസ്‌ത്യാനി, ഹിന്ദു, സിക്ക്‌ എന്നു തുടങ്ങി ഇന്ത്യയിലെ കാക്കത്തൊള്ളായിരം മതങ്ങളുള്ളതില്‍ ഏതു വ്യക്‌തിനിയമത്തിലാണ്‌ പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടെന്നു പറഞ്ഞിരിക്കുന്നത്‌? സിവില്‍ കോഡുകള്‍ മതംതിരിച്ചും ജാതി തിരിച്ചും നിലവിലുണ്ടെങ്കിലും മതേതര രാഷ്‌ട്രമായ ഇന്ത്യയ്‌ക്ക് ഒരു രാഷ്‌ട്രമെന്ന നിലയില്‍ ചില നിയമങ്ങളുണ്ടാക്കാന്‍ അവകാശമില്ലേ? എല്ലാ രാഷ്‌ട്രങ്ങളിലെയും നിയമങ്ങളില്‍ അങ്ങനെ ചിലതുണ്ടാകും. അതെങ്ങനെയാണ്‌ ആ രാഷ്‌ട്രത്തിലെ പൗരന്മാരുടെ മൗലികാവകാശ ലംഘനമാകുന്നത്‌?
അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍, പ്രേമിച്ചു വിവാഹിതരാവുന്നവര്‍ എന്നിവരെ പ്രത്യേകം പരിഗണിക്കുകയാണത്രെ ഈ സഹോദരന്മാരുടെ ലക്ഷ്യം. ഒരനാഥയുടെ സംരക്ഷണം ഉറപ്പുവരുത്തിയ യത്തീംഖാനയുടെ കഥ കേട്ടു കഴിഞ്ഞിട്ടില്ല. അറബി കല്യാണമെന്ന പേരില്‍ നടത്തിയ വില്‌പനയുടെ പേരില്‍ യത്തീം ഖാനയ്‌ക്ക് എത്ര പണം കിട്ടിയെന്നു മാത്രമേ ഇനി പുറത്തുവരേണ്ടതുള്ളൂ. അനാഥരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്നതിലെ വ്യഗ്രതയ്‌ക്കു പിന്നിലെ താല്‌പര്യം ഈയൊരു ഉദാഹരണം കൊണ്ടുതന്നെ വ്യക്‌തമാണ്‌. യാദൃശ്‌ചികമായിരിക്കാം സ്‌ത്രീകളെയും കുട്ടികളെയും വില്‌ക്കുന്നതു ശിക്ഷാര്‍ഹമാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ദേശീയ നിയമ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ബഹു. ഹൈക്കോടതി ഉത്തരവിട്ടതും ഏതാണ്ടിതേ സമയത്തായിരുന്നു. വിവാഹമെന്ന പേരില്‍ പെണ്‍കുട്ടികളെ വില്‌ക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമല്ലോ.
18 വയസിനു മുമ്പ്‌ പ്രേമിച്ചു വിവാഹം ചെയ്യുന്നവരുടെ പരിരക്ഷ സംബന്ധിച്ച്‌ ഈ സഹോദരന്മാര്‍ക്കുള്ള ഉത്‌കണ്‌ഠയാണ്‌ രേഖപ്പെടുത്തപ്പെട്ട മറ്റൊരു കാരണം. 18 വയസിനു താഴെയുള്ള ഒരു മുസ്ലിം പെണ്‍കുട്ടി അന്യമതസ്‌ഥനായ ഒരു ആണ്‍കുട്ടിയെ പ്രണയിച്ചാല്‍ ഇവരുടെ നിലപാടെന്തായിരിക്കും? 18 വയസു കഴിഞ്ഞ മഞ്ചേരിയിലെ തസ്‌നീം ബാനു വഴിയിരികില്‍ വച്ച്‌ സുഹൃത്തു മാത്രമായിരുന്ന ആണ്‍കുട്ടിയോടു സംസാരിച്ചതിനെ തുടര്‍ന്നു കേരളത്തിലുണ്ടായ കോളിളക്കം മറക്കാറായിട്ടില്ല.
1998 മാര്‍ച്ച്‌ 15-നു മാധ്യമം പത്രത്തില്‍ വന്ന 'സ്‌ത്രീകളെ മടക്കിവിളക്കുക' എന്ന കുറിപ്പിനെപ്പറ്റി ഈ പംക്‌തി മുമ്പു പരാമര്‍ശിച്ചിരുന്നു. അന്നാ കുറിപ്പെഴുതിയ പി.പി.എ. പെരിങ്ങാട്ടി 21.09.13-ന്റെ യോഗത്തില്‍ ജമാ അത്തെ ഇസ്‌്ലാമിയുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ''ഓഫീസുകളില്‍ നിന്നും പണിശാലകളില്‍ നിന്നും കമ്പോളങ്ങളില്‍ നിന്നും വനിതകളെ തിരിച്ചുവിളിച്ച്‌ പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാങ്കെില്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും'' എന്നാണദ്ദേഹം അന്നെഴുതിയത്‌. അക്കാര്യം തന്നെയായിരുന്നല്ലോ മുസ്ലിം സഹോദരന്മാരുടെ യോഗം ചര്‍ച്ച ചെയ്‌തതും.
1998-ല്‍ പി.പി.എ. പെരിങ്ങാട്ടിയെഴുതിയ അതേ വാചകങ്ങള്‍ 1999 ജൂലൈയിലെ തെളിച്ചം മാസികയില്‍ ആവര്‍ത്തിച്ചു. കൂടാതെ ''സ്‌ത്രീയെ തിരിച്ചു വിളിക്കുക. സമൂഹത്തിന്റെ അടിസ്‌ഥാനമായ കുടുംബത്തെ സമൂല നാശത്തില്‍ നിന്നും രക്ഷിക്കുക'' (പു. 21) എന്നും ''ഉദ്യോഗസ്‌ഥകളുടെ ഭര്‍ത്താക്കന്മാരേക്കാള്‍ കുടുംബിനികളുടെ ഭര്‍ത്താക്കന്മാരാണ്‌ വ്യാപാര വ്യവസായ ഭരണരംഗങ്ങളില്‍ കൂടുതല്‍ ശോഭിക്കുന്നത്‌... ഇത്‌ പലവിധ നഷ്‌ടങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ... (പു. 22) എന്നും അദ്ദേഹം തന്റെ വാദത്തിന്‌ അടിവരയിടുന്നുണ്ട്‌.
യോഗത്തില്‍ തീരുമാനമൊന്നുമുണ്ടായില്ലെന്ന്‌ ഉരുണ്ടുകളിക്കുന്ന ജമാ അത്തെ ഇസ്‌്ലാമിക്കാര്‍ മൗദൂദിയെ ഇന്നു തള്ളിപ്പറയുമോ എന്നറിയില്ല. അതെന്തായാലും അവരുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത പി.പി.എ. പെരിങ്ങാട്ടിയെന്ന അബ്‌ദുറഹ്‌മാന്‍ പെരിങ്ങാട്ടി പിന്‍പറ്റുന്നത്‌ മൗദൂദിയെത്തന്നെയാണ്‌. ഇതുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ മൗദൂദിയുടെ 'പര്‍ദ' എന്ന പുസ്‌തകത്തില്‍ നിന്നുദ്ധരിക്കാം.
(1) 45 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും സ്‌കൂള്‍ വിടുന്നതിനു മുമ്പുതന്നെ സാംസ്‌കാരികമായി താഴ്‌ന്നവരാകുന്നു. ഇതിനു ശേഷമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സ്‌ഥിതി ഇതിലും മോശമാണ്‌ (പു. 79).(2) ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്‌ സ്‌ത്രീയെന്നദ്ദേഹം അടിവരയിടുന്നു. ഒരു വിധേനയും സ്‌ത്രീകള്‍ക്കു വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം അതിഷ്‌ടപ്പെടുന്നില്ല. വീട്ടിലടങ്ങിയൊതുങ്ങിയിരിക്കേണ്ടവളാണു സ്‌ത്രീ (പു.172).(3) സ്‌ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നുവെന്നു പറഞ്ഞുകൊണ്ട്‌ ഇസ്ലാമിന്റെ നിലപാടനുസരിച്ച്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ എങ്ങനെയാണു നല്ല ഭാര്യയാവുക, നല്ല മാതാവാകുക, നല്ല വീട്ടുകാരിയാവുക എന്നിവയെ സംബന്ധിച്ച അറിവാണ്‌. കാരണം അവരുടെ പ്രവര്‍ത്തനമേഖല വീടാണ്‌. അതുകൊണ്ട്‌ ഈ പ്രവര്‍ത്തന പരിധിയില്‍ കൂടുതല്‍ പ്രശോഭിക്കാന്‍ സാധ്യമാകുന്ന അറിവാണവള്‍ക്കു ലഭിക്കേണ്ടത്‌. (പുറം 179).
വിവാഹപ്രായത്തെ സംബന്ധിച്ച പ്രചരണം തെറ്റിദ്ധാരണാജനകമെന്ന്‌ ജമാ അത്തെ ഇസ്‌്ലാമിയുടെയും സോളിഡാരിറ്റിയുടെയും നേതാക്കള്‍ പ്രസ്‌താവിക്കുമ്പോള്‍, എന്താണിക്കാര്യത്തില്‍ അവരുടെ നിലപാടെന്നു വ്യക്‌തമാക്കാത്തിടത്തോളം അവര്‍ രണ്ടു കളത്തില്‍ ഒരേസമയം കളിക്കുന്നുവെന്ന്‌ വിലയിരുത്തേണ്ടിവരും.
വിവാഹപ്രായ വിവാദം ആശയക്കുഴപ്പത്തിലാക്കിയ മറ്റൊരു സംഘടന ഇന്ത്യയിലെ നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യമുറപ്പിച്ച മുസ്ലിം ലീഗാണ്‌. വിവാഹപ്രായം ലീഗ്‌ ചര്‍ച്ച ചെയ്യേണ്ട സംഗതിയല്ലെന്നു മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി പറയുന്നു. മുസ്ലിം ലീഗ്‌ മതസംഘടനയാണോ രാഷ്‌ട്രീയ സംഘടനയാണോ എന്നാദ്യം വെളിപ്പെടുത്തട്ടെ. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനക്കെതിരായും കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയും ഘോരഘോരം വാദിച്ച എം.സി. മായിന്‍കുട്ടി ലീഗിന്റെ പ്രതിനിധിയല്ലെന്നവര്‍ പറയുമോ? അഡ്വ. പി.എം.എ. സലാം, അഡ്വ. യു.എ. ലത്തീഫ്‌ എന്നിവര്‍ ഏതു സംഘടനയുടെ ലേബലിലാണു യോഗത്തില്‍ പങ്കെടുത്തത്‌? ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്‌.എഫ്‌. പരസ്യമായിത്തന്നെ ഈ തീരുമാനത്തെ എതിര്‍ത്തു.
തങ്ങളുടെ തീരുമാനത്തിനൊപ്പം സമുദായമുണ്ടോയെന്നു നേതാക്കള്‍ ആലോചിക്കണമെന്ന എം.എസ്‌.എഫ്‌. നേതാവ്‌ ധീരമായി പ്രതികരിച്ചു. വര്‍ഗീയ ശക്‌തികള്‍ക്കെതിരേ ഒറ്റക്കെട്ടാവണമെന്ന്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ചതും ഇതേ ദിവസമായിരുന്നു. വര്‍ഗീയ നിലപാടു സ്വീകരിച്ച സംഘടനയുടെ നേതാവു തന്നെയാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി വര്‍ഗീയതക്കെതിരേ വാദിച്ചത്‌ എന്നതാണു രസകരം.

സമുദായത്തിലെ പെണ്ണുങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ എവിടെയായിരുന്നു ഈ പെണ്ണുങ്ങള്‍? അറിയില്ല. ധൈര്യമുണ്ടെങ്കില്‍ മുസ്ലിം സ്‌ത്രീ സമൂഹം അതിജീവനശേഷി തെളിയിക്കട്ടെ. തത്തയെ കൂട്ടിലടച്ചവരാരും അതിനെ തുറന്നുവിടാറില്ല. അല്ലയോ വളരെ പ്രിയപ്പെട്ട മുസ്ലിം സഹോദരിമാരേ, ഋതുമതി നാടകത്തിന്റെ ആ പ്രസിദ്ധ വാചകം ഒരിക്കല്‍കൂടി ഉദ്ധരിക്കട്ടെ''തത്തതന്നെ അതിന്റെ കൂടു തകര്‍ക്കണം''.

No comments: