സ്വര്‍ണ്ണ കള്ളക്കടത്ത്
മാഹി സ്വദേശി ഫയാസിനു ഉന്നതരുമായി ബന്ധം
സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന് ഉന്നതരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് കസ്റ്റംസ് അറസ്റ്റു ചെയ്ത മാഹി സ്വദേശി ഫയാസിനു മുഖ്യമന്ത്രിയുടെ ഒരു മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗവും ഓഫീസിലെ മറ്റൊരു പ്രമുഖനുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. കസ്റ്റംസ് പിടിച്ചെടുത്ത ഫയാസിന്റെ ടെലിഫോണ്‍ രേഖകളും ഫേസ്ബുക്ക് ഇടപാടും പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്.സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് അടുത്തകാലത്ത് പുറത്താക്കിയ ജിക്കു മോനുമായും ഫയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫയാസിന്റെ അതിഥിയായി ജിക്കുമോന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിമാര്‍, അവരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവരുമായും ഫയാസ് ബന്ധം സ്ഥാപിക്കുകയും അവരുടെ സഹായത്തോടെ വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനല്‍ വഴി കള്ളക്കടത്തിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. കൊച്ചി സിറ്റി പോലീസിനെ ഒരു ഐപിഎസ് ഓഫീസര്‍ ആയും ഫയാസിന് അടുത്ത ബന്ധമുണ്ട്. ഫയാസിന്റെ ആഡംബര ബൈക്കില്‍ ഈ ഓഫീസര്‍ ഇരിക്കുന്ന ചിത്രവും ഫയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വര്‍ണവുമായി നെടുമ്പാശേരി വഴി എത്തുന്ന സ്ത്രീകളെ ഗ്രീന്‍ ചാനലിലൂടെ കടത്തിവിടാന്‍ ഈ ഓഫീസര്‍ സഹായിച്ചതായും ഫയാസ് മൊഴി നല്‍കിയിട്ടുണ്ട്.
ഫയാസിന്റെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത ചിത്രങ്ങളില്‍ സിനിമ താരങ്ങള്‍ക്കും മറ്റു പ്രമുഖര്‍ക്കും ഒപ്പമുള്ളവയുമുണ്ട്. ജിക്കുമോനുമായി കൈമാറിയ ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഇവരുടെ ബന്ധം വ്യക്തമാക്കുന്നു.അതേസമയം, ഫയാസിനെ കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥരും സഹായിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. 20 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സ്ത്രീകളെ ഡ്യുട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തനിക്ക് ഉറ്റബന്ധമുണ്ടെന്ന് അറസ്റ്റിലായ പ്രതി ഫയാസ് മൊഴി നല്‍കിയിട്ടുണ്ട്. ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍വച്ചാണ് ഫയാസിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് കസ്റ്റംസുമായുള്ള ബന്ധം പുറത്തുവന്നത്.അതിനിടെ, പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഫയാസിന്റെ കേരളത്തിലെ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് സഹോദരന്‍ ഫൈസല്‍ ആണെന്ന് സൂചനയുണ്ട്. ഇവര്‍ക്ക് മലബാറിലുള്ള മറ്റൊരു പ്രമുഖനാണ് എല്ലാ സഹായവും നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഫയാസിന് കസ്റ്റംസിലെയും പോലീസിലെയും സര്‍ക്കാരിലെ തന്നെ ഉന്നതരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment