സിറിയയ്ക്കുനേരെ മെഡിറ്ററേനിയൻ കടലിൽനിന്ന് ആക്രമണമുണ്ടായതായി പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പക്ഷേ ആരാണ് ആക്രമണം നടത്തിയതെന്നോ മിസൈലാക്രമണമാണ് നടന്നതെന്നോ വ്യക്തമാക്കിയിട്ടില്ല. സിറിയയിൽ അമേരിക്കൻ ആക്രമണം ആസന്നമായിരിക്കെയാണ് സ്ഫോടനാത്മകമായ ഈ വാർത്ത പുറത്തുവന്നത്. പക്ഷേ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ കപ്പലുകൾ മെഡിറ്ററേനിയനിൽ തന്പടിച്ചിട്ടുണ്ട്. ഇസ്രായേലാണ് ആക്രമണം നടത്തിയതെന്ന് അനൗദ്യോഗികമായ റിപ്പോർട്ടുണ്ട്. രാജ്യത്ത് മിസൈൽ ആക്രമണം നടന്നതായി സിറിയൻ ദേശീയ ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തു. സിറിയൻ സമയം രാവിലെ 10.16 നായിരുന്നു ഇത്. ഇസ്രയേലും ആക്രമണ വാർത്ത നിഷേധിച്ചു.
സിറിയയിലെ ഇറാഖ് അതിർത്തിയിലുണ്ടായ ആക്രമണത്തിൽ വാതക പൈപ്പ് ലൈൻ തകർന്നതായും സിറിയൻ ടെലിവിഷൻ വ്യക്തമാക്കി. കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് നിന്നാണ് മിസൈൽ ആക്രമണം ഉണ്ടായതെന്നാണ് റഷ്യൻ ചാനലുകൾ സൂചിപ്പിക്കുന്നു.സംഭവത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റഡാർ രേഖകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിസൈൽ ആക്രമണം ഉണ്ടായതെന്ന് റഷ്യ സ്ഥിരീകരിച്ചു.യൂറോപ്പിൽനിന്നും ഇറാനിൽനിന്നും മിസൈലുകൾ വിക്ഷേപിക്കപ്പെട്ടാൽ കണ്ടുപിടിക്കത്തക്ക വിധത്തിൽ കരിങ്കടലിനുസമീപം അർമവീർ എന്ന സ്ഥലത്താണ് റഷ്യ റഡാർ സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment