Pages

Monday, September 2, 2013

കാട്ടാന തേയിലത്തോട്ടത്തില്‍ പ്രസവിച്ചു

കാട്ടാന തേയിലത്തോട്ടത്തില്പ്രസവിച്ചു

mangalam malayalam online newspaper നാട്ടിലിറങ്ങിയ കാട്ടാന ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന തേയിലത്തോട്ടത്തിനുള്ളില്‍ പ്രസവിച്ചിട്ടിട്ടും സുരക്ഷ ഒരുക്കേണ്ട അധികൃതര്‍ മൗനം പാലിച്ചു. ശബരിമല വനാതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമ്പി ഏഴാംമൈലിലെ തേയിലത്തോട്ടത്തിലാണ്‌ കാട്ടാന പ്രസവിച്ചത്‌. അഞ്ചുദിവസം മുമ്പാണ്‌ ഈ ആന പ്രദേശത്ത്‌ എത്തിയത്‌.ശാരീരിക അസ്വസ്‌ഥത പ്രകടിപ്പിക്കുന്ന കാട്ടാന തേയിലത്തോട്ടത്തില്‍ സഞ്ചരിക്കുന്നതുകണ്ട്‌ എസ്‌റ്റേറ്റ്‌ വാച്ചര്‍മാര്‍ വനം-വന്യജീവി വകുപ്പ്‌ അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇവിടേയ്‌ക്ക്‌ തിരിഞ്ഞു നോക്കിയില്ല. അന്നു രാത്രി പതിനൊന്നോടെ ഈ കാട്ടാന ഒരു ആനക്കുട്ടിക്ക്‌ ജന്മം നല്‍കി. ഇതോടെ കൂടുതല്‍ കാട്ടാനകള്‍ പ്രദേശത്തേയ്‌ക്ക്‌ എത്തിത്തുടങ്ങി. ഇത്‌ ജനങ്ങളുടെ ജീവന്‌ ഭീഷണിയാകുന്ന സ്‌ഥിതിയുമുണ്ടായി. അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ കൂടുതല്‍ ആനകള്‍ എത്തുന്നതു തടയാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. കുട്ടിയേയും ആനക്കൂട്ടത്തേയും ബഹളം കൂട്ടിയും മറ്റും ഇവിടെ നിന്ന്‌ ഓടിക്കാനാണ്‌ ശ്രമിച്ചത്‌. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ഇവയെ വനാതിര്‍ത്തിവരെ എത്തിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.
    എന്നാല്‍ ഇതേക്കുറിച്ച്‌ വനം വകുപ്പ്‌ അധികൃതരോട്‌ അന്വേഷിച്ചപ്പോള്‍ തോട്ടം തൊഴിലാളികള്‍ മെനഞ്ഞ കഥയാണെന്നായിരുന്നു മറുപടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന പുല്‍മേട്ടില്‍ കാട്ടാനയേയും കുട്ടിയേയും ഇതിനൊപ്പമുള്ള ആനകളെയും കണ്ടെത്താന്‍ കഴിഞ്ഞു.
സാധാരണയായി ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങാറുണ്ടെങ്കിലും പ്രസവം നടക്കുന്നത്‌ ആദ്യമാണെന്നാണ്‌ പ്രദേശവാസികള്‍ പറയുന്നു. പ്രസവ സമയത്ത്‌ സ്വകാര്യത ഇഷ്‌ടപ്പെടുന്നതിനാല്‍ കാട്ടാനകള്‍ നാട്ടിലേയ്‌ക്ക്‌ ഇറങ്ങാറില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

ഏതെങ്കിലും സാഹചര്യത്തില്‍ നാട്ടിലിറങ്ങിയാല്‍ പ്രസവശേഷം ഇവ അക്രമസ്വഭാവം പ്രകടിപ്പിക്കുമെന്ന്‌ വനമേഖലയോടു ചേര്‍ന്ന പ്രദേശത്തുള്ളവര്‍ പറയുന്നു. മനുഷ്യരോ മറ്റു മൃഗങ്ങളോ ആനക്കുട്ടിയെ ഉപദ്രവിക്കുമോയെന്ന ഭയത്താലാണ്‌ ഇവ അക്രമത്തിനു മുതിരുന്നതെന്നാണ്‌ ഇവരുടെ വാദം.സംരക്ഷണം നല്‍കാനായി കൂടുതല്‍ ആനകള്‍ ഇവയ്‌ക്കൊപ്പം ചേരുന്നതിനാല്‍ പ്രദേശത്തേയ്‌ക്ക്‌ ജനങ്ങള്‍ക്ക്‌ കടന്നുചെല്ലാനാകാത്ത സ്‌ഥിതിയുമുണ്ടാകും. ഇതിനാലാണ്‌ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതെന്ന്‌ ജനങ്ങള്‍ പറയുന്നു. ഇക്കാര്യം ഗൗരവത്തോടെ എടുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കിലും മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നതാണ്‌ ജനങ്ങള്‍ക്ക്‌ ആശ്വാസം പകരുന്നത്‌.

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: