Pages

Tuesday, September 3, 2013

യൂറോപ്പിലാകെ 250 ഭാഷകള്‍ ഇന്ത്യയില്‍ മാത്രം 850 ഭാഷകള്‍


യൂറോപ്പിലാകെ 250 ഭാഷകള്‍
ഇന്ത്യയില്‍ മാത്രം 850 ഭാഷകള്‍
                      ഭാഷാസംരക്ഷണത്തിന്റെയും ഉപയോഗത്തിന്റേയും കാര്യത്തില്‍ യൂറോപ്യന്മാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ നാലിരട്ടി മിടുക്കരാണെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്യന്‍മാര്‍ 250 ഭാഷകള്‍ സംസാരിക്കുമ്പോള്‍ ഇന്ത്യക്കാര്‍ 850 ഓളം ഭാഷകളാണ് ഉപയോഗിക്കുന്നതെന്ന് ഇന്ത്യന്‍ ഭാഷാശാസ്ത്ര പഠനസര്‍വേ (പി എല്‍ എസ് ഐ) യില്‍ കണ്ടെത്തി. പഠനത്തിന്റെ വിശദാംശങ്ങള്‍ സെപ്തംബര്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ പുറത്തിറക്കും.ഇംഗ്ലണ്ടില്‍ മൂന്നോ നാലോ ഭാഷകളാണ് പ്രധാനമായും ഉള്ളത്. അതില്‍തന്നെ ഇംഗ്ലീഷും വെയ്ല്‍സും കൈകാര്യം ചെയ്യുകയെന്നതാണ് പ്രധാനം. എന്നാല്‍ ഇംഗ്ലണ്ടിനേക്കാള്‍ വലിപ്പത്തില്‍ ചെറിയ സ്ഥലമായ ഇന്ത്യയിലെ അസ്സാമില്‍ത്തന്നെ 52 ഭാഷകള്‍ ഉണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയതായി പി എല്‍ എസ് ഐ ചെയര്‍മാന്‍ ഗണേഷ് ദേവി അറിയിച്ചു.
              ഇന്ത്യയില്‍ കോടതികളിലും മറ്റ് ഓഫീസുകളിലും 22 ഭാഷകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതില്‍ എത്രയോ അധികം ജീവനുറ്റ ഭാഷകള്‍ ഇന്ത്യക്കാര്‍ ദൈനംദിനം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. ഇതെല്ലാംകൂടി 860 ലധികം വരുമെന്നാണ് മഹാരാഷ്ട്രയിലെ വഡോദര ആസ്ഥാനമായുള്ള ഭാഷാ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
മഹാരാഷ്ട്രയില്‍ അറുപതോളം ഭാഷകള്‍ ഉപയോഗത്തിലുണ്ട്. പരമ്പരാഗതമായ നാടോടി ഭാഷകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയുടെയെല്ലാം ഭാഷാഗോത്രവും വ്യാകരണവും ഒക്കെ അന്വേഷിച്ചുകണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണെന്നും പഠിതാക്കള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഏതാണ്ട് 400 ഓളം ഭാഷകളുടെ വ്യാകരണവും നിഘണ്ടുവും ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പി എല്‍ എസ് ഐ ചെയര്‍മാന്‍ അറിയിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങളിലായി 300 ഓളം ഭാഷകളാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ 90 ഭാഷകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ ഭാഷയുടെ ഉപയോഗത്തിന്റെ കാര്യത്തിലും കുഞ്ഞനാണെന്ന് സര്‍വേ കണ്ടെത്തി. വെറും മൂന്നുഭാഷകളാണ് ഗോവയില്‍ ഉള്ളത്. 
ദ്രാവിഡ ഭാഷാഗോത്രത്തിലെ പ്രബലഭാഷകളായ തമിഴ്, മലയാളം, തെലുങ്ക് എന്നിവയെക്കുറിച്ച് കാര്യമായ വെളിപ്പെടുത്തലുകള്‍ സര്‍വേ റിപ്പോര്‍ട്ടുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: