Pages

Tuesday, September 3, 2013

മലയാളിക്ക് സങ്കടം വന്നാലുംമദ്യം സന്തോഷം വന്നാലും മദ്യം


                 മലയാളിക്ക് സങ്കടം വന്നാലുംമദ്യം 
                സന്തോഷം വന്നാലും മദ്യം 
                      കേരളത്തിൽ  ഓണം വരവായി .നമ്മുടെ നാടിന്ന് ഏതാണ്ട് മദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. കഴിഞ്ഞ ഓണത്തിന് 100 കോടിയുടെ മദ്യവില്‍പന ഈ കൊച്ചു സംസ്ഥാനത്ത് നടന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍. അത് ഞെട്ടിക്കുന്ന ഒന്നാണ്. വിമുക്തഭടന്മാര്‍ ഏറെയുള്ള ഈ സംസ്ഥാനത്ത് അവര്‍ക്കുകിട്ടുന്ന മദ്യ ക്വാട്ടയും അതുകൂടാതെ സംസ്ഥാനത്ത് പലഭാഗത്തും വില്‍ക്കുന്ന വ്യാജനും ഒക്കെകൂടി കണക്കെടുത്തു നോക്കിയാല്‍ എത്ര കോടിയുടെ മദ്യ വില്‍പന നടന്നുകാണുമെന്ന് ഊഹിച്ചുനോക്കിയാല്‍ സാക്ഷരകേരളത്തിന് അപമാനമാണ്. ഓണം, ക്രിസ്മസ്, ന്യൂഇയര്‍ തുടങ്ങി എല്ലാ വിശേഷദിനങ്ങളിലും മറ്റു ദിവസങ്ങളില്‍ സങ്കടം വന്നാലും സന്തോഷം വന്നാലും മദ്യം ഒരു അവിഭാജ്യഘടകമായി മാറിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠനം നടത്തേണ്ടിയിരിക്കുന്നു. പണ്ട് ആളുകള്‍ പലരും കാണാതെ മദ്യപിക്കുമായിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും മദ്യപശീലമുള്ളവരായിരുന്നില്ല. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല അന്നുള്ളവര്‍ അങ്ങനെ ശീലിച്ചത്. മദ്യപിക്കുന്നത് കുടുംബത്തിന് അപമാനമാണെന്ന് കരുതിയിരുന്നതുകൊണ്ടാണ്. പക്ഷെ, കാലംമാറി. മദ്യപിക്കുന്നത് അഭിമാനമായി പലരും ധരിക്കുന്നു.
മാവേലി മന്നന്‍ നാടുഭരിച്ച ഓര്‍മയുമായി വീണ്ടുമൊരു ഓണം വരുകയാണ്. കര്‍ക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞു. ചിങ്ങമാസത്തില്‍ ആദ്യം വരുന്ന തിരുവോണനാളിനെ ഒഴിവാക്കി. ആ മാസത്തിലെ രണ്ടാമത് വരുന്ന തിരുവോണമാണ് മാവേലിയെ വരവേല്‍ക്കുന്നത്. അതിന്റെ സാംഗത്യമെന്തെന്ന് ജോത്സ്യപണ്ഡിതന്മാര്‍ക്കെ അറിയുകയുള്ളു. അവര്‍ പറയും ഏത് തിരുവോണത്തിന് മാവേലി കേരളത്തില്‍ കാലുകുത്തണമെന്ന്. വാമനന്‍ മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോള്‍ തിരികെ വരാനുള്ള നേരവും കുറുപ്പടിയും തയാറാക്കാന്‍ വാമനന്‍ ഏല്‍പിച്ചത് ജ്യോത്സ്യന്മാരെയാണല്ലോ? പക്ഷെ, ഒന്നുണ്ട്; കള്ളവും ചതിവും എള്ളോമില്ലാതിരുന്ന ആ നല്ല കാലത്തിന്റെ ഓര്‍മയ്ക്ക് മദ്യം ഒഴുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മദ്യരാജാക്കന്മാര്‍ തുടങ്ങിക്കാണും.
ഈ വിഷയം പ്രസക്തമാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അന്തിമവാദത്തില്‍ കേരളത്തിലെ മദ്യ ഉപഭോഗം കുറയ്ക്കണമെങ്കില്‍ ലഭ്യതകുറയ്ക്കണമെന്ന സുപ്രിംകോടതിയുടെ അഭിപ്രായത്തിലേക്കാണ് കേരളം പോകേണ്ടത്. മദ്യത്തിന്റെ ലഭ്യതയുടെ കാര്യത്തില്‍ നിലവിലുള്ള ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്‍ കടകളിലും യാതൊരുവിധ നിയന്ത്രണവുമില്ലെന്നും ജസ്റ്റിസുമാരായ എച്ച് എല്‍ ഗോഖലെ, ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടിയത് വളരെ ഗൗരവമുള്ള വിഷയമാണ്.
വൈകുന്നേരങ്ങൡ കള്ള് ഷാപ്പുകളിലും ബാറുകളിലും തിങ്ങിനിറയുന്നവര്‍, ബിവറേജ് കോര്‍പ്പറേഷനു മുന്നില്‍ കാണുന്ന നീണ്ട ക്യു ഇതൊക്കെ മലയാളിയുടെ മുഖമുദ്രയായി മാറുന്നു. യുവാക്കളും വിദ്യാര്‍ഥികളും മദ്യത്തിന് അടിമകളായി മാറുന്നതിലൂടെ ഭാവികേരളം അനാരോഗ്യ കേരളമായി മാറും. മദ്യത്തിലൂടെ സര്‍ക്കാരിനു കിട്ടുന്ന പണത്തെക്കാള്‍ എത്രയോ മടങ്ങ് നഷ്ടമാണ് മാനവവിഭവശേഷിയുടെ നാശം. ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്ന ഭരണകൂടങ്ങള്‍, അന്ധ, ബധിര ഭരണകൂടമാണെന്ന് പറയാതെ വയ്യ.മദ്യപാനം മൂലം മലയാളിയുടെ  ആരോഗ്യം  കുറഞ്ഞു ..പലരും  രോഗികളായി മാറി . അധ്വാനിക്കാൻ  മറുനാട്ടുകാർ  എത്തേണ്ട  സ്ഥിതിയായി .കേരളീയര്‍ മദ്യ ഉപഭോഗത്തില്‍ എന്തുകൊണ്ട് മുന്നിട്ടുനില്‍ക്കുന്നുവെന്ന് മനസിലാക്കുവാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്. മലയാളികളുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങളാണ് മദ്യപാനത്തിലേക്ക് നയിക്കുന്നതെങ്കില്‍ ജീവിതത്തെ അച്ചടക്കത്തോടെ ക്രമപ്പെടുത്തുവാന്‍ മലയാളികള്‍ പരിശീലിക്കേണ്ടതുണ്ട്. മദ്യപാനത്തിലൂടെ സമയവും സാമ്പത്തികവുമായ നഷ്ടവും മാരകരോഗങ്ങള്‍ക്കും വഴിവെക്കുന്നു എന്നത് സാമൂഹ്യ പ്രശ്‌നമായി കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: