സ്ത്രീപീഡനത്തിലുംഅതിക്രമത്തിലുംകേരളം മുന്നിൽ
സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും ബുദ്ധിശക്‌തിയുടെ കാര്യത്തിലും ആരെക്കാളും മുന്നിലുള്ള മലയാളി ലോകത്ത് പല ഉന്നത സ്ഥാനങ്ങളും വഹിക്കുന്നു .കറ്റകൃത്യങ്ങളിലും മലയാളി മുന്നിൽ നിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍
51 ശതമാനവും സ്വന്തം വീട്ടില്‍തന്നെയാണു നടക്കുന്നതെന്നാണു പഠനം വെളിപ്പെടുത്തുന്നത്. ഭര്‍ത്താവില്‍നിന്നോ മറ്റു കുടുംബാംഗങ്ങളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ സ്‌ത്രീകള്‍ക്കു പീഡനമേല്‍ക്കുന്നു. ആംഗ്യഭാഷയിലൂടെയും അസഭ്യങ്ങളിലൂടെയും തുടങ്ങി ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ വരെ സ്വന്തം വീടുകളില്‍ സ്‌ത്രീകള്‍ക്കനുഭവിക്കേണ്ടിവരുന്നു. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരും ഇത്തരം അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെങ്കിലും 19നും 45നുമിടയിലുള്ളവരാണ് കൂടുതലായി ഇരയാകുന്നത്. 74 ശതമാനവും ഇത്തരക്കാര്‍ക്കുനേരെയാണ്. പതിനെട്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളാണ് രണ്ടാംസ്‌ഥാനത്ത്.
2012ല്‍ കേരളത്തില്‍ ഇത്തരത്തില്‍പ്പെട്ട 4050 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2013ല്‍ അഞ്ചുമാസത്തിനുള്ളില്‍തന്നെ 2051 കേസുകള്‍ ചാര്‍ജ് ചെയ്‌തുകഴിഞ്ഞു. നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തിയ 'ക്രൈം ഇന്‍ ഇന്ത്യ- 2011' എന്ന റിപ്പോര്‍ട്ടില്‍ ജനസംഖ്യയും വലിപ്പവും കുറഞ്ഞ കേരളം സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ രണ്ടാം സ്‌ഥാനത്തെത്തി പല വമ്പന്‍ സംസ്‌ഥാനങ്ങളെയും തകര്‍ത്ത് കുപ്രസിദ്ധി നേടിയതറിയുമ്പോള്‍ തലകുനിക്കാതെ നിവൃത്തിയില്ല.
33.8 ശതമാനമാണ് കേരളത്തിലെ നിരക്ക്. ആസാമാണ് ഒന്നാം സ്‌ഥാനത്ത്. ആന്‌ധ്രാപ്രദേശിനു നാലും വെസ്‌റ്റ് ബംഗാളിന് അഞ്ചും സ്‌ഥാനമേയുള്ളൂ. ദേശീയതലത്തില്‍
2,28,650 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ ആസാമിലേത് 11503 എണ്ണം. നാഗാലാന്‍ഡിലായിരുന്നു ഏറ്റവും കുറവ്. വെറും 38 കേസുകള്‍ മാത്രം.
സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ കണക്ക് ഇങ്ങനെയാണെങ്കില്‍ രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും ചേര്‍ത്തുള്ള, നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിലും കേരളംതന്നെയാണു പ്രതിക്കൂട്ടില്‍. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യനിരക്കുള്ള സംസ്‌ഥാനം കേരളവും ഏറ്റവും അപകടകരമായ നഗരം കൊച്ചിയുമാണെന്നാണ് വെളിപ്പെടുത്തല്‍. 2010 മുതലുള്ള കണക്കുകള്‍വച്ചു നോക്കുമ്പോള്‍ കേരളത്തിലെ കുറ്റകൃത്യനിരക്ക് 424.1 ആണ്. ദേശീയ നിരക്കായ 187.6നെക്കാള്‍ ഇരട്ടിയിലധികം. രാജ്യത്താകെ 241986 കുറ്റകൃത്യങ്ങള്‍ നടന്നപ്പോള്‍ ഇത്തിരിപ്പോന്ന കേരളത്തില്‍ 11756. വലിയ സംസ്‌ഥാനങ്ങളായ രാജസ്‌ഥാന്‍ (10577), തമിഴ്‌നാട് (12333), ആന്‌ധ്ര (12491) എന്നിങ്ങനെയാണ്. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയുംകാള്‍ കുറ്റകൃത്യനിരക്ക് കേരളത്തിലാണെന്നറിയുമ്പോള്‍ 'മാന്യമായ ഞെട്ടല്‍' ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.സ്‌ത്രീകള്‍ക്കെതിരായ അക്രമം നടത്തുന്ന കാര്യത്തില്‍ കേരളത്തില്‍ ജാതിമതഭേദമൊന്നുമില്ലെന്നാണ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പഠനം പറയുന്നത്. എല്ലാ മതങ്ങളില്‍പ്പെട്ടവരും ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടുന്നുണ്ട്. വിദ്യാഭ്യാസം കുറവുള്ള സ്‌ത്രീകളാണ് അതിക്രമങ്ങള്‍ക്കിരായവുന്നവരില്‍ ഏറെയും. കൂലിപ്പണിക്കാരായ സ്‌ത്രീകള്‍ കൂടുതലായി ആക്രമിക്കപ്പെടുമ്പോള്‍ വീട്ടമ്മമാരാണ് രണ്ടാംസ്‌ഥാനത്ത്. വീടിനു പുറമേ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് സ്‌കൂള്‍, ബസ് സ്‌റ്റാന്‍ഡ്, ട്രെയിന്‍, കോളജ് കാമ്പസുകള്‍ എന്നിവിടങ്ങളാണെന്നും പഠനം വെളിപ്പെടുത്തുന്നു.നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടേയും ഡല്‍ഹിയിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെയും പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നത് മലയാളികളുടെ തനിനിറംകൂടിയാണെന്ന കാര്യം നാം മറക്കരുത്. സമൂഹത്തിനു മുന്നില്‍ അലക്കിത്തേച്ചു നടക്കുന്ന പലരും സ്വന്തം വീടിനുള്ളില്‍പോലും കഴിയാന്‍ അര്‍ഹരല്ല എന്ന സത്യം ഇത്തരം കണക്കുകളിലൂടെ സമൂഹത്തോടു വിളിച്ചുപറയപ്പെടുമ്പോള്‍ നഷ്‌ടമാകുന്നതു കേരളത്തിന്റെ അഭിമാനമാണ്. സാക്ഷര സമ്പന്നരെന്നവകാശപ്പെടുന്ന നമ്മള്‍ വീണ്ടു വിചാരത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കു തടയിടേണ്ട പോലീസും കൊടിയും പാര്‍ട്ടിയും മറന്ന് രാഷ്‌ട്രീയകക്ഷികളും ഭരണകൂടവും മതപുരോഹിതരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും എല്ലാത്തിലും ഉപരി ഓരോ വ്യക്‌തിയും ഒത്തൊരുമയോടെ നിന്ന് ഇത്തരം പ്രവണതകളെ തടയണം. വിവേകത്തോടെയുള്ള ബോധനങ്ങള്‍ ഇതിനാവശ്യമാണ്. ഇല്ലെങ്കില്‍ നമ്മുടെയൊക്കെ തലകള്‍ വീണ്ടും വീണ്ടും കുനിയും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment