Pages

Wednesday, August 21, 2013

PRICE HIKE OF ESSENTIAL COMMODITIES IF KERALA

നിത്യോപയോഗസാധനങ്ങളുടെ
വിലക്കയറ്റം തടയണം 

കേരളത്തില്‍നിത്യോപയോഗസാധനങ്ങൾക്ക്  വില  വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . ഇതു മൂലം  സാധാരണ ജനങ്ങള്‍ വലയുകയാണ്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മീനിനും ഇറച്ചിക്കുമെല്ലാം വില ഉയര്‍ന്നിരിക്കുന്നു.ഏത്തപഴത്തിനു  60  രൂപ വിലയായി .  കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍,ഇന്ധനവിലയിലുണ്ടായ വര്‍ധനവ് , ഭരണകൂടങ്ങളുടെ നയവൈകല്യങ്ങള്‍ തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ട്. ചിങ്ങം പിറന്നതോടെ സംസ്ഥാനത്തെങ്ങും വിപണികള്‍ ഉണര്‍ന്നുകഴിഞ്ഞു. ഓണം അടുക്കുമ്പോഴേക്കും വില കൂടുതല്‍ ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. സര്‍ക്കാര്‍ ആര്‍ജവത്തോടെ പരിശ്രമിച്ചാലേ ഈ സ്ഥിതിവിശേഷം നേരിടാനാകൂ. പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്യുന്ന വസ്തുക്കളെല്ലാം ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയണം. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും എതിരെ കടുത്ത നടപടിയുണ്ടാകുകയും വേണം.പച്ചക്കറി വില അടുത്തകാലത്ത് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവുകുറഞ്ഞതാണ് കാരണമെന്ന് ചിലവ്യാപാരികള്‍ പറയുന്നു. പച്ചക്കറി കൃഷിയില്‍ കുറച്ചെങ്കിലും സ്വാശ്രയത്വം കൈവരിക്കാനുള്ള ചില പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കിലും അവ വ്യാപകമായി നടപ്പാക്കാനോ ഇക്കാര്യത്തില്‍ കേരളത്തിലെ സാധ്യതകള്‍ കാര്യമായി പ്രയോജനപ്പെടുത്താനോ കഴിയുന്നില്ല.

ഓണക്കാലത്ത് വില നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും ശ്രമിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി ഇതിനകം ഒട്ടേറെ വിപണനമേളകള്‍ തുറന്നു. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗവസ്തുക്കള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പൊതുവിപണിയില്‍ വില കുതിച്ചുയരവേ ഈ മേളകള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ജനങ്ങള്‍ അവ പരമാവധി പ്രയോജനപ്പെടുത്തുമെന്നതിന് തെളിവാണ് മേളകളിലെ വന്‍ തിരക്ക്. അരിക്കാണ് വിപണനമേളകളില്‍ കൂടുതല്‍ ആവശ്യക്കാരെന്നാണ് റിപ്പോര്‍ട്ട്. അടുത്തകാലത്തായി അരിവിലയിലുണ്ടായ വര്‍ധനയാണ് ഇതിന് പ്രധാനകാരണം. അരിയും വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15-ഓളം വിഭവങ്ങള്‍ 39 ശതമാനം വരെ വിലക്കുറവിലാണ് വില്‍ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കുവേണ്ട 
സാധനങ്ങളാണ് പലേടത്തും മേളകളില്‍ വിതരണം ചെയ്യുന്നത്.സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്തംബര്‍ 11 മുതല്‍ അഞ്ചുദിവസം പ്രവര്‍ത്തിക്കുന്ന ഓണച്ചന്തകള്‍ തുറക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടായാലേ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടൂ. താരതമ്യേന മെച്ചപ്പെട്ട പൊതുവിതരണ സംവിധാനമാണ് കേരളത്തിലുള്ളത്. അതിന്റെ കീഴിലുള്ള വിപണനകേന്ദ്രങ്ങള്‍ പലേടത്തും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍, ഇത്തരം സംവിധാനങ്ങളുടെ പ്രയോജനം ലഭിക്കാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. ആനിലയ്ക്ക് പൊതുവിതരണ സംവിധാനം കൂടുതല്‍ വിപുലമാക്കണം. നിത്യോപയോഗസാധനങ്ങള്‍ക്കുപുറമേ കഴിയുന്നത്ര ഇനങ്ങള്‍ വിതരണം ചെയ്യുകയും വേണം. സഹകരണസ്ഥാപനങ്ങള്‍ ഉത്സവകാലത്ത് വിപണനകേന്ദ്രങ്ങള്‍ തുറക്കാറുണ്ട്. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുള്ള സ്ഥിതിക്ക്, അവയ്ക്കും ഈ രംഗത്ത് കൂടുതല്‍ സേവനം നടത്താനാവും. ഗുണനിലവാരമുള്ള വസ്തുക്കള്‍ മിതമായ വിലയ്ക്ക് കിട്ടുമെന്നുറപ്പായാല്‍ ഇത്തരം വിപണനകേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ജനപിന്തുണയും ലഭിക്കും. നിത്യോപയോഗ വസ്തുക്കളെങ്കിലും എല്ലായിടത്തും എല്ലാവര്‍ക്കും മിതമായ വിലയ്ക്ക് കിട്ടാനുള്ള  സംവിധാനം  സർക്കാർ  ഉണ്ടാക്കണം .

                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: