രണ്ടു മുന്നണികളും ജയിച്ചു:
തോറ്റുതൊപ്പിയിട്ടതു പൊതുജനം
കെ.എം. റോയ്
ഏതായാലും സോളാര്‍ വിഷയത്തില്‍ ഒരു പോസ്‌റ്റുമോര്‍ട്ടം നടത്തിയിട്ടു കാര്യമില്ല. ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും ജയിച്ചു എന്നു നമുക്കു സമ്മതിച്ചുകൊടുക്കാം. ആകെ തോറ്റു തുന്നം പാടിയത് ജനങ്ങള്‍ മാത്രമാണല്ലോ? കേരള രാഷ്‌ട്രീയത്തെ മാത്രമല്ല സോളാര്‍ വിവാദം മലീമസമാക്കിത്. മലയാള മാധ്യമ ലോകത്തെത്തന്നെ അത് മലീമസമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഇതേപോലെ മനഃസാക്ഷി വില്‍ക്കുകയും പക്ഷം പിടിക്കുകയും ചെയ്‌തിട്ടുള്ള ഒരു കാലം ഇതിനു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ വെറും കൂലിത്തല്ലുകാരായി മാറി, അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘങ്ങളായി മാറി. കോഴിപ്പോരിനിറങ്ങുന്ന കൊത്തുകോഴികളുടെ വീര്യമായിരുന്നു ചാനല്‍ അവതാരകര്‍ക്ക്. പഞ്ചായത്തു കുളിക്കടവില്‍ നിന്ന് പരദൂഷണം പറയുന്ന പെണ്ണുങ്ങളുടെ നിലവാരമായിരുന്നു അവര്‍ക്കു പലപ്പോഴും. അവര്‍ക്കെല്ലാം രഹസ്യ അജണ്ടകളുണ്ടായിരുന്നു എന്നാണ് അധികം പേരും പറയുന്നത്.
രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമുണ്ട്. അതു കേരളത്തില്‍ ആയിരക്കണക്കിന് അന്യ സംസ്‌ഥാനക്കാര്‍ അന്തസായി ജീവിക്കുന്നുണ്ടെന്ന കാര്യമാണ്. വലിയ ഉദ്യോഗസ്‌ഥന്മാര്‍ തുടങ്ങി ചെറുതും വലുതുമായ ബിസിനസുകാര്‍ വരെയുള്ള സമൂഹം. ഒരു പ്രയോജനവുമില്ലാത്ത കാര്യത്തെപ്പറ്റി വിവാദമുണ്ടാക്കി സമയം പാഴാക്കുന്ന കഴുതകളാണ് കേരളീയരെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളതെന്ന് അന്യ സംസ്‌ഥാനക്കാരായ പലരോടും സംസാരിച്ചപ്പോള്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞു. കൂലിപ്പണി ചെയ്യാന്‍ കേരളത്തിലെത്തിയിട്ടുള്ള ഇരുപത്തിരണ്ടു ലക്ഷത്തോളം അന്യ സംസ്‌ഥാനക്കാരില്‍ മഹാ ഭൂരിപക്ഷവും അക്ഷരാഭ്യാസമില്ലാത്തവരാണെന്നതുകൊണ്ട് അവര്‍ ഇപ്പോഴും നമ്മെ ബഹുമാനിക്കുന്നുണ്ടെന്നതു ഭാഗ്യം.
ഇതിനിടയില്‍ മറ്റൊരു ഗുരുതര പ്രശ്‌നം. സൗരോര്‍ജം എന്നത് ലോകത്തെമ്പാടും വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിഹാരമാര്‍ഗമായി മാറുകയാണ്. അതുകൊണ്ട് സൗരോര്‍ജ യൂണിറ്റുകള്‍ക്ക് ഏറ്റവും ഡിമാന്‍ഡുണ്ടായതു കേരളത്തിലാണ്. ഇതിന്റെ ഫലമായി കേരളത്തില്‍ നിരവധി സോളാര്‍ കമ്പനികളും തലയുയര്‍ത്തി. സോളാര്‍ യൂണിറ്റുകള്‍ ഘടിപ്പിക്കുന്ന കമ്പനികളും തലയുയര്‍ത്തി. സോളാര്‍ യൂണിറ്റുകള്‍ ഘടിപ്പിക്കുന്ന കുടുംബങ്ങള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും അന്‍പതു ശതമാനം സബ്‌സിഡിയാണ് ഇതിനു സര്‍ക്കാര്‍ നല്‍കിവരുന്നത്.പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഉത്തരവാദിത്വബോധവും സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ സോളാര്‍ ഊര്‍ജത്തെത്തന്നെ താറടിച്ചു കാണിക്കുന്ന രീതിയില്‍ കഥകള്‍ പ്രചരിപ്പിച്ചതോടെ ആ ഊര്‍ജം തന്നെ ഒരു വലിയ തട്ടിപ്പാണെന്ന സംശയം ജനങ്ങളില്‍ വളര്‍ത്തിയിരിക്കുന്നു. സോളാര്‍ പവര്‍ യൂണിറ്റുകളുടെ ഉടമസ്‌ഥന്മാരില്‍ ചിലര്‍ പറഞ്ഞത് അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന അവരുടെ ബിസിനസ് ഇപ്പോള്‍ സ്‌തംഭിച്ചിരിക്കുന്നു എന്നാണ്. അതൊക്കെ പെട്ടെന്നു മാറുമെന്ന് നമുക്കു പ്രത്യാശിക്കാം.
കേരളത്തിലെ മുന്നണികളും രാഷ്‌ട്രീയ പാര്‍ട്ടികളും യഥാര്‍ഥത്തില്‍ ജനങ്ങളെ സ്‌നേഹിക്കുന്നുവെങ്കില്‍ അവരുടെ സമീപനത്തില്‍ മാറ്റം വരുത്തിയേ മതിയാകൂ. തെരുവുസമരങ്ങള്‍ക്കു വിരാമമിടണമെന്നല്ല, അതിനൊരു നിയന്ത്രണമെങ്കിലും വരുത്തണമെന്നുള്ള സമീപനം. കാരണം സംസ്‌ഥാനത്തെ പോലീസുകാരെ മുഴുവന്‍ തെരുവുസമരങ്ങളെ നേരിടാനാണ് ഇന്നു ആഭ്യന്തരവകുപ്പു വിനിയോഗിക്കുന്നത്. അതേസമയം സമരത്തിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും പൊതുസ്‌ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനും പോലീസ് വ്യൂഹങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു.
ഈ അവസരം ചൂഷണം ചെയ്‌തു കുറ്റവാളികളും മോഷ്‌ടാക്കളും സാമൂഹികവിരുദ്ധരും നാട്ടില്‍ അഴിഞ്ഞാടുകയാണ്. അവര്‍ക്കു കടിഞ്ഞാണിടാനോ കുറ്റാന്വേഷണം നടത്താനോ പോലീസിനു കേരളത്തില്‍ സമയമില്ല.കേരളത്തില്‍ തൊഴില്‍ തേടിയെത്തിയിരിക്കുന്ന ലക്ഷക്കണക്കിന് അന്യസംസ്‌ഥാനക്കാരില്‍ നല്ലൊരു വിഭാഗം കുറ്റവാളികളോ അവസരം കിട്ടിയാല്‍ കുറ്റകൃത്യം ചെയ്യുന്നവരോ ആണ്. കണ്ണില്‍ എണ്ണയൊഴിച്ചിരുന്നാലേ അവര്‍ക്കു കടിഞ്ഞാണിടാന്‍ പോലീസിനു കഴിയൂ. അക്കാര്യത്തില്‍ പോലീസിനു സൗകര്യം നല്‍കാന്‍ മിണ്ടിയതിന്റേയും തൊട്ടതിന്റേയും പേരില്‍ ബന്ദും ഹര്‍ത്താലും പിക്കറ്റിംഗും നടത്തുന്ന സമരരീതിക്കു നാം അറുതി വരുത്തിയേ മതിയാകൂ. ബന്ദ്, ഹര്‍ത്താല്‍ തുടങ്ങിയവ കാലവും ലോകവും ചവച്ചു തുപ്പിയ സമരരീതികളാണ്.
ഇത്തരം സമരങ്ങളോടെല്ലാം രാഷ്‌ട്രീയ തിമിരം ബാധിക്കാത്തവര്‍ക്ക് അറപ്പും വെറുപ്പും പരമ പുഛവുമാണ്. പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ള യുവാക്കള്‍ ജീവിതത്തിന്റെ ഭാവിയെപ്പറ്റി വലിയ പ്രതീക്ഷയുള്ളവരാണ്. വിദ്യാഭ്യാസത്തിലാണിന്ന് അവരുടെ ശ്രദ്ധ മുഴുവന്‍. ഐ.ടി. മേഖലയില്‍ തുടങ്ങി വിവിധ സര്‍വീസ് മേഖലകളില്‍ കയറിപ്പറ്റി ഭാവി സുരക്ഷിതമാക്കാന്‍ കൊതിക്കുന്ന യുവതലമുറ. തെരുവില്‍ കിടന്ന് കോലംതുള്ളി തല്ലു കൊള്ളാന്‍ ജനിച്ചവരല്ല തങ്ങളെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. തല്ലു കൊള്ളാനായി ജനിച്ച യുവാക്കള്‍ നാട്ടില്‍ കുറേപ്പേരുണ്ടെന്ന് അവര്‍ക്കറിയാം. അവര്‍ തെരുവില്‍ കിടന്ന് തല്ലു കൊണ്ടോട്ടെ എന്നാണ് വിവരമുള്ള പുതിയ തലമുറയുടെ മനോഭാവം.
ഒരുകാര്യം ഞാനിവിടെ കുറിച്ചിടട്ടെ. എനിക്കിപ്പോള്‍ വലിയ ബഹുമതി തോന്നുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനോടാണ്. കേരളം കണ്ടിട്ടുള്ള ഏറ്റവും നല്ല പോലീസ് മന്ത്രിയാണ് രാധാകൃഷ്‌ണന്‍. പോലീസ് സേനയുടെ മുഴുവന്‍ വിശ്വാസവും സഹകരണവും ആര്‍ജിക്കാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസിനും കഴിഞ്ഞിരിക്കുന്നു. മറിച്ചായിരുന്നുവെങ്കില്‍ എത്ര പോലീസ് വെടിവയ്‌പുകള്‍ കേരളത്തില്‍ നടക്കുമായിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധം മുതല്‍ കഴിഞ്ഞയാഴ്‌ച വരെ കേരളത്തില്‍ എന്തെന്തു തെരുവുയുദ്ധങ്ങളാണ് സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയത്. നിരന്തരമായി പോലീസുകാരെ കല്ലെറിയുന്നതും ആക്രമിക്കുന്നതും ടെലിവിഷനിലൂടെ ജനങ്ങള്‍ എത്രതവണ കണ്ടു. അതെല്ലാം അസാധാരണ ക്ഷമയോടെ അവര്‍ സഹിച്ചു നില്‍ക്കുന്നതു ജനങ്ങള്‍ കണ്ടു. ഇന്ത്യയില്‍ ഏറ്റവും ആത്മസംയമനമുള്ളവരാണ് കേരളാപോലീസ് എന്നവര്‍ തെളിയിച്ചിരിക്കുന്നു. അതിനുള്ള ബഹുമതി മുഴുവന്‍ അവരുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് കൂടെ നിര്‍ത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു തന്നെയാണ്.
പിന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യം. സോളാര്‍ സമരത്തിന്റെ പേരിലും അതിനെ നേരിടുന്നതിന്റെ പേരിലും സി.പി.എമ്മും സംസ്‌ഥാന സര്‍ക്കാരും ചേര്‍ന്ന് അമ്പതുകോടി രൂപയെങ്കിലും ധൂര്‍ത്തടിച്ചിട്ടുണ്ട്. സരിതയും സംഘവും ചേര്‍ന്ന് തട്ടിച്ചത് ആറുകോടി രൂപ മാത്രമാണ്. കേരളത്തില്‍ സമീപകാലത്തു നടന്നിട്ടുള്ള തട്ടിപ്പുകേസുകളില്‍ വളരെ ചെറുതാണത്.അതിനു കൂട്ടുനിന്നുകൊണ്ട് സരിതയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓഹരി പറ്റിയെന്നാണ് ഇടതുപക്ഷ മുന്നണിയുടെ ആരോപണം. 42 വര്‍ഷം തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്നു ജയിച്ചിട്ടുള്ള എം.എല്‍.എ.യാണ് ഉമ്മന്‍ചാണ്ടി. ഒരുതവണ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്നിട്ടുള്ള വ്യക്‌തി. എന്നു മാത്രമല്ല കഴിഞ്ഞ മുപ്പതു കൊല്ലമായി കേരളത്തില്‍ നിന്ന് സംഭാവനയായി കോടികള്‍ സംഭരിക്കാന്‍ കഴിയുന്ന ഫണ്ട് റെയിസറാണ് അദ്ദേഹമെന്ന് സി.പി.എം. നേതാക്കള്‍ പോലും സമ്മതിക്കും.
ആ ഉമ്മന്‍ചാണ്ടി സരിതയില്‍ നിന്നു നക്കാപ്പിച്ച വാങ്ങാന്‍ പോയി എന്ന് ആരോപിച്ചതാണ് സി.പി.എം. നേതൃത്വത്തിനു സംഭവിച്ച ഏറ്റവും വലിയ പാളിച്ച. ആ ഉപ്പു തിന്നതിന്റെ പേരില്‍ പ്രതിപക്ഷ മുന്നണി പിന്നെ വെള്ളം കുടിച്ചതാണ് കേരളം കണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment