വസന്തകാലത്തിന്റെ ഓണസ്വപ്‌നം
തമ്മില്‍ത്തല്ലും കൊലപാതകവും കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് ഏശയ്യ എന്ന പ്രവാചകന്‍ തന്റെ ദര്‍ശനം പഴയ നിയമത്തില്‍ എഴുതിയത്,അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും (2:4). അദ്ദേഹം തുടര്‍ന്നു. ചെന്നായയും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും (11:6). ഇതു വലിയ പ്രതീക്ഷയുടെ ദര്‍ശനവും ശാന്തിയുടെ സ്വപ്‌നവുമായിരുന്നു. കലുഷിത കാലം സ്വപ്‌ന ദര്‍ശനങ്ങളിലൂ-ടെ മറികടക്കുന്ന െദെവികതയുടെ ഇടപെടലായിരുന്നു ഇത്.
കേരളത്തിന്റെ വസന്ത സ്വപ്‌നത്തി-ന്റെ ശ്രാദ്ധാചരണമാണ് ഓണം. എവിടെയും കള്ളവും ചതിയുമായപ്പോള്‍ നേരും നെറിവും പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയപ്പോള്‍ ഈ ദുരന്തത്തില്‍ നിന്നുള്ള സ്വപ്‌നമാണ് മനുഷ്യന് ആവേശവും പ്രതീക്ഷയും നല്‌കുന്നത്. മണല്‍ക്കാട്ടിലും കലികാലത്തിലും നില്‍ക്കുന്നവന്റെ സ്വര്‍ഗ സ്വപ്‌നമായി ഓണവസന്തം വന്നെത്തുന്നു. കൊടുങ്കാറ്റടിച്ച രാത്രിയില്‍ കപ്പല്‍ തകരുന്നതു അറിഞ്ഞ കാര്‍ഡിനല്‍ ന്യൂമാനാണ് പ്രാര്‍ത്ഥിച്ചത്,വെളിച്ചമേ നല്‌കിയാലും, ഒരടിവെക്കാന്‍ മാത്രം വെളിച്ചം.... പ്രാര്‍ത്ഥന ഒരു കര്‍മ്മാഹ്വാനമാണ്. പ്രാര്‍ത്ഥനയില്‍ നിന്നാണ് കര്‍മ്മങ്ങള്‍ ജനിക്കുക.
കേരളത്തിന്റെ വര്‍ത്തമാനകാലഘട്ടം വല്ലാത്ത ദുരന്തബോധത്തിന്റെയാണ്. കമ്പോള വ്യവസ്‌ഥിതി കേരള സമൂഹത്തെ രണ്ടു തരം രോഗികളാക്കിയിരിക്കുന്നു. പഴകി തഴകിച്ച ഈ രണ്ടു രോഗങ്ങള്‍ പരദൂഷണവും അസൂയയുമാണ്. മാരകമായ ഒഴിയാബാധകളായി നമ്മെ അലട്ടുന്നു ഇവ രണ്ടും. കച്ചവട സംസ്‌കാരത്തിന്റെ ആര്‍ത്തിയില്‍ നിന്നുണ്ടായ ഇവ രണ്ടിനെക്കുറിച്ചും നാം ബോധമുള്ളവരുമല്ല. അപരനെ കൊച്ചാക്കുന്ന ചായക്കടവിരുതന്മാരുടെ െപെതൃകം ഇന്നു ടിവി ചാനലുകള്‍ മൊത്തമായി ഏറ്റെടുത്തിരിക്കുകയാണ്. അവര്‍ പരദൂഷണത്തിന്റെ ആഗോള കോളാമ്പികളായി നമുക്ക് എല്ലാ ദിവസവും ഈ പരദൂഷണപായസം തീറ്റി ഞാനല്ലാത്തവരൊക്കെ നാറികളാണ് എന്ന ആശ്വാസത്തില്‍ കിടന്നുറങ്ങുന്നു.നാറ്റിക്കുക എന്ന വല്ലാത്ത സുഖവി-നോദത്തില്‍ നിന്നു നാം ആരെയും ഒഴിവാക്കാത്ത ജനാധിപത്യത്തിലാണ്. ആരുടെ തുണിയഴിക്കാനും ഇവിടെ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്. പിതാവി-ന്റേയോ മാതാവിന്റെയോ സഹോദരന്റെയോ സഹോദരിമാരുടേയോ നഗ്നത കാണരുതു കാണിക്കരുത് എന്ന പ്രമാണം ജനാധിപത്യത്തിനു വിരുദ്ധമാണ് എന്നതില്‍ നമുക്കാര്‍ക്കും അഭിപ്രായ വ്യത്യാസമില്ല! തുണിയഴിച്ചു കാണിക്കുന്നതാണ് സത്യത്തിന്റെ വെളിപ്പെടുത്തല്‍ എന്നു നാം വിശ്വസിച്ചിരിക്കുന്നു. അയല്‍ക്കാരന്റെ തുണിയഴിച്ചു കാണാന്‍ നമുക്കുള്ള ആവേശത്തിനു അതിരില്ല. അതു ചെയ്യാന്‍ പൊതുജനം എന്ന നപുംസക ജന്തുവിന്റെ കാവല്‍നായ്‌ക്കളായി മാധ്യമങ്ങള്‍ കച്ചകെട്ടി നടക്കുന്നു. ആള്‍ക്കൂട്ടം എന്ന ഉത്തരവാദിത്വ രഹിതമായ ജന്തുക്കള്‍ െകെയടിക്കുന്നു. ഒരാടിനെയും പട്ടിയാക്കാതെ വിടില്ല എന്ന വാശിയിലാണ് നാം. എല്ലാവരും കള്ളന്മാരും വ്യാജങ്ങളുമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. കള്ളത്തരത്തിന്റെ തൊലിയുരിയല്‍ എന്നതു വലിയ ധാര്‍മ്മിക പദ്ധതിയായി സ്വയം അഭിമാനിക്കുന്നു. അസ്‌തിത്വചിന്തയുടെ ഉപജ്‌ഞാതാവായി അറിയപ്പെടുന്ന സോറന്‍ കീര്‍ക്കെഗോര്‍ ഒരിക്കല്‍ പറഞ്ഞു: എനിക്കു ഒരു മകനും മകളുമുണ്ടെന്നിരിക്കട്ടെ. മകള്‍ വ്യഭിചാരത്തിനു പോയാല്‍ ഉണ്ടാകുന്നതിനെക്കാള്‍ വലിയ വിഷമമായിരിക്കും മകന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞാല്‍ ഉണ്ടാകുക. മാധ്യമ പ്രവര്‍ത്തനം ആത്മാവ് വില്‍ക്കുന്ന വല്ലാത്ത കച്ചവടമായി എന്നതിന്റെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.
ഫിലോസഫി ക്ലാസ്സില്‍ അദ്ധ്യാപകന്‍ ഹേഗലിന്റെ തര്‍ക്ക ശാസ്‌ത്രത്തെക്കുറിച്ചു പഠിപ്പിച്ചപ്പോള്‍ ചോദിച്ചു: തര്‍ക്കത്തിനെതിരെ എങ്ങനെ തര്‍ക്കിക്കും? അഥവാ ഹേഗലിനെ എങ്ങനെ ഖണ്‌ഡിക്കും? കാരണം ഹേഗലിനു തത്വശാസ്‌ത്രം തര്‍ക്കശാസ്‌ത്രമാണ്. തര്‍ക്കത്തിനെതിരെ പറഞ്ഞാലും അനുകൂലിച്ചു പറഞ്ഞാലും തര്‍ക്കമാണ്. ഹേഗലിനോട് യോജിച്ചാലും വിയോജിച്ചാലും അദ്ദേഹത്തെ ഖണ്‌ഡിക്കാനാവില്ല.ആര്‍ക്കും ഉത്തരം പറയാനാവാതെ വന്നപ്പോള്‍ അദ്ധ്യാപകന്‍ തന്നെ ഉത്തരം പറഞ്ഞു: കൊഞ്ഞനം കുത്തുക പരിഹാസം. അപ്പോഴാണ് എന്റെ ഗ്രാമത്തിലെ ചിലര്‍ക്ക് തത്ത്വചിന്തയൊന്നും പഠിക്കാതെ ഇതു ചെയ്യാനറിയാമായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്. സ്‌ഥലത്തെ ചായക്കടയില്‍ സ്‌ഥിരമിരുന്നു എല്ലാവരേയും തര്‍ക്കിച്ചു തോല്‌പിക്കുന്ന ചില വിദ്വാന്മാ-രെ ഇളിഭ്യരാക്കി തറപറ്റിക്കുന്ന പരിഹാസ കൂട്ടച്ചിരിയുടെ തുണിപൊക്കല്‍ നടപടി. മനുഷ്യന്റെ ക്ഷമയുടെ നെല്ലിപ്പലകയിലെത്തുമ്പോള്‍ ചെയ്‌തു പോകുന്നതാണിത്.
പരദൂഷണവ്യാപാരം ഇവിടെ കൊഴുക്കുന്നതു നമുക്കു സഹിക്കാനാവാത്ത അസൂയയുടെ രോഗബാധയുള്ളതുകൊണ്ടാണ്. ഉടമസ്‌ഥന്റെ അഭിമാന കാര്യങ്ങള്‍ എല്ലാം തന്നെ അയല്‍ക്കാരന്റെ അസൂയയുടെ വിഷയങ്ങളായിരിക്കുന്നു. ഉടമകളൊക്കെ അസൂയയുടെ വിഷം തീണ്ടിയവരുമായി. ഒരിക്കലും പൂക്കാത്ത മാവ് ഒരു കല്ലേറും കൊള്ളാത്ത പരമയോഗ്യനായി. അസൂയ സൃഷ്‌ടിക്കുന്നതു അശാന്തിയും അക്രമവുമാണ്. അയല്‍ വീട്ടി-ലെ കാറു കണ്ട് അസൂയപ്പെടുന്നവന്‍ ആ കാറ് കത്തി നശിക്കുന്നത് സ്വപ്‌നം കണ്ടുണരുന്നു. അസൂയയാണ് എല്ലാ സഹനങ്ങളെയും ന്യായീകരിക്കുന്നത്. സഹനദുരിതങ്ങള്‍ ന്യായീകരിക്കുന്നിടത്ത് അക്രമം ആരംഭിക്കുന്നു. അസൂയ പൂണ്ട അഹത്തിന്റെ തേരോട്ടത്തിലാണ് ഇരപിടുത്തങ്ങള്‍ നടക്കുന്നത് പെണ്‍വാണിഭങ്ങള്‍. പിതാവ് മകളെ, ഭര്‍ത്താവ് ഭാര്യയെ വാണിഭം നടത്തി സുഖിക്കുന്ന സ്വയം കൃതാനര്‍ത്ഥങ്ങള്‍. ചന്തയുടെ മോഹന സ്വപ്‌നങ്ങളുടെ അഗ്നികുണ്‌ഡത്തിലേക്ക് ഈയാംപാറ്റകള്‍ പോലെ മനുഷ്യന്‍ ഓടിയെത്തുന്നു.വല്ലാത്ത വസന്ത ബാധിച്ച കേരളമാണ് വസന്തത്തിന്റെ ഓണം അനുസ്‌മരിക്കുന്നത്. അതൊരു പുണ്യകഥയുടെ സുഗന്ധവും സ്വപ്‌നവും നല്‌കുന്നു. പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ ഒരു സുന്ദരകാലത്തിന്റെ ഓര്‍മ്മയാണ്. ഏതു ഓര്‍മ്മയും സാധ്യതകള്‍ തുറക്കുന്നു. നഷ്‌ടപ്പെട്ട സാധ്യത വീണ്ടെടുക്കാനുള്ള പ്രതീക്ഷയാണ് അതിന്റെ മര്‍മ്മം. കള്ളവുമില്ല, ചതിവുമില്ലാ എള്ളോളമില്ല പൊളിവചനം. വികസനത്തിന്റെവാമനരൂപത്തെ ഭയപ്പെടുക തന്നെ വേണം. അത് അളന്നെടുക്കുന്നതു തലകളാണ്.
നമുക്കു വികാസമാണ് വേണ്ടത്, ആറടി മണ്ണിന്റെ ജന്മിയാകാനുള്ള വികസനമല്ല. ലോകത്തോളം മനസ്സ് വികസിക്കുന്ന വികസനം. വാളു വളച്ച് അരിവാളാക്കുന്നതും കുന്തം തല്ലി കൊഴു ഉണ്ടാക്കുന്നതും പഠിപ്പിക്കുന്ന വികാസം. മാവേലിയുടെ കഥയും, ഏതു പുണ്യകഥയും സൃഷ്‌ടിയുടെ കഥയാണ് ഉല്‌പത്തിയുടെ കഥ െദെവം ലോകം ഉണ്ടാക്കിയ കഥ. ഏതു നല്ല കഥയും ഞാനടങ്ങുന്ന ലോകം പണിയുന്ന കഥകളാണ് അക്രമമില്ലാത്ത ആഹ്വാനത്തിന്റെ പുണ്യകഥ.
ഏതു നല്ല കഥയും ലോകവും എന്നെയും പുതുക്കിപ്പണിയാന്‍ പ്രേരിപ്പിക്കുന്നു.അടിമുടി നാറുന്ന കേരളത്തില്‍ നന്മയുടെ പൂക്കാലത്തിന്റെ ഓര്‍മ്മയുടെ കഥ പുണ്യത്തിന്റെ പണിശാല തുറക്കുന്ന കഥയാണ്. കുറ്റം പറഞ്ഞിട്ട് കുറ്റമില്ലാതാകില്ല. ഇരുട്ടിനെ പഴിക്കാതെ വിളക്കു തെളിക്കുക. നാറുന്നു എന്നു പറഞ്ഞ് നടക്കാതെ സുഗന്ധത്തിന്റെ പൂക്കള്‍ വിരിയിക്കുക. വിഖ്യാത എഴുത്തുകാരനായ കഫ്‌ക ഒരു കഥ പറഞ്ഞു: പഴയ പത്രത്തിന്റെ കഥ. നഗരം നാറ്റത്തിലായി. കാരണം, പരദേശികള്‍ അവരുടെ കുതിരകളോടെ നഗരത്തില്‍ കടന്നു നഗരവീഥികളില്‍ പാര്‍ക്കാന്‍ തുടങ്ങി. അവര്‍ അവിടെ വച്ചു കുടിയും മലമൂത്ര വിസര്‍ജ്‌ജനവും നടത്തി. അവര്‍ കടകളില്‍ കയറി െകെയിട്ട് വാരി, ഇറച്ചിക്കടകളില്‍ നിന്നു പിടിച്ചുപറി നടത്തി. നഗരപൗരന്മാര്‍ കുപിതരായി. അവര്‍ തനി ജനാധിപത്യത്തില്‍ ചോദിച്ചു: ഇവിടെ അധികാരികളില്ലേ, അവര്‍ എന്തു ചെയ്യുന്നു? ലേഖനങ്ങളെഴുതി, പ്രഭാഷണങ്ങള്‍ നടത്തി. ജീവിതം ദുസ്സഹമായി. ഇതൊന്നം ഗൗനിക്കാതെ പരദേശികള്‍ അവിടെ അടിച്ചുപൊളിച്ചു ജീവിച്ചു. നാറ്റം സഹിക്കവയ്യാതായി. അവസാനം രാജാവ് മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു, അംഗരക്ഷകരോടെ. എല്ലാവരും െകെയടിച്ചു, കാതു കൂര്‍മ്മിച്ചു. രാജാവ് നഗരനിരീക്ഷണം നടത്തി. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കും, എല്ലാവരും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. രാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി, വാതിലടച്ചു. ആളുകള്‍ പരസ്‌പരം നോക്കി. ഒരാള്‍ പറഞ്ഞു: എവിടെയോ തെറ്റിദ്ധാരണയുണ്ട്. ഈ വാചകത്തില്‍ കഥ അവസാനിക്കുന്നു.
എന്തായിരുന്നു തെറ്റിദ്ധാരണ? നഗരം നാറാതെ കാക്കേണ്ടതു രാജാവിന്റെ പണിയാണെന്ന് നഗരവാസികള്‍ കരുതി. അതു ജനങ്ങളു-ടെ ഉത്തരവാദിത്വമാണ് എന്ന് രാജാവും കരുതി. എല്ലാവരും സ്വന്തം ലോകത്തില്‍ വാതിലടച്ചു കഴിയുന്നു. നഗരം നാറി നശിക്കുന്നു.അഴിമതി നീക്കാന്‍ രാജാവിനെ നീക്കിയാല്‍ മതിയെന്നു കരുതി രാജാവിനെതിരെ സമരം നടത്തി. സമരക്കാരുടെ െകെയേറ്റ വാസത്തില്‍ നഗരവാസികള്‍ നാറ്റംകൊണ്ട് പൊറുതിമുട്ടി. നഗരം സംരക്ഷിക്കാന്‍ വന്നവര്‍ നഗരം നാറ്റിച്ചു. പഴയ പത്രകഥ നാം ആവര്‍ത്തിക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment