സമൃദ്ധിയുടെ
പൊന്നിന്‍ ചിങ്ങംപിറന്നു
ഓണക്കാലത്തിന്റെ വരവറിയിച്ച് ചിങ്ങം പിറന്നു. മലയാളിയുടെ മനസില്‍ ഒരിക്കലും മായത്തതാണ് ചിങ്ങമാസവും പൊന്നോണവും. കാര്‍ഷിക കേരളത്തില്‍ അറയും പറയും നിറഞ്ഞു നില്‍ക്കുന്ന കാലം. ഓണംപോലൊന്ന് മലയാളിക്ക് വേറെയില്ല. പക്ഷേ, ഇതെല്ലാം മലയാളിയുടെ ഓര്‍മകളും നന്മ നിറഞ്ഞ സങ്കല്‌പങ്ങളും മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നിപ്പോള്‍ മലയാളനാട്ടില്‍ ഓണമുണ്ണാന്‍ അരിയും പച്ചക്കറികളും ഓണപ്പൂക്കളമൊരുക്കാന്‍ പൂക്കളുമെല്ലാം ഇതര സംസ്‌ഥാനങ്ങളില്‍നിന്നും വാങ്ങി വരേണ്ട കാലഘട്ടമാണ്. ഓണത്തിന്റെ ദിവസങ്ങളില്‍ ചാനലുകളിലെ പുത്തന്‍ പടങ്ങള്‍ കണ്ട് താരങ്ങളുടെ ഓണവിശേഷങ്ങള്‍ കേട്ട് മലയാളി തൃപ്‌തിയടയുന്നു.
ചിങ്ങക്കൊയ്‌ത്തിന്റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതാവുകയും അണുകുടുംബങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തതോടെ ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധമില്ലാത്ത പുതുതലമുറയ്‌ക്ക് ചിങ്ങമാസത്തിലെ ഒത്തുചേരല്‍ പുതിയ അനുഭവംകൂടിയാണ്. ഒപ്പം ഒറ്റപ്പെടലിന്റെ തുരുത്തില്‍ കഴിയുന്ന അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വന്തം മക്കളേയും കൊച്ചുമക്കളേയും കാണുവാനും ഒരുമിച്ച് ഭക്ഷണം കഴിക്കുവാനും ആഹ്‌ളാദിക്കുവാനുമുള്ള അസുലഭ അവസരവും.
നമ്മള്‍ നട്ടു നനച്ച് വളര്‍ത്തുന്ന ചെടികളുടെ പൂക്കളാല്‍ അത്തപ്പൂക്കളം തീര്‍ക്കാനും സ്വന്തം വീട്ടുവളപ്പില്‍നിന്നുള്ള പച്ചക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാനും നമുക്ക് കഴിഞ്ഞാല്‍ എന്നും ചിങ്ങമാസത്തിന്റെ സമൃദ്ധിയും സാഹോദര്യത്തിന്റെ നിറവും നമുക്കുണ്ടാകുമെന്നതില്‍ സംശയമില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment