MULLAPERIYAR-WATER LEVEL
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക്; രണ്ടുതവണ ജാഗ്രതാ മുന്നറിയിപ്പു നല്കി
ജോയി ഇരുമേട
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയോട് അടുത്തു. ഏതു നിമിഷവും വെള്ളം സ്‌പില്‍വേ കവിഞ്ഞൊഴുകും. ഇന്നലെ ജലനിരപ്പ് 135 അടി കഴിഞ്ഞപ്പോള്‍ തേനി ജില്ലാ കലക്‌ടര്‍ ഇടുക്കി കലക്‌ടറെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇടുക്കി കലക്‌ടര്‍ രണ്ടുതവണ ജാഗ്രതാ മുന്നറിയിപ്പു നല്‍കി. ഇതിനിടെ പെരിയാര്‍ തീരത്തു നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ എട്ടിടങ്ങളിലായി ക്യാമ്പ് തുറക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു.ഇന്നലെ വൈകുന്നേരം ജലനിരപ്പ് 135.5 അടിയായി. മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ മാറ്റമില്ല. അണക്കെട്ട് സ്‌ഥിതി ചെയ്യുന്ന പെരിയാര്‍ കടുവ സങ്കേതത്തില്‍ തോടുകളും കാട്ടരുവികളും നിറഞ്ഞ് നീരൊഴുക്കിന്റെ തോതു വര്‍ധിച്ചതു ജലനിരപ്പ് ഇനിയും ഉയരാന്‍ കാരണമാകും. ഓരോ സെക്കന്‍ഡിലും 3855 ഘനയടി വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് 2000 ഘനയടിയായി ഉയര്‍ത്തി. നാല് പെന്‍സ്‌റ്റോക്ക് പൈപ്പു വഴി 1600 ഘനയടി വെള്ളം ഒഴുക്കുന്നതു കൂടാതെ ഇറൈച്ചില്‍പാലം കനാലിലൂടെയും വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതോടെ അണക്കെട്ടിന്റെ പുറംചുവരുകളില്‍ പലഭാഗത്തും ചോര്‍ച്ച ദൃശ്യമായിട്ടുണ്ട്.
ഏപ്രില്‍, മേയ് മാസങ്ങളില്‍ തമിഴ്‌നാട് അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തി മറച്ചിരുന്ന ചോര്‍ച്ച ജലനിരപ്പുയര്‍ത്തതോടെ കൂടുതല്‍ തെളിഞ്ഞിട്ടുണ്ട്. അണക്കെട്ടിന്റെ സ്‌ഥിതി അതീവ ഗുരുതരമാണെന്ന്
2011-ല്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍ റിസര്‍വ് സ്‌റ്റേഷന്‍ സംഘം സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. 1200 അടി നീളമുള്ള ഡാമില്‍ 50 അടി നീളത്തില്‍ ഓരോ ബ്ലോക്കായി തിരിച്ചായിരുന്നു പരിശോധന. ഡാമിന്റെ മധ്യഭാഗത്ത് വലിയ വിള്ളലുകള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ചെറിയ ഭൂചലനം പോലും താങ്ങാനുള്ള ശേഷി അണക്കെട്ടിനില്ലെന്നായിരുന്നു ഡല്‍ഹി റൂര്‍ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ അടിഭാഗത്ത് നിന്നു വെള്ളം പുറത്തേയ്‌ക്ക് കുത്തിയൊഴുകുന്നുണ്ട്. സ്വീപ്പേജ് വാട്ടറിന്റെ തോത് മുന്‍വര്‍ഷങ്ങളില്‍ നിന്നു വര്‍ധിച്ചതായി സൂചനയുണ്ട്. സംസ്‌ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥര്‍ കാഴ്‌ചക്കാരായി അണക്കെട്ടിലെത്തി മടങ്ങുകയാണ് പതിവ്. ജലനിരപ്പിന്റെ അളവുപോലും തമിഴ്‌നാട് ഉദ്യോഗസ്‌ഥരില്‍ നിന്നാണ് ജലവിഭവ വകുപ്പ് ശേഖരിക്കുന്നത്.മഴ ശക്‌തമാകുമ്പോള്‍ രാത്രി ജലനിരപ്പ് അറിയാന്‍ ജലവിഭവ വകുപ്പിനു സംവിധാനമില്ല. ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കു അണക്കെട്ട് പരിസരത്ത് തങ്ങാന്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണമെന്ന ആവശ്യം പോലും തമിഴ്‌നാട് പരിഗണിച്ചിട്ടില്ല. അണക്കെട്ടില്‍ ചോര്‍ച്ച വര്‍ധിച്ചിട്ടും ജലവിഭവ വകുപ്പ് ഇതു രഹസ്യമാക്കിവച്ചിരിക്കുകയാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment