Pages

Thursday, August 15, 2013

ചൊവ്വയില്‍ പോകാന്‍ അപേക്ഷിച്ചവര്‍ ഒരു ലക്ഷം കവിഞ്ഞു

ചൊവ്വയില്‍ പോകാന്‍
അപേക്ഷിച്ചവര്‍ ഒരു ലക്ഷം  കവിഞ്ഞു 

വാഷിംഗ്ടണ്‍: ചൊവ്വയില്‍ പാര്‍പ്പുറപ്പിക്കാനായി ഇതുവരെ അപേക്ഷ നല്‍കിയവരൂടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 'ദി മാഴ്‌സ് ഒണ്‍ പ്രോജക്ട്' എന്നറിയപ്പെടുന്ന ബഹുശതകോടി ഡോളറിന്റെ പദ്ധതി 2022 മുതല്‍ക്കാണ് പ്രാവര്‍ത്തികമാകുക.
ചൊവ്വയിലേക്ക് പോകാന്‍ അപേക്ഷ തയാറാക്കുന്നവര്‍ ഇനിയും ഒട്ടേറെപ്പേരുണ്ടെന്ന് പദ്ധതിയുടെ ഉപജ്ഞാതാവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബാസ് ലാന്‍സ്‌ഡ്രോപ് പറഞ്ഞു. 18 വയസിനു മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്തമാണ്. യു എസ് പൗരന്‍ 38 ഡോളര്‍ അപേക്ഷാ ഫീസായി നല്‍കണം. ഓരോ രാജ്യത്തെയും മൊത്തം ആഭ്യന്തര ഉല്‍പാദനത്തെ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്.
ആദ്യസംഘത്തെയും കൊണ്ട് യാത്രതിരിക്കുന്നതിന് 600 കോടി ഡോളര്‍ ചെലവാകുമെന്ന് ലാന്‍സ് ഡ്രോപ് പറഞ്ഞു. സ്‌പോണ്‍സര്‍മാരില്‍ നിന്നും ചൊവ്വയെ കോളനിവല്‍ക്കരിക്കാനായി പോകുന്ന ബഹിരാകാശ  യാത്രികരുടെ ഭൂമിയിലെ പരിശീലനവും മറ്റും ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ നല്‍കുന്ന തുകയിലൂടെയും ചെലവിനാവശ്യമായതുക സംഘടിപ്പിക്കുന്നതിനാണ് ശ്രമം.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള അപേക്ഷകരില്‍ നിന്നും 40 പേരുടെ ഒരു സംഘത്തെ ആദ്യം തെരഞ്ഞെടുക്കും. അവരില്‍ നിന്നും നാല് പേരെ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും- 2022 സെപ്തംബറില്‍ ചൊവ്വയിലേക്കയയ്ക്കും. രണ്ട് വര്‍ഷത്തിനുശേഷം നാല് പേരെ കൂടി അയയ്ക്കും. അവരിലാരും തന്നെ ഭൂമിയിലേക്ക് തിരിച്ചുവരില്ല.
എട്ട് വര്‍ഷത്തെ പരിശീലനത്തിനിടയില്‍ വാസ സ്ഥലത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനും പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനും ഗഗനചാരികളെ പഠിപ്പിക്കും. ദന്തപരിചരണം, എല്ലുകള്‍ക്കുണ്ടാകുന്ന ഒടിവുകള്‍ തുടങ്ങി അവശ്യം വേണ്ടതായ വൈദ്യചികിത്സയും പരിശീലിപ്പിക്കും. ചൊവ്വയിലേക്ക് പോകുന്ന ഓരോ യാത്രികനും 5511 പൗണ്ട് ഭാരംവരുന്ന അത്യാവശ്യസാധനങ്ങള്‍ പാക്ക് ചെയ്തുകൊണ്ടു പോകാന്‍ കഴിയും.
വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ചൊവ്വയില്‍ പാര്‍പ്പുറപ്പിക്കാനുള്ള പദ്ധതി വിജയിക്കുമെന്നുതന്നെയാണ് പദ്ധതി നടത്തിപ്പുകാരുടെ പ്രതീക്ഷ. ചൊവ്വായിലേക്കുള്ള ദൂരം മനുഷ്യന്‍ മുമ്പൊരിക്കലും സഞ്ചരിച്ചിട്ടില്ലാത്തതിനാല്‍ അപകടസാധ്യത വളരെ വലുതാണെന്നാണ് വിദഗ്ധന്മാരുടെ അഭിപ്രായം.

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: