Pages

Friday, August 9, 2013

കേരളത്തില്‍ കനത്തമഴ കിട്ടിയാലും വൈദ്യുതിയുടെ കാര്യം പരിതാപകരം

കേരളത്തില്‍ കനത്തമഴ കിട്ടിയാലും
 വൈദ്യുതിയുടെ  കാര്യം  പരിതാപകരം 




കേരളത്തില്‍ കനത്തമഴകിട്ടിയാലും  വൈദ്യുതിയുടെ  കാര്യം  പരിതാപകരമാണ് .   മഴ  കനത്തതോടെ വൈദ്യുതി നിരക്കില്‍ ഇളവു കിട്ടുമെന്നാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ലെന്നു മാത്രമല്ല, 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് ഫലത്തില്‍ കൂടുകയും ചെയ്തിരിക്കുന്നു. ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വെട്ടിക്കുറച്ചതോടെയാണ് ഈ വിഭാഗക്കാരുടെ നിരക്കില്‍ വര്‍ധന ഉണ്ടായത് എന്നാണു  അറിയുന്നത് .ജലവൈദ്യുതിപദ്ധതികളില്‍ ഉത്പാദനം ഗണ്യമായി വര്‍ധിച്ചതിനാല്‍, പുറത്തുനിന്ന് കൂടിയ വിലയ്ക്ക് താപവൈദ്യുതി വാങ്ങേണ്ട സ്ഥിതി ഇക്കുറി ഒഴിവാകും. ഇതുകൊണ്ടുതന്നെ ബോര്‍ഡിന് വന്‍നേട്ടം ഉണ്ടാകും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നു എന്നുപറഞ്ഞാണ് പലപ്പോഴും നിരക്കു കൂട്ടിയിരുന്നത്. ഇക്കൊല്ലം താപവൈദ്യുതി വാങ്ങാന്‍ ഏഴായിരം കോടിയെങ്കിലും വേണ്ടിവരുമെന്ന് ബോര്‍ഡധികൃതര്‍ പറഞ്ഞിരുന്നു. ആ സാഹചര്യം ഇല്ലാതായിട്ടും അതിന്റെ ഫലം ഉപഭോക്താക്കളിലെത്തിക്കാന്‍ ബോർഡിന്  കഴിയുന്നില്ല .സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനം സര്‍വകാല റെക്കോഡിലേയ്‌ക്കെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയുള്‍പ്പെടെ 25ലേറെ ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ മിക്കവയും നിറഞ്ഞിരിക്കുന്നു. വേണ്ടത്ര വെള്ളംകിട്ടിയാല്‍ വര്‍ധിപ്പിച്ച നിരക്ക് ഒഴിവാക്കുന്നകാര്യം ആലോചിക്കുമെന്നു പറഞ്ഞ അധികൃതര്‍ ഇപ്പോഴും ബോര്‍ഡിന്റെ പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ എപ്പോഴും നിരക്കുവര്‍ധനയെ മാത്രം ആശ്രയിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കും.വൈദ്യുതി ബോര്‍ഡ് കേരളത്തിലെ സവിശേഷസാഹചര്യം പരിഗണിച്ച് ദൂരക്കാഴ്ചയോടെ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കില്‍ മുന്‍പും നിരക്ക് ഇത്ര ഉയര്‍ത്തേണ്ടി വരില്ലായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ കാര്യമായ പുരോഗതി നേടാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. കര്‍ണാടകം അടക്കമുള്ള ചില അയല്‍സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകാപരമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. 
ഭരണച്ചെലവു കുറയ്ക്കുന്നതിനടക്കമുള്ള ശ്രമങ്ങളും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകണം. പ്രസരണനഷ്ടം മുന്‍പ് 20 ശതമാനമായിരുന്നത് കാര്യമായി കുറയ്ക്കാനായെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടില്ല. വൈദ്യുതി മോഷണവും ദുരുപയോഗവും ബോര്‍ഡിനു വലിയ നഷ്ടം വരുത്തുന്നുണ്ട്. ഇവയെല്ലാം ഒഴിവാക്കിയാല്‍ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാം. ഏതാണ്ട് 85ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ കേരളത്തിലുണ്ട്. സബ്‌സിഡി നല്‍കിവരുന്നത് അവരില്‍ വലിയൊരുവിഭാഗത്തിന് കുറച്ചെങ്കിലും ആശ്വാസം കിട്ടാന്‍ വേണ്ടിയാണ്. വൈദ്യുതി മിതമായനിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കെങ്കിലും നല്‍കേണ്ട ബാധ്യത ബോര്‍ഡിനുണ്ട്. ബോര്‍ഡ് ഇടയ്ക്കിടെ കൊണ്ടുവരുന്ന ക്രമീകരണങ്ങളും നയങ്ങളും ഉപഭോക്താക്കളുടെ ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. കനത്തമഴ ഇക്കുറി കേരളത്തില്‍ പലേടത്തും വന്‍കെടുതികളുണ്ടാക്കി. വലിയൊരുവിഭാഗം ജനങ്ങള്‍ അതില്‍ നിന്ന് മോചിതരായിട്ടില്ല. വര്‍ധിച്ച മഴകൊണ്ട് ഉണ്ടായ പ്രധാന നേട്ടങ്ങളിലൊന്ന് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനായി എന്നതാണ്. ആ നേട്ടത്തിന്റെ ഗുണഫലമെങ്കിലും ജനങ്ങളിലെത്തിക്കാന്‍ കഴിയണം. അല്ലാത്ത  പക്ഷം  സാധാരണ  ജനങ്ങളെ  സംബന്ധിച്ചിടത്തോളം  കനത്ത മഴയും  വരൾച്ചയും  ഒരുപോലെ തന്നെ  എന്ന  സ്ഥിതിയാകും .

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: