Pages

Friday, August 9, 2013

മഴക്കാലത്ത് വഴിമാറിയൊഴുകുന്ന അച്ചന്‍കോവിലാര്‍ ആശങ്കയോടെ തീരവാസികള്‍

മഴക്കാലത്ത് വഴിമാറിയൊഴുകുന്ന അച്ചന്‍കോവിലാര്‍
 ആശങ്കയോടെ തീരവാസികള്‍


          മഴക്കാലത്ത് വഴിമാറിയൊഴുകുന്ന അച്ചന്‍കോവിലാര്‍ തീരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള വില്ലേജ് ഓഫീസില്‍നിന്നോ ഉന്നത റവന്യൂ ഓഫീസുകളില്‍നിന്നോ ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ പരാതി നല്‍കുന്നതും നിര്‍ത്തി. എല്ലാം പുഴയെടുക്കട്ടെ എന്ന നിസ്സംഗതയിലാണിവര്‍. 
ആറിന് വടക്കേക്കരയുള്ള നാരായണമണ്ണില്‍ അമ്മുക്കുട്ടിയമ്മയുടെ വീടിന് രണ്ട് മീറ്റര്‍ മാത്രം അകലെക്കൂടിയാണ് ഇപ്പോള്‍ ആറൊഴുകുന്നത്. മലയില്‍നിന്ന് ശക്തമായ ഒഴുക്കുണ്ടാകുമ്പോഴെല്ലാം മണ്‍തിട്ട ഇടിഞ്ഞുവീഴും. രാത്രികളില്‍ പുഴ മണ്ണിടിക്കുന്ന ശബ്ദം കേട്ട് ഈ 80കാരി വാര്‍ധക്യത്തിന്റെ അവശതകളിലും ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു.
തൊട്ടടുത്ത് മകള്‍ സതിയുടെ വീടാണ് പുഴയുടെ അടുത്ത ഇരയെന്നത് മറ്റൊരു ആശങ്ക. 10 സെന്റ് സ്ഥലത്താണ് രണ്ട് വീടുകളും നില്‍ക്കുന്നത്. പുഴ തിന്നുതിന്ന് ഇപ്പോള്‍ പകുതിയേ അവശേഷിക്കുന്നുള്ളു. കൃഷിയൊക്കെ പോയി. മുകളില്‍ കുട്ടത്തിമണ്ണ് ഭാഗത്ത് 20 വീടുകളാണ് ഭീഷണി നേരിടുന്നത്. വീടുകള്‍ക്ക് 10 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ അടുത്താണിപ്പോള്‍ പുഴ. വലിയ മണ്‍തിട്ടയാണ് പുരയിടങ്ങളുടെയും പുഴയുടെയും അതിര്‍ത്തി. 

         ഓരോ ഒഴുക്കിലും തിട്ട തീര്‍ന്നുവരികയാണ്. കഴിഞ്ഞ വേനലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പുഴയുടെ നടുക്കുണ്ടായിരുന്ന കാട് വെട്ടിത്തെളിച്ചതിനാല്‍ ഇപ്പോള്‍ തിട്ടയിലേക്കുള്ള ഒഴുക്കിന് ശക്തി കുറവുണ്ടെന്നതാണ് ഏക ആശ്വാസം. ചെറുകിടജലസേചനവകുപ്പ് കഴിഞ്ഞ മഴക്കാലത്ത് ഇവിടെ സംരക്ഷണഭിത്തി കെട്ടുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതുവരെ നടപ്പായിട്ടില്ല.
എന്നാല്‍ മുളമൂട്ടില്‍ക്കടവ് മുതല്‍ പമ്പരത്തുമണ്ണ് വരെയുള്ളിടത്ത് ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 20 ഓളം ഉടമകള്‍ക്കായി പത്തേക്കറോളം ഭൂമി ഇവിടെ നഷ്ടമായി. എല്ലാം പട്ടയമുള്ള വസ്തുക്കളാണ്. ചിലരൊക്കെ ഇപ്പോഴും പുഴ കവര്‍ന്ന സ്ഥലത്തിന് കരവുമടയ്ക്കുന്നു. പഴയ അമ്പലക്കടവില്‍നിന്ന് 50 മീറ്റര്‍ അകലെക്കൂടിയാണ് ഇപ്പോള്‍ ആറൊഴുകുന്നത്. നഷ്ടപ്പെട്ട കൃഷിക്ക് ഒരു സഹായവും കിട്ടിയിട്ടില്ല. ഇപ്പോള്‍ വീടുള്‍പ്പെടെ പോകാറായിട്ടും അധികാരികള്‍ അറിയുന്നില്ല. ദുരന്തസാധ്യതയുള്ളപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളെ മാറ്റുകയും പിന്നെ അടുത്ത മഴക്കാലത്തെ ദുരന്തമാകുമ്പോള്‍മാത്രം വരികയും ചെയ്യുന്നവരാണവര്‍. പുഴയുടെ ഇക്കരെ കിഴക്കേ പുതുവല്‍ മന്മഥന്‍ നായരുടെ വീട് മഴയില്‍ വീണിട്ട് ഒരു മാസമായി. കാട്ടിലെ ഒരു ഷെഡിലാണ് ഇപ്പോള്‍ താമസം. പരാതി നല്‍കിയിട്ട്പരിശോധിക്കാന്‍പോലും ആരും വന്നില്ല. തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് അച്ചന്‍കോവിലിലെത്തുക ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടായതുതന്നെ കാരണം.

                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: