|
ലോകത്തിന്റെ
ആയുധപ്പുര
1945 ഓഗസ്റ്റ് 6. ലോകമനഃസാക്ഷിയുടെ ചേതന
നിലച്ചുപോയ ദിവസം. ടിനിയന്‍ ദ്വീപിലെ അമേരിക്കന്‍ യുദ്ധകേന്ദ്രത്തില്‍ നിന്നും
ഒരു ബോംബര്‍ വിമാനം ആകാശത്തേക്കുയര്‍ന്നു. ഇനോളഗേ എന്ന ആ വിമാനത്തിനകത്ത്
അതിശക്തമായ ഒന്നുണ്ടായിരുന്നു. ലോകത്തില്‍ അതുവരെ പ്രയോഗിക്കാത്തത്ര വീര്യമുള്ള
അണുബോംബ്. ലിറ്റില്‍ ബോയ് എന്ന പേരില്‍ 'ആട്ടിന്‍ തോലണിഞ്ഞ ചെകുത്താന്‍' !
ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നരലക്ഷം ആളുകളെയാണ് ആ
ചെകുത്താന്‍ നോട്ടമിട്ടിരുന്നത്. രാവിലെ 8.15 ന് അത് സംഭവിച്ചു. ലിറ്റില്‍ ബോയ്
എന്ന ആറ്റംബോംബ് ഹിരോഷിമ നഗരത്തിന് മുകളില്‍ പതിച്ചു. നഗരം കത്തിച്ചാമ്പലാകാന്‍
പിന്നെ നിമിഷങ്ങളേ എടുത്തുള്ളൂ! നിരപരാധികളായ രണ്ട് ലക്ഷത്തോളം പേര്‍
നരകത്തീയില്‍ വെന്തെരിഞ്ഞു. അണുബോംബിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന
ഹിബാക്കുഷ എന്നു വിളിക്കപ്പെടുന്നവരാണ് ഈ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍. 68
വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ആ ദുരന്തത്തിന്റെ മുറിപ്പാടുകള്‍ ഇന്നും മായാതെ
നില്‍ക്കുന്നു.

അണുബോംബും മറ്റ് യുദ്ധതന്ത്രങ്ങളും പ്രകൃതിയിലെ
സര്‍വചരാചരങ്ങളേയും ഇല്ലാതാക്കുന്നു അനന്തകാലത്തേക്ക്. തലമുറകളോളം അതിന്റെ
ദുരന്തങ്ങള്‍ വേട്ടയാടുന്നു. എന്നിട്ടും ഹിരോഷിമ നമുക്കൊരു പാഠമായിരുന്നോ?
അമേരിക്ക ശ്മശാന ഭൂമിയാക്കി മാറ്റിയ ഹിരോഷിമയും നാഗസാക്കിയും ദുരന്തപത്രങ്ങളായി
അവശേഷിക്കുമ്പോഴും ലോകത്തെയൊട്ടാകെ ഒരു പിടി ചാരമാക്കാന്‍ കഴിവുള്ള ഹൈഡ്രജന്‍
ബോംബുകള്‍ ലോകത്തിന്റെ ആയുധപ്പുരയിലുണ്ട് എന്നത് മറ്റൊരു വിരോധാഭാസം. ഒരു
കൊച്ചുപയ്യന് ഹിരോഷിമാ നഗരത്തെ ഒരു നരകമാക്കി മാറ്റാന്‍ കഴിഞ്ഞെങ്കില്‍ ഇന്നത്തെ
ലോകത്തെ വലിയചേട്ടന്‍മാര്‍ക്ക് ലോകം തന്നെ ചാമ്പലാക്കാന്‍ സാധിക്കും. ആണവഭീഷണി
ഡമോക്ലീസിന്റെ വാള്‍പോലെ ഓരോ വ്യക്തിയുടേയും തലയ്ക്ക് മുകളില്‍ തൂങ്ങുകയാണ്.
ആയുധവിമുക്തമായ ലോകം, സമാധാനത്തിന്റെ ലോകം സ്വപ്നം കാണുന്ന മനുഷ്യന്‍
ആയുധക്കൂമ്പാരത്തിന് മുകളില്‍ നില്‍ക്കുകയാണ്. നിരാലംബനായി ! യുദ്ധം കിരാതസംസ്‌കാരമാണെന്ന്
അറിയാമായിരുന്നിട്ടും ലോകം ആയുധപന്തയത്തിന് മുതിരുന്നത് ലജ്ജാവഹമാണ്!ഹിരോഷിമയിലും
നാഗസാക്കിയിലും പിടഞ്ഞുവീണ പതിനായിരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു
മുന്നില്‍ ഹിബാക്കുഷകളുടെ ജീവിക്കുന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ നമുക്കൊരുനിമിഷംതലകുനിക്കാം. ലോകസമാധാനത്തിനായി
പ്രാര്‍ഥിക്കാം. ലോകമെങ്ങും സമാധാനം പുലരട്ടെ'' .
പ്രൊഫ്. ജോണ്‍ കുരാക്കാർ
|
No comments:
Post a Comment