Pages

Monday, August 26, 2013

ആധാറിന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കരുത്

                         ആധാറിന്റെ  പേരിൽ 
                     ജനങ്ങളെ ദ്രോഹിക്കരുത് 


പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്‌തമാക്കിയിട്ടും  ഗ്യാസ്‌ ഏജന്‍സികൾ  പഴയതു പോലെ  ജനങ്ങളെ നെട്ടോട്ടമോടിക്കുകയാണ് .കാര്‍ഡില്ലാത്തവര്‍ക്ക്‌ പാചകവാതക സബ്‌സിഡിയില്ലെന്നുമുള്ള വിവാദമായ നിലപാടിനെത്തുടര്‍ന്ന്‌ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നപ്പോഴാണ്‌ പാര്‍ലമെന്ററികാര്യ- ആസൂത്രണ സഹമന്ത്രി രാജീവ്‌ ശുക്ല എല്‍.പി.ജി. സബ്‌സിഡിക്ക്‌ ആധാര്‍ വേണ്ട എന്ന്‌ വ്യക്‌തമാക്കിയത്‌. പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍കാര്‍ഡ്‌ വേണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം തെറ്റാണെന്നും അന്നു മന്ത്രി പറഞ്ഞിരുന്നു. എല്‍.പി.ജിക്കടക്കം കേന്ദ്ര സര്‍ക്കാര്‍ -സബ്‌സിഡികള്‍ക്കും എയ്‌ഡഡ്‌ സ്‌കൂള്‍ പ്രവേശനം, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങല്‍ എന്നിവയ്‌ക്കും ആധാര്‍കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന്‌ കഴിഞ്ഞ മേയിലും ഇതേ മന്ത്രിതന്നെ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.പക്ഷേ, എണ്ണക്കമ്പനികളും  ഗ്യാസ് ഏ ജൻസികളും ഇതൊന്നും അംഗീകരിക്കാന്‍ തയാറല്ല. ഗ്യാസ്‌ സബ്‌സിഡിക്ക്‌ ആധാര്‍ നമ്പര്‍ വേണ്ടെന്ന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുമെന്ന നിലപാടിലാണവര്‍. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ അപേക്ഷ നല്‍കിയാല്‍ ബാങ്ക്‌ അക്കൗണ്ടും ഗ്യാസ്‌ കണക്ഷനുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ്‌ ഗ്യാസ്‌ ഏജന്‍സികളും ബാങ്ക്‌ അധികൃതരും പറയുന്നത്‌. ആധാര്‍ വേണ്ടെന്നതു സംബന്ധിച്ച്‌ എണ്ണക്കമ്പനികളില്‍നിന്ന്‌ തങ്ങള്‍ക്ക്‌, യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ്‌ ഗ്യാസ്‌ ഏജന്‍സികള്‍ പറയുന്നത്‌. അതുകൊണ്ടുതന്നെ ആധാര്‍ നമ്പറില്ലാത്ത അപേക്ഷകള്‍ അവര്‍ സ്വീകരിക്കുന്നുമില്ല.
     കേന്ദ്ര സര്‍ക്കാരിന്റെയും മന്ത്രിയുടെയും പ്രഖ്യാപനങ്ങളും പ്രസ്‌താവനകളും വിശ്വസിച്ച ജനം അക്ഷരാര്‍ഥത്തില്‍ കബളിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്‌. ഇക്കഴിഞ്ഞ ദിവസംവരെ അക്ഷയകേന്ദ്രങ്ങളിലെ ക്യൂവില്‍ വെയിലും മഴയുംകൊണ്ട്‌ മണിക്കൂറുകളോളം നിന്ന്‌ നിരാശരായവര്‍ പ്രത്യാശയോടെയാണ്‌ പുതിയ വാര്‍ത്തയെ സ്വീകരിച്ചത്‌. സാക്ഷാല്‍ കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍വച്ചുതന്നെ പറഞ്ഞ വാക്കുകള്‍ വിശ്വസിച്ച അവര്‍ ആധാര്‍ നമ്പറില്ലാത്ത അപേക്ഷകളുമായി ഗ്യാസ്‌ ഏജന്‍സികളില്‍ ചെന്നപ്പോഴാണ്‌ വീണ്ടും കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്‌. ജനങ്ങളുടെ ദിനങ്ങളിപ്പോള്‍ അക്ഷയകേന്ദ്രങ്ങളുടെ മുന്നിലും ബാങ്കുകള്‍ക്കു മുന്നിലും ഗ്യാസ്‌ ഏജന്‍സിക്കു മുന്നിലുമൊക്കെ ക്യൂനിന്നു തീരുകയാണ്‌. അന്നന്നേടത്തെ അഷ്‌ടിക്കുള്ള വക തേടി ജോലിക്കു പോകേണ്ടവര്‍ അതെല്ലാം ഉപേക്ഷിച്ചു വേണം ക്യൂവില്‍ നില്‍ക്കാന്‍.
ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൊണ്ടല്ല അവരീ കഷ്‌ടതകള്‍ അനുഭവിക്കുന്നതെന്നു മന്ത്രിമാരും സര്‍ക്കാരും മനസിലാക്കണം. എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ഉത്തരവാദിത്വമില്ലായ്‌മകൊണ്ടോ കെടുകാര്യസ്‌ഥതകൊണ്ടോ അത്‌ കുളമാക്കിയിട്ട്‌ അതിന്റെ പാപഭാരം ജനം അനുഭവിച്ചോളൂ എന്നു പറയുന്നത്‌ ഒട്ടും ശരിയല്ല. ജനം ആധാറിന്‌ അപേക്ഷിക്കാഞ്ഞിട്ടോ കാര്‍ഡ്‌ വേണ്ടാന്നു മനപ്പൂര്‍വം കരുതിയിട്ടോ അല്ല അവര്‍ക്കതു ലഭിക്കാത്തതെന്ന്‌ മന്ത്രിമാര്‍ അറിയണം. അപേക്ഷിച്ചിട്ട്‌ ഒന്നും രണ്ടും വര്‍ഷമായവര്‍ക്ക്‌ എന്തുകൊണ്ട്‌ കാര്‍ഡ്‌ നല്‍കിയില്ല എന്ന്‌ മന്ത്രിമാര്‍ അന്വേഷിക്കണം. പോസ്‌റ്റോഫീസുകളില്‍ കെട്ടിക്കിടക്കുന്നുവെന്നു പറയുന്ന കാര്‍ഡുകള്‍ എന്തുകൊണ്ടു വിതരണം ചെയ്യുന്നില്ല എന്ന്‌ മന്ത്രിമാര്‍ തെരക്കണം. ആരുടെ ഭാഗത്താണ്‌ തെറ്റെന്നു മനസിലാക്കി അവര്‍ക്കെതിരേ നടപടിയെടുക്കണം. അല്ലാതെ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്നതുപോലെ ജനത്തെ കഷ്‌ടപ്പെടുത്തുകയും തെക്കുവടക്കുനടത്തുകയുമല്ല വേണ്ടത്‌.
    അപേക്ഷിച്ചവര്‍ക്കെല്ലാം കാര്‍ഡ്‌ ലഭ്യമാക്കിക്കഴിഞ്ഞേ സബ്‌സിഡി ബാങ്കുവഴി ആക്കാവൂ. അതുവരെ സബ്‌സിഡി പഴയപടിതന്നെ നല്‍കണം. അതല്ലെങ്കില്‍ പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍ നമ്പര്‍ വേണ്ട എന്ന്‌ പ്രഖ്യാപിച്ച മന്ത്രിയും കേന്ദ്ര സര്‍ക്കാരും വാക്കുപാലിച്ച്‌ ജനങ്ങളോടു നീതിപുലര്‍ത്തണം. ആധാര്‍ നമ്പര്‍ ഇതുവരെ ലഭിക്കാത്തവര്‍ക്കും സബ്‌സിഡി ലഭ്യമാക്കാനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം. 123 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്‌തിരിക്കുന്നത്‌ 40 കോടിയോളം ആധാര്‍ കാര്‍ഡാണ്‌. 2014 ആകുമ്പോള്‍ ഇത്‌ 60 കോടിയാക്കാനാണ്‌ ലക്ഷ്യമെന്ന്‌ അധികൃതര്‍ പറയുന്നു. ഒരു ചെറിയ സംസ്‌ഥാനത്തുപോലും ഇതുവരെ അവിടത്തെ മുഴുവന്‍ പേര്‍ക്കും കാര്‍ഡ്‌ ലഭ്യമാക്കാതെ മുഴുവന്‍പേരെയും ബാധിക്കുന്നതരത്തില്‍ നിയമം കൊണ്ടുവരുന്നതു ശരിയല്ല. ആധാര്‍ സംബന്ധിച്ച്‌ ഒരു നിയമം ഇതുവരെ പാര്‍ലമെന്റുപോലും പാസാക്കിയിട്ടില്ല. ആധാരിന്റെ പേരിൽ  ജനത്തെ  നെട്ടോട്ടമോടിക്കുന്ന  രീതി  ഗ്യാസ് ഏജൻസികൾ  നിർത്തണം .

                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

-

No comments: