പട്ടിണിമാറ്റിയ സ്ത്രീവേഷങ്ങൾ
പെണ്ചമയമിട്ട ആണ് ഉടലുകള്‍
എം.എച്ച്. അനുരാജ്
ഈ പെണ്ചമയത്തിനു പിന്നിലെ ആണ് ഉടലുകള്‍ തികഞ്ഞ കലാകാരന്മാരുടേതാണ്. വേദികളെ ഇളക്കിമറിക്കുന്ന ഇവരുടെ സ്ത്രൈണത പക്ഷേ ഒരു വേഷംമാറലില് തീരുന്നു. അതിനപ്പുറം ഇവരെല്ലാം എന്തിനുംപോന്ന ആണുങ്ങള്‍. ചിലര്‍ കരുതുംപോലെ തങ്ങള്‍ 'ചാന്തുപൊട്ടുകള്‍' അല്ല എന്നിവര്‍ അല്‍പ്പം രോഷത്തോടെ പറയുന്നു.റിയാലിറ്റി ഷോകളുടെ പുതുമയ്ക്കായുള്ള നെട്ടോട്ടമാണ് ഈ കലാകാരന്മാര്ക്ക് ഭാഗ്യം തെളിച്ചത്. പെണ്ണുടലിന്റെ ചാരുത ചോരാതെ വേദിയില്‍ അവതരിപ്പിക്കുക എന്നത് നിസാരമല്ല. നല്ല നിരീക്ഷണവും തയ്യാറെടുപ്പും അതിനാവശ്യമുണ്ട്. തികഞ്ഞ കലാകാരനേ തന്മയത്വത്തോടെ ഒരു പെണ്വേഷം അവതരിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ മറ്റു കലാകാരന്മാര്ക്ക് കിട്ടുന്ന പരിഗണനയോ അംഗീകാരമോ ഇവര്ക്കു പലപ്പോഴും കിട്ടുന്നില്ല. കുടുംബം പുലര്‍ത്താന്‍ മുമ്പ് കൂലിപ്പണിക്ക് പോയിരുന്നവരാണ് ഇവരില്‍ പലരും. ആരൊക്കെ പരിഹസിച്ചാലും എന്തെല്ലാം പറഞ്ഞാലും വീട്ടിലെ പട്ടിണിമാറ്റിയ സ്ത്രീവേഷങ്ങളോട് ഇവര്ക്ക് ഇഷ്ടംമാത്രം. പറ്റുന്നിടത്തോളം ഇത്തരം വേഷങ്ങള്‍ അവതരിപ്പിക്കണം. പ്രകടനം മെച്ചപ്പെടുത്തണം. അതാണിവരുടെ ആഗ്രഹം.എന്തെങ്കിലും കുഴപ്പമൊപ്പിച്ചിട്ട് പിടിക്കപ്പെടുമ്പോള്‍ ടിവി പ്രോഗ്രാമിലെ കലാകാരന്മാരാണെന്നു പറഞ്ഞു തടിതപ്പുന്ന വിരുതന്മാര് തങ്ങളുടെ സ്ഥിരം തലവേദനയാണെന്ന് ഇവര്‍ പറയുന്നു. പരിപാടിക്കു പോകുന്നവഴി ചില പോലീസുകാരുടെ മുന്നില്‍പ്പെട്ടാല്‍ അന്നത്തെ ദിവസം പോക്കുതന്നെ. സാമൂഹ്യ വിരുദ്ധന്മാരെക്കാണുന്ന കണ്ണുകൊണ്ടാണ് ചില നിയമപാലകര്‍ കലാകാരന്മാരായ ഇവരേയും കാണുന്നത്. എങ്കിലും സ്നേഹിക്കുകയും ഇവരിലെ കലാകാരന്മാരെ അംഗീകരിക്കുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുണ്ട്. അക്കൂട്ടത്തില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ട്. വീട്ടമ്മമാര്‍ പലപ്പോഴും വസ്ത്രങ്ങള്‍ സമ്മാനമായി നല്കും. എന്നിട്ടു പറയും 'നിങ്ങള്‍ ഉടുക്കുമ്പോഴാണ് അതിന്റെ ഭംഗി'. ഇങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമെത്തുന്ന പ്രോത്സാഹനവും സ്നേഹവുമാണിവരുടെ കരുത്ത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment