ചരിത്രം കുറിച്ച്
പ്രൊഫ. കെ.വി തോമസ്
മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ വിശപ്പിന് പരിഹാരം കാണാനുള്ള സുപ്രധാന നിയമമായ ഭക്ഷ്യ സുരക്ഷാ ബിൽ അവതരിപ്പിക്കുക വഴി ചരിത്രത്തിലേക്കാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി. തോമസ് നടന്നു കയറുന്നത്. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ യു.പി.എയുടെ ജയപരാജങ്ങൾ നിശ്ചയിക്കുന്നതിലെ സുപ്രധാന ഘടകമാണ് ഈ നിയമവും അതിന്റെ നടത്തിപ്പും. സഭയിൽ അത്യപൂർവ്വമായി മാത്രം സംസാരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ ബിൽ ചർച്ചയിൽ പങ്കെടുത്തത് ഈ നിയമത്തെ കോൺഗ്രസ് എത്ര പ്രതീക്ഷയോടെയും പ്രാധാന്യത്തോടെയുമാണ് കാണുന്നത് എന്നതിന്റെ തെളിവാണ്.ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനു പിന്നിൽ മൂന്നാം യു.പി.എ സർക്കാർ സാദ്ധ്യമാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി കോൺഗ്രസിനുണ്ട്. ദേശീയ തൊഴിൽ ഉറപ്പു പദ്ധതി നടപ്പാക്കുക വഴി രണ്ടാം യു.പി.എ സർക്കാരിനുളള വഴി തെളിഞ്ഞതു പോലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുക വഴി ഭരണ തുടർച്ച സാദ്ധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കൃഷി മന്ത്രി ശരത് പവാറിൽ നിന്ന് ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകൾ വേർപെടുത്തി കെ.വി. തോമസിന് സ്വതന്ത്ര ചുമതല ഏൽപ്പിച്ചതും ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ക്രെഡിറ്റ് പൂർണമായും കോൺഗ്രസിനു തന്നെ ലഭിക്കണം എന്ന ലക്ഷ്യത്തിൽ കൂടിയാണ്.തിരഞ്ഞെടുപ്പു ജയപരാജയങ്ങളിൽ നിർണായകമായ ഈ ചുമതല കോൺഗ്രസ് പാർട്ടി വിശ്വസിച്ച് ഏൽപ്പിച്ചു എന്നത് കെ.വി തോമസിനുളള അംഗീകാരമാണ്. ഒപ്പം അതിബൃഹത്തും പ്രായോഗികമായി ഏറെ തടസ്സങ്ങൾ നേരിടേണ്ടതുമായ ഈ പദ്ധതി നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് അദ്ദേഹത്തിനുള്ളത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment