കേരളത്തിനുഹൈടെക് കൃഷിതന്നെ
ഇനി ആശ്രയം
സൗദി അറേബ്യയിലെ അനുകൂല കാലാവസ്‌ഥയുള്ള അല്‍ബിര്‍ക്കി മേഖലയില്‍ റബര്‍ക്കൃഷിക്കു നേതൃത്വം നല്‍കുന്നത് പാലക്കാട്ടെ ശ്രീകൃഷ്‌ണപുരത്തുള്ള കുര്യച്ചിറയില്‍ കുര്യാക്കോസ് എന്ന 81 പിന്നിട്ട റബര്‍ കര്‍ഷകനാണ്. 1998-ലെ കര്‍ഷകശ്രീ ബഹുമതി നേടിയ കുര്യാക്കോസ് 1971-ല്‍ കോട്ടയം ജില്ലയില്‍ നിന്ന് പാലക്കാട്ടേക്കു കുടിയേറിയ ആറാം ക്ലാസുകാരനാണ്.
കുര്യാക്കോസിന്റെ ജീവിതം കാര്‍ഷികരംഗത്തെ പരീക്ഷണ ഗവേഷണങ്ങള്‍ക്കുവേണ്ടി നീക്കിവച്ച ഒന്നാണ്. അദ്ദേഹം കണ്ടുപിടിച്ച യങ് ബഡ് റൂട്ട് കപ്പ് തൈകള്‍ എന്നത് റബര്‍തൈ രംഗത്തെ നൂതന പരീക്ഷണമാണ്. അതാണ് അദ്ദേഹം സൗദി അറേബ്യയില്‍ എത്തിച്ചിരിക്കുന്നത്. റബര്‍ അല്ല സുഗന്ധ ദ്രവ്യങ്ങളായാലും തേയിലയും കാപ്പിയുമെല്ലാമായാലും ഇനി ഒരു ജനതയുടേയും ഒരു പ്രദേശത്തിന്റേയും കുത്തകയല്ലാതായി മാറാന്‍ പോവുകയാണ്.ഈ മാറ്റം മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്‌താലല്ലാതെ കേരളത്തിനു കാര്‍ഷികരംഗത്ത് ഇനി മുന്നോട്ടു പോകാനാവുകയില്ല എന്നതാണു സ്‌ഥിതി. കൃഷി എന്നത് കേരളത്തിലും ഇനി ഹൈടെക് കൃഷിയാക്കി മാറ്റിയേ മതിയാകൂ. അത് നെല്‍ക്കൃഷിയുടെ കാര്യത്തില്‍ പോലും സംഭവിക്കാന്‍ പോവുകയാണ്.കാര്‍ഷികരംഗത്ത് കേരളം മരവിക്കാന്‍ കാരണം വിദ്യാഭ്യാസം കേരളീയരുടെ പുതിയ തലമുറയെ മണ്ണിലിറങ്ങി പണിയെടുക്കാന്‍ മടിയുള്ളവരാക്കി മാറ്റിയെന്നതാണ്. ഭക്ഷ്യവിളയുടെ കാര്യത്തിലായാലും നാണ്യവിളയുടെ കാര്യത്തിലായാലും പരമ്പരാഗത കൃഷിക്കാരുടെ പിന്‍തലമുറക്കാര്‍ക്കു കൃഷിയില്‍ ഇന്ന് യാതൊരു താല്‌പര്യവുമില്ല. ആ പുതിയ തലമുറ പരമ്പരാഗതമായി കിട്ടിയ കൃഷിഭൂമിയോടും കാര്‍ഷിക തൊഴിലിനോടും വിടപറഞ്ഞിരിക്കുന്നു. കര്‍ഷക സന്തതികള്‍ക്കെല്ലാം വേണ്ടത് ഓഫീസ് മുറികളിലിരുന്ന് ശരീരം വിയര്‍ക്കാതെ ചെയ്യാവുന്ന വെള്ളക്കോളര്‍ ജോലിയാണ്. അവര്‍ക്കെല്ലാം ഉദ്യോഗം വേണ്ടത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സര്‍വീസ് സെക്‌ടര്‍ എന്നീ രംഗങ്ങളിലുമാണ്. അതേസമയത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ തയാറായിക്കൊണ്ട് കാര്‍ഷികരംഗത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നവരാകട്ടെ ഇപ്പോള്‍ പ്രശ്‌നങ്ങളുടെ നടുവിലുമാണ്. അവര്‍ക്കു കൃഷിപ്പണി ചെയ്യാന്‍ ജോലിക്കാരെ കിട്ടാനില്ല. വര്‍ഷത്തില്‍ പത്തോ ഇരുപതോ ദിവസം മാത്രം പാടത്ത് ഞാറു നടുകയും കള പറിക്കുകയും ചെയ്യുന്ന തൊഴിലിന് ഇനി സ്‌ത്രീകളെ കിട്ടില്ല. ഏതെങ്കിലും കടയില്‍ സെയില്‍സ് ഗേളായി പോയാല്‍ പ്രതിമാസം ആറായിരവും ഏഴായിരവും രൂപ ലഭിക്കും. പട്ടണങ്ങളില്‍ വീട്ടുജോലിക്കു പോയാല്‍ ഭക്ഷണത്തിനു പുറമെ മാസം മൂവായിരവും നാലായിരവും കിട്ടും. ഇതിനും പുറമെ കൃഷിക്കാര്‍ക്കു വളവും വെള്ളവും കിട്ടാനില്ല. എന്നിട്ടും ഉല്‌പാദിപ്പിക്കുന്ന വിളകള്‍ക്കാകട്ടെ ന്യായമായ വിലയും കിട്ടാനില്ല.
ഈ പരിതസ്‌ഥിതിയിലാണ് കാര്‍ഷികരംഗത്ത് കേരളീയന്റെ കാഴ്‌ചപ്പാട് ആകെ മാറ്റേണ്ടി വരുന്നത്. ഹൈടെക് ഫാമിംഗ് എന്ന കൃഷി സമ്പ്രദായം നടപ്പാക്കുക മാത്രമാണ് ആ മാര്‍ഗം. ഹൈടെക് കൃഷിയെന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പ്ര?ട്ടക്‌ടഡ് കള്‍ട്ടിവേഷനേയോ പ്രിസിഷന്‍ ഫാമിംഗിനേയോ ആണ്.ഇതിനുവേണ്ടി ഗ്രീന്‍ ഹൗസുകള്‍ നിര്‍മിച്ച് അതിനുള്ളിലെ ചൂടും ഈര്‍പ്പവും വളവും ജലസേചനവുമെല്ലാം നിയന്ത്രിത തോതില്‍ ലഭ്യമാക്കി പച്ചക്കറി കൃഷിയും പുഷ്‌പക്കൃഷിയുമെല്ലാം നടത്താം. അതേസമയം തുറസായ സ്‌ഥലങ്ങളില്‍ ഡ്രിപ്പ് ഇറിഗേഷനും ഫലപ്രദമായ ഫര്‍ട്ടിലൈസേഷനും മറ്റും നടപ്പാക്കി വാഴക്കൃഷിയടക്കമുള്ള മറ്റു കൃഷികളും നടത്താം. ഒരു ഏക്കറില്‍ സാധാരണ പച്ചക്കറി കൃഷി ചെയ്‌താല്‍ പരമാവധി അഞ്ചോ ആറോ ടണ്‍ വിളവു ലഭിക്കുമെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ അത് 12 ടണ്ണായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കേരളത്തിലെ പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞിരിക്കുന്നത്.
ഇന്നു രണ്ടായിരം ടണ്‍ പച്ചക്കറിയാണ് ഓരോ ദിവസവും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്. അതി മാരകമായ കീടനാശിനികളും ദോഷകരമായ രാസവളങ്ങളുമാണ് ഈ പച്ചക്കറിയുടെ മുഴുവന്‍ ഉല്‌പാദനത്തിനു ഉപയോഗിക്കുന്നതെന്നത് മറ്റൊരു ദുരന്തം. ഇവിടെയാണു കേരളത്തില്‍ ഹൈടെക് കൃഷിക്കു പ്രസക്‌തിയുണ്ടായിരിക്കുന്നത്.വിവിധ വിളകള്‍ക്ക് അനുസൃതമായ നിലയില്‍ പ്രകൃതിയെ നിയന്ത്രിച്ചെടുക്കുന്ന ഗ്രീന്‍ ഹൗസ് ഫാമിംഗ് എന്ന സമ്പ്രദായത്തിലൂടെ സാധാരണ കൃഷിയുടെ എട്ടിരട്ടിയിലധികം വിളവുണ്ടാക്കാന്‍ കഴിയുമെന്ന് കേരളത്തില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റേയും ദേശീയ കൃഷി വികാസ് യോജനയുടേയും പദ്ധതികളനുസരിച്ച് ഗ്രീന്‍ ഹൗസ് ഹൈടെക് കൃഷിക്ക് അമ്പതു ശതമാനം വരെയാണിപ്പോള്‍ കര്‍ഷകര്‍ക്കു സബ്‌സിഡി ലഭ്യമാക്കുന്നത്. അതേസമയം തുറസായ സ്‌ഥലത്ത് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം നടപ്പാക്കുന്നതിന് 90 ശതമാനം വരേയും സബ്‌സിഡി ലഭിക്കും. സാധാരണ കൃഷിയില്‍ രണ്ടര ഏക്കര്‍ സ്‌ഥലത്തു നിന്നു ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസില്‍ 25 സെന്റ് സ്‌ഥലത്തുനിന്നു ലഭ്യമാകും.
മണ്ണിലിറങ്ങാതെ ഗ്രീന്‍ ഹൗസുകളില്‍ കൃഷി നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പലേ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. കൃഷി എന്നത് അന്തസിനു പറ്റിയ തൊഴിലല്ലെന്ന മനോഭാവം മാറാന്‍ പോവുകയാണ്. ഒരു ഐടി പ്രഫഷണല്‍ സോഫ്‌റ്റ്വേര്‍ വികസിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതുപോലെ ഒരു ടെന്‍ഷനുമില്ലാതെ കൃഷി നടത്തി പണമുണ്ടാക്കുന്ന അവസ്‌ഥയില്‍ അഭ്യസ്‌തവിദ്യരെ എത്തിക്കുക എന്നതാണു പുതിയ പരിപാടികളുടെ അന്തിമ ലക്ഷ്യം. വന്‍കിട കമ്പനികള്‍ ദേശീയ തലത്തില്‍ തന്നെ ഹൈടെക് കൃഷിയില്‍ വന്‍തോതില്‍ മുതല്‍ മുടക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിലെ അഭ്യസ്‌തവിദ്യരായ യുവാക്കളും ഈ വഴി പിന്‍തുടര്‍ന്നു കൂടായ്‌കയില്ല.
കേരളീയരുടെ മാനസിക ഘടനയിലാണ് സാരമായ മാറ്റം വരേണ്ടത്. ഞാന്‍ ഇസ്രായേലില്‍ ചെന്ന അവസരത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ എന്റെ സതീര്‍ഥ്യനായിരുന്ന മോസസ് മെര്‍ഡേക്ക് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുകയാണ്.
കേരളീയരുടെ മാനസിക ഘടനയിലാണ് സാരമായ മാറ്റം വരേണ്ടത്. ഞാന്‍ ഇസ്രായേലില്‍ ചെന്ന അവസരത്തില്‍ എറണാകുളം മഹാരാജാസ് കോളജില്‍ എന്റെ സതീര്‍ഥ്യനായിരുന്ന മോസസ് മെര്‍ഡേക്ക് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുകയാണ്.
കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്കു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ യഹൂദനാണ് മോസസെങ്കിലും കോളജ് രാഷ്‌ട്രീയവും മറ്റും കളിച്ചു നടന്നിരുന്ന അയാളുടെ ഹൃദയം ഇപ്പോഴും കേരളത്തിലാണ്. ഗ്രീന്‍ ഹൗസ് ഫാമിംഗിലൂടെ കാപ്‌സിക്കം മുളക് കൃഷി ചെയ്യാന്‍ പറ്റിയ കാലാവസ്‌ഥ കേരളത്തിലാണെന്ന് ഇസ്രായേല്‍ കണ്ടെത്തി. അതേത്തുടര്‍ന്ന് കേരളത്തില്‍ വ്യാപകമായി കാപ്‌സിക്കം കൃഷി ചെയ്യാനുള്ള പരിപാടി അവര്‍ തയാറാക്കി. അതിനുള്ള മുതല്‍ മുടക്ക് ഇസ്രായേല്‍ നടത്തും. പിന്നീട് വിളവു മുഴുവന്‍ രാജ്യം വാങ്ങും. ആ പദ്ധതി സംബന്ധിച്ച ചര്‍ച്ച നടത്തുന്ന കാര്യങ്ങള്‍ മുഴുവന്‍ കേരളത്തില്‍ ജനിച്ച മോസസിനെയാണ് ഇസ്രായേല്‍ കൃഷിവകുപ്പ് ഏല്‌പിച്ചത്.
മോസസ് കേരളത്തിലെത്തി
1990-ലെ കൃഷിവകുപ്പു മന്ത്രിയായിരുന്ന സി.പി.ഐ. നേതാവ് കൃഷ്‌ണന്‍ കണിയാംപറമ്പിലുമായി വിശദമായ ചര്‍ച്ച നടത്തി. മന്ത്രിക്ക് ആ പദ്ധതി വളരെ സ്വീകാര്യമായി തോന്നി. അതിനെല്ലാ സഹകരണവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. അതിന്റെ ഭാഗമായി മന്ത്രി കൃഷ്‌ണന്‍ കണിയാംപറമ്പില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയ ശേഷം പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. കേരളത്തിന് ഏറെ നേട്ടമുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്.
പക്ഷേ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ഈ കാപ്‌സിക്കം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേരള സര്‍ക്കാരിനു കഴിയാതെ വരുന്നു എന്ന കാര്യം വളരെ ഖേദത്തോടെ മന്ത്രി കണിയാംപറമ്പില്‍ ഇസ്രായേല്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇസ്രായേലുമായി സഹകരിച്ച് ഒരു കൃഷി പദ്ധതി തുടങ്ങുന്നതിനു സി.പി.ഐ. നേതൃത്വം സമ്മതിക്കുന്നില്ല എന്നു മന്ത്രി അറിയിച്ചതായാണ് മോസസ് എന്നോടു പറഞ്ഞത്. ഇസ്രായേലും കമ്മ്യൂണിസ്‌റ്റ് ചൈനയുമായി സഹകരിച്ച് കാര്‍ഷിക പദ്ധതികള്‍ നടത്തുന്നുണ്ടെന്ന് മോസസ് അന്ന് എന്നോടു പറഞ്ഞ കാര്യവും ഞാന്‍ ഓര്‍ക്കുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment