Pages

Sunday, August 4, 2013

ആതുരസേവനത്തിന്റെ ആദ്യക്ഷരം കുറിച്ച് അസ്‌ന

ആതുരസേവനത്തിന്റെ
ആദ്യക്ഷരം കുറിച്ച് അസ്‌ന
ആതുരസേവനത്തിന്റെ വലിയ ഉത്തരവാദിത്വത്തിലേക്ക് കൃത്രിമക്കാലില്‍ ചുവടുവെച്ച് അസ്‌നയെത്തി. കണ്ണൂരിന്റെ രാഷ്ട്രീയ മുറിപ്പാടുകളെ പിന്നില്‍ ഉപേക്ഷിച്ച്, വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാവണം ജീവിതമെന്ന ദൃഢനിശ്ചയവുമായി. അസ്‌ന ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. ബിരുദ വിദ്യാര്‍ഥിനി.2 0 1 3  ഓഗസ്റ്റ്‌  3  ന് ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ അസ്‌ന പ്രവേശനം നേടുമെന്ന വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ നീണ്ടനിര കാത്തുനില്‍പ്പുണ്ടായിരുന്നു. അച്ഛന്‍ നാണുവിനൊപ്പമാണ് അസ്‌ന എത്തിയത്. വല്ല്യച്ഛന്റെ മകന്‍ മനുവും നാട്ടുകാരനായ ഭാസ്‌കരന്‍ മാഷും ഒപ്പമുണ്ടായിരുന്നു. ചെറുതെങ്കിലും പതര്‍ച്ചയില്ലാത്ത ചുവടുകള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉറച്ച മറുപടി. 
ബാല്യത്തിന്റെ ഓര്‍മകളില്‍ ഡോക്ടര്‍മാരും ആസ്പത്രി വരാന്തകളും നിറഞ്ഞതിനാലാവണം ഡോക്ടറാവണമെന്നതു തന്നെയായിരുന്നു ആഗ്രഹം- അസ്‌ന പറഞ്ഞുതുടങ്ങുന്നു. ആദ്യം എം.ബി.ബി.എസ്. പൂര്‍ത്തിയാക്കണം. ഉപരിപഠനം ഏതു വിഷയത്തില്‍ വേണമെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, ഒന്നുറപ്പ് സാധാരണക്കാര്‍ക്ക് ഏതു സമയത്തും ആശ്രയിക്കാവുന്ന ഡോക്ടറായി ഞാനുണ്ടാകും. അസ്‌ന വാക്ക് തരുന്നു. വികലാംഗ ക്വാട്ടയില്‍ 18-ാം റാങ്കോടുകൂടിയാണ് അസ്‌ന എം.ബി.ബി.എസ്സിന് പ്രവേശനം നേടിയത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബോംബ് സ്‌ഫോടനത്തില്‍ അസ്‌നയ്ക്ക് കാല് നഷ്ടപ്പെടുന്നത്. മുറ്റത്ത് കളിക്കുമ്പോള്‍ അക്രമികള്‍ എറിഞ്ഞ ബോംബില്‍ ഒന്നാം ക്ലാസ്സുകാരി അസ്‌നയ്‌ക്കൊപ്പം അനിയന്‍ ആനന്ദിനും അമ്മ ശാന്തയ്ക്കും ഗുരുതരമായി പരിക്കേറ്റു. മാസങ്ങള്‍ നീണ്ട ആസ്പത്രി വാസം. ഒടുക്കം അസ്‌നയുടെ വലതുകാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് കൃത്രിമക്കാല്‍ വെച്ചു. ഇപ്പോഴും വര്‍ഷാവര്‍ഷം കൃത്രിമക്കാല്‍ മാറ്റണം.

മരുന്നുകളും ആസ്പത്രികളും ഇതിനകം ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്ന് അസ്‌ന. എങ്കിലും ഒരിക്കലും പഠനത്തില്‍ പുറകോട്ടു പോയില്ല. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സോടെ വിജയം. പ്ലസ് ടുവിനും 86 ശതമാനം മാര്‍ക്കുണ്ട്. പിന്നീട് ഒരു കൊല്ലം തൃശ്ശൂരില്‍ എന്‍ട്രന്‍സ് പരിശീലനം. അതുകൊണ്ടുതന്നെ ഹോസ്റ്റലില്‍ നിന്ന് പഠിക്കാന്‍ വിഷമമുണ്ടാവില്ലെന്ന് അസ്‌ന പറഞ്ഞു. അസ്‌നയ്ക്കായി ചെറിയ വരവേല്‍പ്പും മെഡിക്കല്‍ കോളേജ് സ്റ്റുഡന്‍റ്‌സ് യൂണിയന്‍ ഒരുക്കിയിരുന്നു. യൂണിയന്റെ മെമന്‍േറായും സ്റ്റെതസ്‌കോപ്പും കളക്ടര്‍ സി.എ. ലത അസ്‌നയ്ക്ക് സമ്മാനിച്ചു. ആഗസ്ത് 12-നാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. 
മനക്കരുത്ത് ഒന്നുകൊണ്ടുമാത്രമാണ്  അസ് നാ  ഈ  നിലയിൽ  എത്തിയത് . മനകരുത്ത് വരുംനാളുകളില്‍ അസ്‌നയെ കൂടുതല്‍ നേട്ടങ്ങളിലേക്കെത്തിക്കട്ടെ. അസ്‌നയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രയത്‌നം എല്ലാ കുട്ടികള്‍ക്കും മാതൃകയാകേണ്ടതാണ്. ശാരീരികപ്രശ്‌നങ്ങള്‍ പഠനസമയത്തിന്റെ വലിയൊരു പങ്ക് അപഹരിച്ചപ്പോഴും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും അസ്‌ന ഉന്നതവിജയം നേടിയിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിലൂടെ ആഗ്രഹിച്ച പഠനശാഖയില്‍ പ്രവേശനം നേടുകയും ചെയ്തു. അസ്‌നയ്ക്കു പുറമെ ഗോപികയും പൂര്‍ണചന്ദ്രനുമെല്ലാം അക്രമരാഷ്ട്രീയത്തിന്റെ ഇരകളാണ്. അവരുടെ വിഷമതകള്‍ കണ്ടറിഞ്ഞെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവര്‍ അക്രമത്തിന്റെ പാത വെടിയേണ്ടതാണ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ എതിരാളികളെ ഒതുക്കാന്‍ നടത്തുന്ന അക്രമങ്ങളില്‍ ഇതിലൊന്നും പെടാത്തവരും ഇരയാക്കപ്പെടുകയാണ് . അക്രമം ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കി ഈ പ്രവണതയ്ക്ക് അറുതി വരുത്തണം.അക്രമത്തിന് അവസാനമില്ലെന്നാണ്  തുടർച്ചയായ സംഭവങ്ങള്‍ തെളിയിക്കുന്നത്.  ഇരുവശവും നില്‍ക്കുന്ന കക്ഷികളില്‍ മാറ്റമുണ്ടാകാം. ആക്രമിക്കാന്‍ എത്തുന്നത് രാഷ്ട്രീയഎതിരാളികള്‍ നേരിട്ടാകണമെന്നില്ല. അതത് കക്ഷികളോടൊപ്പം പ്രവര്‍ത്തിക്കുന്ന വാടകക്കൊലയാളികള്‍ രംഗത്തുണ്ട്. സംസ്ഥാനത്ത് ഇപ്പോഴും അക്രമരാഷ്ട്രീയത്തിന് വേരോട്ടമുണ്ട് എന്ന് വ്യക്തം. ഒളിച്ചുവെച്ച ബോംബുകളും വടിവാളുകളും മറ്റ് ആയുധങ്ങളും വിവിധ ജില്ലകളില്‍ നിന്ന് പോലീസ് പിടികൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ എതിരാളികളെ കീഴ്‌പ്പെടുത്താന്‍ അക്രമമാണ് വഴി എന്ന കാഴ്ചപ്പാട് എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും വെടിഞ്ഞേ തീരൂ. സമൂഹനന്മയ്ക്കുതകുന്ന സത്യസന്ധമായ പ്രവൃത്തികളിലൂടെയാണ് രാഷ്ട്രീയക്കാര്‍ ജനമനസ്സുകളില്‍ ഇടംപിടിക്കേണ്ടത്. ജനങ്ങള്‍ നല്‍കുന്ന വോട്ടിലൂടെയാണ് രാഷ്ട്രീയ പ്രതിയോഗിക്കുമേല്‍ വിജയം നേടേണ്ടത്. എന്നാല്‍, രാഷ്ട്രീയത്തെ പൊതുമുതല്‍ കൈയിട്ട് വാരാനുള്ള വഴിയായി കാണുന്നവരുടെയും അധികാരത്തിനായി അക്രമമുള്‍പ്പെടെ ഏതു മാര്‍ഗവും തേടാന്‍ മടിയില്ലാത്തവരുടെയും എണ്ണം നാട്ടില്‍ കൂടിവരികയാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ പുതുതലമുറ മുന്നോട്ടു  വരുമെന്ന്  പ്രതീക്ഷിക്കാമോ ?

                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 




                                                       

No comments: