Pages

Sunday, August 4, 2013

തകർന്ന റോഡുകളും നടുവൊടിയുന്ന ജനങ്ങളും

                       തകർന്ന  റോഡുകളും 
                   നടുവൊടിയുന്ന  ജനങ്ങളും 


മഴക്കാലത്തു തകര്‍ന്നടിഞ്ഞ കേരളത്തിലെ റോഡുകള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വരുത്തിവച്ചത്‌ ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല. മഴയാരംഭിച്ചതോടെ ടാറിംഗ്‌ തകര്‍ന്ന്‌ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വീണ്‌ ഇരുചക്രവാഹന യാത്രക്കാരുള്‍പ്പെടെ നിരവധിപേരാണ്‌ അപകടത്തില്‍പ്പെട്ടത്‌. കുഴികളില്‍ നിരന്തരമായി ചാടി ഓടാന്‍ തുടങ്ങിയതോടെ കെ.എസ്‌.ആര്‍.ടി.സിയുള്‍പ്പെടെയുള്ള ബസുകള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിക്കണമെങ്കില്‍ കോടികള്‍ ചെലവിടണം. തകര്‍ന്ന റോഡിലൂടെയുള്ള ഓട്ടം ഓരോ വാഹനത്തിനും ഇന്ധനച്ചെലവില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടാക്കിയത്‌. റോഡിന്റെ തകര്‍ച്ചമൂലം മുക്കിനുമുക്കിനുണ്ടായ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളമാണ്‌ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്‌. ഈ കുരുക്കുകളില്‍പ്പെട്ട്‌ നിരങ്ങിനിരങ്ങിയുള്ള ഓട്ടമാണ്‌ ഇന്ധനച്ചെലവേറ്റിയത്‌. ഇതിലെല്ലാം വലിയ തുകയാണ്‌ റോഡ്‌ തകര്‍ന്നതിലൂടെ സര്‍ക്കാരിനുണ്ടായത്‌. 300 കോടിയോളം രൂപ ഈയിനത്തില്‍ സര്‍ക്കാരിനു നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണു സൂചന. റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനുണ്ടാകുന്ന കോടികള്‍ വേറെയും.
ഇത്തവണ റോഡുകള്‍ തകര്‍ന്നപ്പോള്‍ താത്‌ക്കാലികമായി ചെയ്‌ത പരിഹാര നടപടികളാണ്‌ കൂനിന്മേല്‍ കുരുവായി മാറിയത്‌. മെറ്റലും പാറപ്പൊടിയും ചെളിനിറഞ്ഞ ചെറ്റക്കല്ലുമൊക്കെ കുഴിയടയ്‌ക്കാനും വെള്ളക്കെട്ടുകളിലുമായി റോഡില്‍ നിക്ഷേപിക്കുകയായിരുന്നു. പതിനായിരക്കണക്കിനു വാഹനങ്ങളുടെ നിരന്തരമായ ഓട്ടത്തിലൂടെ ഈ മെറ്റലും മറ്റും പൊടിരൂപത്തിലായി മാറി. മഴ പെയ്‌തുകൊണ്ടിരുന്നപ്പോള്‍ ഇതുമൂലമുള്ള ഭവിഷ്യത്ത്‌ ആരുമറിഞ്ഞില്ല. മഴ മാറി റോഡിലെ വെള്ളം വലിഞ്ഞ്‌ ഉണങ്ങാന്‍ തുടങ്ങിയതോടെ പ്രശ്‌നവും തലപൊക്കി. പല സ്‌ഥലത്തും മുന്‍പേ പോകുന്ന വാഹനങ്ങള്‍ കാണാന്‍പോലും പറ്റാത്തത്ര രീതിയിലാണു പൊടി ഉയരുന്നത്‌. ബസുകളില്‍ യാത്ര ചെയ്യുന്നവരും ഓട്ടോയിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നവരുമൊക്കെ പൊടിശല്യത്തിന്റെ രൂക്ഷതയില്‍ ദുരിതമനുഭവിക്കുകയാണ്‌. റോഡിന്റെ വശങ്ങളിലുള്ള സ്‌ഥാപനങ്ങളും വീടുകളുമൊക്കെ പൊടിശല്യത്താല്‍ പൊറുതിമുട്ടുന്നു. പൊടിശല്യമേറിയതോടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പല സ്‌ഥലങ്ങളിലും മാസ്‌ക് ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. കവേര്‍ഡ്‌ ഹെല്‍മെറ്റ്‌ ധരിക്കാത്ത ഇരുചക്രവാഹനക്കാരുടെ അവസ്‌ഥ കഷ്‌ടമാണ്‌. ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ മൂക്കും വായും പൊത്തിയാണ്‌ ഈ 'പൊടിപ്രദേശ'ങ്ങള്‍ തരണം ചെയ്യുന്നത്‌.
ജനത്തിന്റെ നടുവൊടിച്ച റോഡ്‌ ഇപ്പോള്‍ അവരുടെ ശ്വാസംകൂടി മുട്ടിക്കുന്ന തരത്തിലായി മാറിയിരിക്കുന്നു. കാല്‍നട യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതമാണ്‌ ഏറെ കഷ്‌ടം. ആസ്‌ത്മാപോലെയുള്ള ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക്‌ രോഗം തീവ്രമാകുന്നത്ര രൂക്ഷമാണിത്‌. അധികൃതര്‍ പക്ഷേ, ഇതൊന്നും കണ്ടതായി ഭാവിക്കുന്നുപോലുമില്ല. മഴ മാറിക്കഴിഞ്ഞാല്‍ കുഴിയടയ്‌ക്കല്‍ തുടങ്ങുമെന്ന പ്രസ്‌താവനകളില്‍ ഒതുങ്ങി നില്‍ക്കുകയാണ്‌ അവര്‍. രൂക്ഷമായ പൊടിശല്യമുള്ള ഭാഗങ്ങളില്‍ വെള്ളം തളിച്ചോ മറ്റോ അതിന്റെ രൂക്ഷത കുറയ്‌ക്കാമെങ്കിലും അത്തരമൊരു നടപടിക്ക്‌ അധികൃതര്‍ തയാറാകാത്തത്‌ നിരുത്തരവാദപരമായ നിലപാടാണ്‌.
പലയിടങ്ങളിലും ഈ പൊടിശല്യത്തില്‍നിന്നും കുഴികളില്‍നിന്നും രക്ഷനേടാന്‍ ചെറുവാഹനങ്ങള്‍ ഇടവഴികളെ അഭയംപ്രാപിക്കുകയാണിപ്പോള്‍. അല്‌പം കൂടുതലോടിയാലും പൊടി ഉള്ളില്‍ ചെല്ലേണ്ടല്ലോ എന്നതാണു കാരണം. മഴ മാറിനില്‌ക്കുന്ന ഈ സമയത്ത്‌ എത്രയും വേഗം ശരിയായ രീതിയില്‍ കുഴികളടച്ച്‌ വാഹനങ്ങളെയും യാത്രക്കാരെയും രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. അതുപോലെതന്നെ റോഡുകള്‍ വെള്ളം കെട്ടിനിന്നു തകരുന്ന ഭാഗത്ത്‌ ആവശ്യമായ ്രെഡയിനേജുകളോടെ ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കണം. നടുവും തകര്‍ന്ന്‌ പൊടിയും തിന്ന്‌ ജനങ്ങള്‍ക്ക്‌ എത്രനാള്‍ കഴിയാനാവും....

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: