Pages

Tuesday, August 20, 2013

TRAIN JOURNEY AND FOOD

              ട്രെയിൻ യാത്രയും  ഭക്ഷണവും 

                   എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്‌ ട്രെയിനിലുണ്ടായ ഭക്ഷ്യവിഷബാധ ഇന്ത്യന്‍ റെയില്‍വേ അധികൃതരുടെ  കണ്ണ്  തുറപ്പിക്കുമെന്ന്  കരുതുന്നു ‌. ഓരോദിവസവും  ലക്ഷക്കണക്കിനു ജനങ്ങളാണ്‌ യാത്രയ്‌ക്കിടെ ട്രെയിനിലെ ഭക്ഷണത്തെ ആശ്രയിക്കുന്നത്‌. അതുകൊണ്ടുതന്നെ റെയില്‍വേയ്‌ക്ക് അവരോടു നീതിപുലര്‍ത്തേണ്ട ധാര്‍മികമായ ബാധ്യതയുമുണ്ട്‌. കഴിഞ്ഞ ദിവസം മരുസാഗര്‍ എക്‌സ്പ്രസില്‍നിന്നു ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്കാണ്‌ ഭക്ഷ്യവിഷബാധ ഉണ്ടായത്‌. ശുചിത്വമാനദണ്ഡങ്ങളോ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ അനുശാസിക്കുന്ന നിയമങ്ങളോ പാലിക്കാതെയാണ്‌ ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്‌തിരുന്നതെന്ന കണ്ടെത്തല്‍ ട്രെയിന്‍ യാത്രക്കാരില്‍ കടുത്ത ആശങ്കയുണര്‍ത്തുന്നു .
സംഭവത്തെ തുടര്‍ന്ന്‌ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷണവിതരണം നടത്തുന്ന ഏജന്‍സിക്കാവശ്യമായ ഫുഡ്‌ സേഫ്‌റ്റി ലൈസന്‍സോ ജീവനക്കാര്‍ക്ക്‌ ആവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നെസ്‌ സര്‍ട്ടിഫിക്കറ്റോ പാന്‍ട്രി കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ്‌ കണ്ടെത്തിയത്‌. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറുമാസം കൂടുമ്പോള്‍ ഈ ലൈസന്‍സ്‌ പുതുക്കണമെന്നാണു നിയമം. ട്രെയിനിലെ ഭക്ഷണവിതരണരീതിയെ രൂക്ഷമായി വിമര്‍ശിക്കത്തക്ക രീതികളാണ്‌ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ടെത്തിയതെന്നാണ്‌ അന്വേഷകര്‍ നല്‍കിയ റിപ്പോര്‍ട്ട്‌. ഭക്ഷണപദാര്‍ഥങ്ങള്‍ ചീഞ്ഞളിഞ്ഞതിന്റെ ഗന്ധം പാന്‍ട്രികാറില്‍നിന്നനുഭവപ്പെട്ടെന്നും ഇവിടത്തെ കക്കൂസിലാണ്‌ ഭക്ഷണവസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും അന്വേഷകര്‍തന്നെ പറയുമ്പോള്‍ റെയില്‍വേയുടെ നിരുത്തരവാദിത്വം പകല്‍പോലെ വെളിപ്പെടുകയാണ്‌. ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള ഏജന്‍സിയെയോ വിതരണം ചെയ്യുന്ന ജീവനക്കാരെയോ മാത്രം കുറ്റംപറഞ്ഞ്‌ റെയില്‍വേയ്‌ക്ക് തലയൂരാനാവില്ല. ഇവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ശുചിത്വവും വൃത്തിയുമുള്ള സാഹചര്യത്തിലാണോ ഭക്ഷണം പാചകം ചെയ്യുന്നതെന്നും യാത്രക്കാരോടു വാങ്ങുന്ന വിലയ്‌ക്കനുസരിച്ചും അളവിലുമാണോ ഭക്ഷണം നല്‍കുന്നതെന്നുമൊക്കെ അന്വേഷിക്കുകയും നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത്‌ റെയില്‍വേയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്‌ഥരുടെ ബാധ്യതയാണ്‌. ഇവര്‍ ഈ ബാധ്യത മറക്കുമ്പോഴാണ്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്‌.
               വെജിറ്റബിള്‍ ബിരിയാണി, ഓംലെറ്റ്‌, മുട്ട ബിരിയാണി തുടങ്ങിയവയിലേതെങ്കിലും നിന്നാകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ്‌ ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്‌. റീജനല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനയ്‌ക്കുശേഷം ഇതിനു വ്യക്‌തമായ ധാരണയുണ്ടാകും. ട്രെയിനുകളില്‍ സാധാരണഗതിയില്‍ മിക്കവാറും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. പക്ഷേ, പലരും പരാതിപ്പെടാറില്ലെന്നു മാത്രം. പരാതിപ്പെട്ടാല്‍ ദീര്‍ഘയാത്രയ്‌ക്കിടയില്‍ തിക്‌താനുഭവങ്ങള്‍ ഉണ്ടാകുമെന്നു ഭയന്ന്‌ പലരും മൗനമായി അതനുഭവിക്കുകയാണു ചെയ്യുന്നത്‌. അടുത്തകാലത്ത്‌ ചണ്ഡീഗഡില്‍നിന്ന്‌ സമ്പര്‍ക്കഗാന്ധി എക്‌സ്പ്രസ്‌ ട്രെയിനില്‍ കൊച്ചിയിലേക്കു യാത്ര ചെയ്‌ത ഒരു യുവാവ്‌ ട്രെയിനില്‍നിന്നും വാങ്ങിക്കഴിച്ച ചപ്പാത്തിയും ചിക്കന്‍കറിയുംമൂലം അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു. ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന യുവാവിന്‌ വയറില്‍ കടുത്ത അസ്വസ്‌ഥതയുണ്ടായി. മറ്റുയാത്രക്കാര്‍ ഉറക്കത്തിലായതിനാല്‍ ആരെയും സഹായത്തിനു വിളിക്കാതെ ടോയ്‌ലെറ്റിലേക്കു പോയി. ടോയ്‌ലെറ്റിന്റെ വാതുക്കല്‍ തളര്‍ന്നുവീണ യുവാവ്‌ ബോധരഹിതനായി മണിക്കൂറുകളോളം അവിടെ കിടന്നു. വെളുപ്പാന്‍കാലത്തെപ്പോഴോ ട്രെയിനുള്ളിലേക്ക്‌ വീശിയടിച്ച തണുത്ത കാറ്റാണു യുവാവിനെ ബോധത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്‌. ഒരുവിധത്തില്‍ ബെര്‍ത്തിലെത്തി കൂട്ടുകാരനെ വിളിച്ചുണര്‍ത്തിയപ്പോഴാണ്‌ മറ്റുള്ളവര്‍ വിവരമറിഞ്ഞത്‌.വൃത്തിയും വെടിപ്പുമില്ലാത്ത സാഹചര്യവും അല്‌പംപോലും ശുചിത്വം പാലിക്കാത്തതും ശരിയായ ഫ്രീസിംഗ്‌ സംവിധാനംപോലുമില്ലാതെ സൂക്ഷിക്കുന്നതുമൂലം അണുബാധയുണ്ടാകുന്ന ഭക്ഷണപദാര്‍ഥങ്ങളുമൊക്കെ നിരവധിപേര്‍ക്ക്‌ ഇത്തരം അനുഭവം ഉണ്ടാക്കുന്നുണ്ട്‌. ദീര്‍ഘദൂര ട്രെയിനുകളില്‍ പലപ്പോഴും യാത്രക്കാര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങളും പായ്‌ക്കറ്റുകളുമൊക്കെ ഇടനാഴികളില്‍ കുന്നുകൂടിക്കിടക്കുന്നതു കാണാം.ഇത്‌ യാത്രക്കാരോടു ചെയ്യുന്ന നീതികേടാണ്‌. ടിക്കറ്റ്‌ ചാര്‍ജും ഭക്ഷണവിലയും റെയില്‍വേ തീരുമാനിക്കുന്നതാണ്‌. അതില്‍ ഒരു പൈസയുടെപോലും വിട്ടുവീഴ്‌ചയില്ലല്ലോ. അപ്പോള്‍ പിന്നെ യാത്രക്കാരോടു നീതിപുലര്‍ത്തുക എന്നത്‌ ലോകത്തിലെ ഏറ്റവും വലിയ പ്രസ്‌ഥാനമായ റെയില്‍വേയുടെ കടമയല്ലേ. ശുഭയാത്ര ടിക്കറ്റിലും തുരുമ്പുപിടിച്ച ട്രെയിന്‍ ചുവരിലും മാത്രം പോരാ. അത്‌ അര്‍ഥവത്താക്കണം. വാങ്ങുന്ന വിലയ്‌ക്കുള്ള ശുദ്ധമായ ഭക്ഷണവും ശുചിത്വമുള്ള യാത്രാ സാഹചര്യവും സൃഷ്‌ടിക്കണം. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം. തുരുമ്പിച്ച സീറ്റും തുരുമ്പു ചുവയ്‌ക്കുന്ന വെള്ളവും പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റുമൊക്കെ മാറ്റേണ്ട  കാലം  കഴിഞ്ഞു .
          
                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: