റഷ്യക്ക് കിരീടം
റഷ്യക്ക് കിരീടം
അമേരിക്കന്‍ ആധിപത്യത്തെ
കടപുഴക്കി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യ ചാമ്പ്യന്‍മാരായി.
മോസ്കോയില്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 17
മെഡലുകളുമായാണ് റഷ്യ ഒരിക്കല്‍ക്കൂടി ലോക അത്ലറ്റിക് കിരീടത്തില്‍ മുത്തമിട്ടത്.
2001ല്‍ കനഡയില്‍വച്ചായിരുന്നു റഷ്യ ആദ്യമായി ചാമ്പ്യന്‍മാരായത്. ഇത് നാലാംതവണയാണ്
അമേരിക്കയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ അടിതെറ്റുന്നത്. ആദ്യ രണ്ടു പതിപ്പുകളില്‍
പശ്ചിമ ജര്‍മനി ചാമ്പ്യന്‍മാരായതൊഴിച്ചാല്‍ പിന്നീട് അമേരിക്കയുടെ
കുതിപ്പായിരുന്നു. 2001ല്‍ റഷ്യ അതിനു തടയിട്ടു. കഴിഞ്ഞതവണ 12 സ്വര്‍ണം നേടിയ
അമേരിക്കയ്ക്ക് ഇക്കുറി പകുതിയിലൊതുങ്ങേണ്ടിവന്നു. ആറു സ്വര്‍ണവും 13 വെള്ളിയും
ആറു വെങ്കലവുമടക്കം 25 മെഡലുകളുമായി അവര്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
മരുന്നടിയില്‍ തീര്‍ന്നെന്നുകരുതിയ ജമൈക്ക യുസൈന്‍ ബോള്‍ട്ടന്നെ ഇതിഹാസത്തിന്റെയും
ഷെല്ലി ആന്‍ഫ്രേസറിന്റെയും ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തില്‍ മൂന്നാംസ്ഥാനത്തേക്കു
കുതിച്ചു. ആറു സ്വര്‍ണവും രണ്ടു വെളളിയും ഒരു വെങ്കലവുമുള്‍പ്പെടെ ഒമ്പതു
മെഡലുകളുമായി അവര്‍ കെനിയയെ പിന്തള്ളി. സ്വര്‍ണനേട്ടത്തില്‍ അമേരിക്കയെ
ഭയപ്പെടുത്താനും ജമൈക്കയ്ക്കായി. അവസാനദിനം നടന്ന ആറു ഫൈനലുകളില്‍ രണ്ടു സ്വര്‍ണം
നേടിയ ജമൈക്കയായിരുന്നു മോസ്കോയെ ആവേശത്തിലാഴ്ത്തിയത്. പുരുഷന്മാരില്‍ ബോള്‍ട്ടിന്റെ
കീഴിലിറങ്ങിയ ജമൈക്ക സ്വര്‍ണം നിലനിര്‍ത്തി. ദേഗുവിലെ 100 മീറ്റര്‍ ചാമ്പ്യന്‍
യൊഹാന്‍ ബ്ലേക്കിന്റെ അഭാവത്തിലും ജമൈക്ക പതുങ്ങിയില്ല. നെസ്റ്റ കാര്‍ട്ടര്‍,
കെമര്‍ ബെയ്ലി കോള്‍, നിക്കള്‍ അഷമെദെ, ബോള്‍ട്ട് എന്നിവരടങ്ങിയ ടീം 37.36 സെക്കന്‍ഡില്‍
ദൂരം പൂര്‍ത്തിയാക്കി. ബോള്‍ട്ട് അവസാനഘട്ടത്തില്‍ വേഗംകുറച്ചില്ലായിരുന്നെങ്കില്‍
ജമൈക്കയ്ക്ക് മികച്ച സമയം കുറിക്കാന്‍ കഴിഞ്ഞിരുന്നേനെ. ചാള്‍സ് സില്‍മണ്‍, മൈക്ക്
റോജേഴ്സ്, റക്കീം സലാം, ജസ്റ്റിന്‍ ഗാറ്റ്ലിന്‍ എന്നിവരടങ്ങിയ അമേരിക്കന്‍ടീം
37.66 സെക്കന്‍ഡില്‍ വെള്ളി നേടി. ബ്രിട്ടനാണ് മൂന്നാംസ്ഥാനം. വനിതാ റിലേയില്‍
സ്വര്‍ണം നിലനിര്‍ത്താന്‍ ഇറങ്ങിയ അമേരിക്കയ്ക്ക് അവസാനലാപ്പില്‍ ബാറ്റണ്‍
കൈമാറുന്നതിലെ പിഴവ് ദുരന്തമായി. അവര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അവസാന ലാപ്പ്വരെ ജമൈക്കയുമായി ഇഞ്ചിനിഞ്ച് പോരാട്ടത്തിലുണ്ടായിരുന്ന അമേരിക്ക
അവസാനം ഷെല്ലി ആന്‍ഫ്രേസറിന്റെ കുതിപ്പിനുമുന്നില്‍ പകച്ചുനിന്നു. എതിരാളികളെ വന്‍മാര്‍ജിനില്‍
പിന്നിലാക്കിയായിരുന്നു ഷെല്ലി ജമൈക്കയ്ക്ക് ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ (41.29
സെക്കന്‍ഡ്) സ്വര്‍ണം നേടിക്കൊടുത്തത്. കാരി റസ്സെല്‍, കെറോണ്‍ സ്റ്റിവര്‍ട്ട്,
ഷിലോനി ക്ലെവര്‍ട്ട് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍. ഫ്രാന്‍സിനാണ് (42.73
സെക്കന്‍ഡ്) വെള്ളി. അമേരിക്ക വെങ്കലം നേടിയത് 42.75 സെക്കന്‍ഡില്‍. ഞായറാഴ്ച
നടന്ന വനിതകളുടെ ജാവലിന്‍ത്രോയില്‍ ജര്‍മനിയുടെ ക്രിസ്റ്റീന ഒബെര്‍ഗ്ഫോള്‍ 69.05
മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി. ഓസ്ട്രേലിയയുടെ കിംബര്‍ലി മൈക്കിള്‍ (66.60)
വെള്ളിയും ആതിഥേയരുടെ മരിയ അബുക്കുമോവ (65.09) വെങ്കലവും നേടി. പുരുഷ ട്രിപ്പിള്‍ജമ്പില്‍
ഫ്രഞ്ച്താരം ടെഡ്ഡി തംഗോ 18.04 മീറ്റര്‍ ദൂരം കടന്ന് സ്വര്‍ണംനേടി. ക്യൂബയുടെ
പെഡ്രോ പാബ്ലോ (17.68) വെള്ളി നേടി. 18 മീറ്റര്‍ മറികടക്കുന്ന ലോകത്തെ മൂന്നാമത്തെ
താരമാണ് ടെഡ്ഡി. 18.29 മീറ്റര്‍ ചാടി ലോകറെക്കോഡിട്ട ജൊനാതന്‍ എഡ്വേര്‍ഡ്സും 18.09
ചാടിയ കെന്നി ഹാരിസണും മാത്രം മുന്നില്‍. അവസാന ശ്രമത്തിലായിരുന്നു ടെഡ്ഡിയുടെ
നേട്ടം. 1500 മീറ്ററില്‍ കെനിയയുടെ അബ്സെല്‍ കിപ്രോപും വനിതകളുടെ 800ല്‍
കെനിയയുടെതന്നെ യൂനിസെ ജെപോക് സമ്മും സ്വര്‍ണംനേടി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment