പാചകവാതക സബ്‌സിഡി
ജനങ്ങള്‍ വീണ്ടും പെരുവഴിയില്‍
പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുവഴി ലഭ്യമാക്കുന്ന നടപടി സെപ്‌റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുകയാണ്. പരീക്ഷണാടിസ്‌ഥാനത്തില്‍ പത്തനംതിട്ട, വയനാട് ജില്ലകളെ നേരത്തെതന്നെ ഈ നടപടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബാക്കി പന്ത്രണ്ടു ജില്ലകളെക്കൂടിയാണ് സെപ്‌റ്റംബര്‍ ഒന്നു മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. തീരുമാനം അറിഞ്ഞതോടെ പാവം ജനം വീണ്ടും മഴയും വെയിലുംകൊണ്ട് പെരുവഴിയില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. സര്‍ക്കാരിനും ഉദ്യോഗസ്‌ഥര്‍ക്കും പദ്ധതികള്‍ നടപ്പാക്കുന്നവര്‍ക്കുമൊക്കെ കൊട്ടിക്കളിക്കാനുള്ള ചെണ്ടയായി പൊതുജനം മാറിയിരിക്കുന്നതുകൊണ്ട് അവര്‍ ഇതെല്ലാം അനുഭവിക്കുകയാണ്. ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങളിലും ഗ്യാസ് ഏജന്‍സികളിലും ബാങ്കുകളിലുമൊക്കെയായാണ് ജനത്തിന്റെ ദിവസമത്രയും മാറിക്കിട്ടുന്നത്. വേലയും കൂലിയുമൊക്കെ ഉപേക്ഷിച്ച് പാവങ്ങള്‍ ഇവിടെ കാത്തുകെട്ടിക്കിടക്കേണ്ട അവസ്‌ഥ.
നല്ലൊരു ശതമാനം ജനത്തെയും ഇപ്പോള്‍ വഴിയാധാരമാക്കുന്നത് യാതൊരു ആധാരവുമില്ലാത്ത ആധാര്‍കാര്‍ഡാണ്. സകല ഇടപാടിനും ആധാര്‍ കാര്‍ഡ് വേണമെന്നു പറയുന്ന അധികൃതര്‍ പാചക വാതക സബ്‌സിഡിക്കും ആധാര്‍കാര്‍ഡ് നമ്പര്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍റോള്‍ ചെയ്‌തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കാര്‍ഡ് കണിപോലും കാണാത്തവരുള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ നട്ടംതിരിയുന്നത്. ഇനി മുതല്‍ ഗ്യാസ് ബുക്ക് ചെയ്യുന്നവര്‍ സിലിണ്ടര്‍ ഒന്നിനു നല്‍കേണ്ടത് ഏതാണ്ട് 920 രൂപയാണ്. സബ്‌സിഡി കിഴിക്കാതെയുള്ള വിലയാണിത്. ബുക്ക് ചെയ്‌തു കഴിയുമ്പോള്‍ സബ്‌സിഡി തുക ഗവണ്‍മെന്റ് ബാങ്ക്‌വഴി ഉപഭോക്‌താവിന്റെ അക്കൗണ്ടിലേക്കു ഇട്ടുകൊടുക്കുമത്രേ.
ഇതിനു ഗ്യാസ് ഏജന്‍സികളില്‍നിന്ന് പുതിയൊരു ഫോം വാങ്ങണം. അതില്‍ ബാങ്കിന്റെ ഐ.എഫ്.എസ്. കോഡും ആധാര്‍ കാര്‍ഡ് നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും എല്ലാം രേഖപ്പെടുത്തി അവര്‍ ആവശ്യപ്പെടുന്ന മറ്റു രേഖകള്‍ സഹിതം കൊടുക്കണം. ബാങ്കിലും ആധാര്‍ നമ്പര്‍ കൊടുത്ത് രജിസ്‌റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിലും ഗ്യാസ് ഏജന്‍സി നല്‍കിയ രേഖയിലും ബാങ്ക് പാസ് ബുക്കിലും ഒരുപോലെയായിരിക്കണം പേര്. പേരില്‍ തെറ്റുണ്ടായാല്‍ സബ്‌സിഡിയില്ല. ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കിലും സബ്‌സിഡിയില്ല. അവര്‍ സബ്‌സിഡി കിഴിക്കാതെയുള്ള തുക നല്‍കി സിലിണ്ടര്‍ വാങ്ങിക്കൊള്ളണം. മനഃപൂര്‍വം കാര്‍ഡ് എടുക്കാതിരിക്കുന്നവര്‍ക്ക് ഈ ശിക്ഷ നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അധികൃതരുടെ ഒരുതരം കുത്തഴിഞ്ഞ നടത്തിപ്പിന്റെ ഫലമായി, അപേക്ഷിച്ച് കാലമേറെക്കഴിഞ്ഞിട്ടും കാര്‍ഡ് കിട്ടാത്ത 'ഹതഭാഗ്യര്‍' എന്തു ചെയ്യണം. 2011 ഓഗസ്‌റ്റില്‍ എന്‍റോള്‍ ചെയ്‌തവരില്‍ ഇപ്പോഴും കാര്‍ഡ് കിട്ടാത്ത ആയിരങ്ങളുണ്ട്. ഇവരെന്തു ചെയ്യണം?
ആധാര്‍ അധികൃതരുടെ വെബ്‌സൈറ്റില്‍നിന്ന് എല്ലാത്തിനും മറുപടി കിട്ടുമെന്നാണ് അറിയിപ്പ്. പരാതി സെല്ലിന്റെ ഇ-മെയില്‍ വഴി പരാതിപ്പെട്ടാല്‍ വ്യക്‌തമായ മറുപടിയില്ല. ടോള്‍ഫ്രീ നമ്പര്‍ എന്നു പറഞ്ഞു കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകള്‍ ഡയല്‍ ചെയ്യുമ്പോഴേ ഡിസ്‌കണക്‌ടാകുന്നു. ആധാര്‍ സ്‌റ്റാറ്റസ് പരിശോധിച്ചാല്‍ 'നിങ്ങള്‍ പറയുന്ന രേഖകളൊന്നും ഇതുവരെ ഞങ്ങളുടെ പക്കല്‍ എത്തിയിട്ടില്ല.. കുറച്ചുകാലം കഴിഞ്ഞ് വീണ്ടും പരിശോധിക്കുക' എന്ന മറുപടി. പുതിയ അപേക്ഷ നല്‍കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ ചെന്നാല്‍ 'ഇവിടെ അപേക്ഷകള്‍ കുന്നുകൂടി കിടക്കുന്നു. ഇനിയിപ്പോള്‍ അപേക്ഷ സ്വീകരിക്കേണ്ട എന്നാണ് മുകളില്‍നിന്നുള്ള അറിയിപ്പ്. കുറച്ചുമാസം കഴിഞ്ഞുവരൂ' എന്ന മറുപടി. കാര്‍ഡ് കിട്ടാത്തവര്‍ ഇനി എവിടെ പോകണം? ആരോടു പരാതി പറയണം. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ പൊള്ളുന്ന വിലയ്‌ക്കു വാങ്ങുന്ന പാവങ്ങള്‍ ഇനി പാചകവാതകവും ഇരട്ടി വിലകൊടുത്തു വാങ്ങണമെന്നാണോ?
സംസ്‌ഥാനത്ത് ഇതുവരെ 80 ശതമാനം പേര്‍ ആധാര്‍ കാര്‍ഡിനു രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കു മാത്രമേ ഇതുവരെ കാര്‍ഡ് ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരാണ് കാര്‍ഡിനായി ഇപ്പോള്‍ വെയിലും മഴയുംകൊണ്ട് തെക്കുവടക്കു നടക്കുന്നത്. ജനത്തെ പൊട്ടന്‍ കളിപ്പിക്കുന്ന പരിപാടി അധികൃതര്‍ അവസാനിപ്പിക്കണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ ബാധ്യസ്‌ഥരാണ്. പൂര്‍ണമായും ഇത്തരം പദ്ധതികള്‍ നടപ്പാക്കി പാളിച്ചകളില്ലെന്ന് ഉറപ്പുവരുത്തിയശേഷം വേണംജനത്തിന്റെ ചുമലില്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍. അപേക്ഷിച്ച എല്ലാവര്‍ക്കും കാര്‍ഡ് നല്‍കാതെ കുറച്ചുപേര്‍ക്കു മാത്രം നല്‍കിയിട്ട് മുഴുവന്‍പേര്‍ക്കും ബാധകമാകുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റുന്നത് ന്യായീകരിക്കാനാവില്ല. അപേക്ഷിച്ചിട്ടും ഇനിയും കാര്‍ഡ് കിട്ടാത്തവര്‍ എന്‍റോള്‍മെന്റ് സ്ലിപ്പുമായി അക്ഷയ സെന്ററുകളില്‍ ചെല്ലുകയോ യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി വെബ്‌സൈറ്റില്‍നിന്ന് ആധാര്‍ നമ്പര്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാന്‍ അധികൃതര്‍ പറയുന്നുണ്ട്. ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഞങ്ങളുടെ പക്കല്‍ ലഭിച്ചിട്ടില്ല' എന്നു മറുപടി ലഭിക്കുന്നത്, ജനങ്ങളില്‍നിന്നു പിരിക്കുന്ന കോടിക്കണക്കിനു നികുതിപ്പണം ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ കെടുകാര്യസ്‌ഥതയാണു വെളിപ്പെടുന്നത്.
പ്രൊഫ് . ജോണ്‍ കുരാക്കാർ
No comments:
Post a Comment