കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്
ഇപ്പോഴിതാ അച്‌ഛനോ അമ്മയോ അടക്കം ഏറ്റവും വേണ്ടപ്പെട്ടവരില്‍ നിന്ന് കുഞ്ഞുങ്ങള്‍ നേരിടുന്ന കൊടിയ ക്രൂരതകളുടെ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ ദിനവും ഞെട്ടുന്നു. കുഞ്ഞുങ്ങള്‍ക്കു നേരേ നടക്കുന്ന നിരവധി പീഡനങ്ങളുടെയും ക്രൂര മര്‍ദനങ്ങളുടെയും വാര്‍ത്തയുമായേ ഓരോ ദിനവും പത്രങ്ങള്‍ അച്ചടിക്കാന്‍ കഴിയുന്നുള്ളു. ഇക്കഴിഞ്ഞ ദിവസത്തെ പത്രമിറങ്ങിയത് കേരളത്തിലെ അഞ്ചു സ്‌ഥലങ്ങളില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയില്‍ നടന്ന അഞ്ചു സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളുമായാണ്. കൊല്ലം ജില്ലയിലെ ഇരവിപുരത്ത് അഞ്ചുവയസുകാരിയെ സ്വന്തം പിതാവു തന്നെ ക്രൂരമായി മര്‍ദിച്ച് കണ്ണിനു ഗുരുതരമായ പരുക്കേല്‍പിച്ചു. കോട്ടയം ജില്ലയിലെ എരുമേലിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ പിതൃസഹോദര ഭാര്യ രണ്ടര വയസുകാരിയെ പാറമടയിലെ കരിങ്കല്‍ച്ചീളുകള്‍ക്കു മുകളിലൂടെ വലിച്ചിഴച്ചത്രേ. കുട്ടി കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വയനാട്ടിലെ കല്‌പറ്റയില്‍ അംഗവൈകല്യം ബാധിച്ച രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവു തന്നെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത് ഞെട്ടലോടെയാണു ജനം വായിച്ചത്. കഴുത്തിനു വൈകല്യമുള്ള കുട്ടി വളരുമ്പോള്‍ വികലത കൂടുതല്‍ പ്രശ്‌നമാകുമെന്നും അതുകൊണ്ടാണ് കൊല്ലാനൊരുങ്ങിയതെന്നും പിതാവ് പോലീസിനോടു പറഞ്ഞു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്‌ഛന്‍ അറസ്‌റ്റിലായി. നാലുവര്‍ഷമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നത്രേ. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ 51-കാരനു വഴിയൊരുക്കിക്കൊടുത്തതു സ്വന്തം മാതാവു തന്നെ... ക്രൂരതയുടെ പര്യായങ്ങള്‍ ഇങ്ങനെ നീളുന്നു. കേരളത്തിൽ ചങ്ങലക്ക് ഭ്രാന്തു പിടിച്ചുവോ ?കേരള പോലീസ് അവരുടെ ക്രൈം റെക്കോഡ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരേയുള്ള അക്രമങ്ങളുടെ തോത് വന്‍തോതില്‍ ഉയരുകയാണ്. 2008-ല്‍ കുട്ടികള്‍ക്കെതിരേയുള്ള
549 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തതെങ്കില്‍ 2011-ല്‍ അത് 1452-ഉം 2012-ല്‍ 1324-ഉം ആയി. 2013-ല്‍ മേയ് വരെ 739 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളും ഓരോവര്‍ഷവും വര്‍ധിക്കുകയാണ്. 2008-ല്‍ 215 ലൈംഗിക പീഡനക്കേസുകളായിരുന്നെങ്കില്‍ 2012-ല്‍ അത് ഇരട്ടിയിലധികമായി. 455 കേസുകളാണ് ആ വര്‍ഷം രജിസ്‌റ്റര്‍ ചെയ്‌തത്. ഈ വര്‍ഷം മേയ് ആയപ്പോള്‍ തന്നെ 246 ലൈംഗിക പീഡനക്കേസുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
ആധുനിക സംസ്‌കാരത്തിന് ഒരിക്കലും ചേരാത്ത, കുഞ്ഞുങ്ങളെ ഇപ്പോഴും പ്രാകൃതമായ രീതിയില്‍ ശിക്ഷിക്കുന്ന മാതാപിതാക്കള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടെന്നത് ഏറെ കഷ്‌ടം തന്നെ. കുഞ്ഞുങ്ങളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുന്നവരും ഉറുമ്പിന്‍ കൂട്ടില്‍ കെട്ടിയിടുന്നവരും ദിവസം മുഴുവന്‍ വെയിലത്തു നിര്‍ത്തുന്നവരുമൊക്കെ മാതാപിതാക്കള്‍ എന്ന പേരിന് അര്‍ഹരാണോ? ഇടുക്കി ജില്ലയില്‍, ദിവസവും പുറത്തു പോകുന്ന മാതാപിതാക്കള്‍ സ്വന്തം കുട്ടിയെ വളര്‍ത്തുനായ്‌ക്കൊപ്പം കെട്ടിയിടുന്ന കഥ കേട്ടു നമ്മള്‍. നായ്‌ക്കൊപ്പമായിരുന്നു കുട്ടിയുടെ ഭക്ഷണവും. പിന്നെയും എത്രയെത്ര ക്രൂരതയുടെ കഥകള്‍...
സ്വന്തം പിതാവില്‍ നിന്ന് കൊടും ക്രൂരതയേറ്റുവാങ്ങി മരണത്തെ മുഖാമുഖം കണ്ട ഷെഫീഖ് എന്ന അഞ്ചുവയസുകാരനെയോര്‍ത്ത് നമ്മള്‍ മനം നൊന്തു കരഞ്ഞു. അവനുവേണ്ടി കൂട്ടം ചേര്‍ന്നു പ്രാര്‍ഥിച്ചു. അവന്റെ അച്‌ഛനും അമ്മയ്‌ക്കും ഉണ്ടാകാതിരുന്ന നൊമ്പരം ലക്ഷോപലക്ഷം വരുന്ന മറ്റുള്ളവര്‍ക്കുണ്ടായി. എന്നിട്ടും എന്തേ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളോട് ഇപ്പോഴും ഇങ്ങനെ ക്രൂരത കാട്ടുന്നു. മടിയിലിരുത്തി താരാട്ടു പാടിക്കൊടുക്കേണ്ട അച്‌ഛനും മുലപ്പാലൂട്ടി സ്‌നേഹം പകര്‍ന്നു നല്‍കേണ്ട അമ്മയും സ്വന്തം കുഞ്ഞുങ്ങള്‍ക്കുനേരേ വാളെടുക്കുന്നവരായാല്‍? പാവം കുഞ്ഞുങ്ങള്‍ എങ്ങനെ ഈ സമൂഹത്തില്‍ സുരക്ഷിതമായി വളരും. സാക്ഷരസമ്പന്ന കേരളമേ ഉറക്കെ ചിന്തിക്കൂ... ഇതിനൊരറുതി വേണ്ടേ... ഈ പ്രവണത തുടച്ചു നീക്കണ്ടേ?
മന:സാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ കൂട്ടായ്മ ഇക്കാര്യത്തിൽ ഉണ്ടാകണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment