നിശബ്ദരായ കേരളജനത
എല്ലാംനോക്കി കാണുകയാണ് .
ജനങ്ങളുടെ പ്രശ്നങ്ങൾ കാണാനും പരിഹരിക്കാനും ഇന്ന് കേരളത്തിൽ ആരുമില്ല .പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണപക്ഷത്തിനൊപ്പം തങ്ങളുടെയും കടമയാണെന്നത് പ്രതിപക്ഷവും വിസ്മരിക്കുന്നു എന്നതാണ് ഏറെ ദുഃഖകരം. ഒരു ലക്ഷത്തിലേറെ പേരെ പങ്കെടുപ്പിച്ച് അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധംആരംഭിക്കുകയാണ് ഇടതുമുന്നണി. ഒരു സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പരിപൂര്‍ണമായും സ്തംഭിപ്പിക്കാനൊരുങ്ങുന്നത് ജനാധിപത്യവ്യവസ്ഥയിലെ തത്ത്വങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്. സെക്രട്ടേറിയറ്റ് ഭരണം സ്തംഭിപ്പിക്കുന്നത് മുഖ്യമന്ത്രി രാജിവെക്കണമെന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി മടിക്കുന്നില്ല. സര്‍ക്കാറാവട്ടെ, തലസ്ഥാനത്ത് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തില്‍ കേന്ദ്ര പോലീസ് സേനയെ വിന്യസിക്കുന്നു. ഈ അടിയും തടയുമെല്ലാം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള കുറുക്കുവഴികളാവാം; യാഥാര്‍ഥ്യങ്ങളില്‍നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള തന്ത്രങ്ങളാവാം. എന്നാല്‍, ഈ സമരാഭാസങ്ങള്‍ക്കെല്ലാം ഇടയില്‍പ്പെട്ട് ഞെരുങ്ങുന്നത് സാധാരണക്കാരാണ്; അവരുടെ പ്രാരബ്ധം നിറഞ്ഞ നിത്യജീവിതമാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാറിനോട് ഒരു തരത്തിലും സഹകരിക്കില്ലെന്നുവരെ എത്തിയിരിക്കുന്നു പ്രതിപക്ഷത്തിന്റെ സമരമുറ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് പരമ്പര, മന്ത്രിമാര്‍ക്ക് എതിരായ ആരോപണങ്ങള്‍, പ്രതിപക്ഷ എം.എല്‍.എ. ഉള്‍പ്പെട്ട ലൈംഗികാപവാദം എന്നിവയുടെ പേരില്‍ രാഷ്ട്രീയം മലീമസമായപ്പോള്‍ നിയമസഭ ഉള്‍പ്പെടെയുള്ള നമ്മുടെ പൊതുമണ്ഡലത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിലയിടിഞ്ഞത് കുറച്ചൊന്നുമല്ല. ഇതില്‍ നിന്നെല്ലാം തത്കാലത്തേക്കെങ്കിലും കരകയറണമെങ്കില്‍ സോളാര്‍ തട്ടിപ്പ്‌കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിശ്വാസയോഗ്യമായ അന്വേഷണവും നടപടികളും വേണം. കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പുപോരാണ് പ്രശ്നങ്ങൾ ഇത്തരത്തിൽ വഷളാ ക്കിയത് . മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്ന് ചീഫ്‌വിപ്പ് പരസ്യപ്രസ്താവന നടത്തുന്നതുവരെയെത്തിക്കഴിഞ്ഞു മുന്നണിക്കകത്തെ സ്ഥിതിഗതികള്‍. ഈ യാഥാര്‍ഥ്യങ്ങളെല്ലാം തിരിച്ചറിയാനും, മറ്റുള്ളവര്‍ക്കുകൂടി ബോധ്യമാകുന്ന തരത്തിലുള്ള തിരുത്തലുകള്‍ വരുത്താനുമുള്ള ഇച്ഛാശക്തി മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കാണിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രക്ഷോഭ മാര്‍ഗങ്ങളില്‍നിന്ന് പിന്‍വാങ്ങി രാഷ്ട്രീയ പക്വത കാണിക്കാന്‍ പ്രതിപക്ഷവും തയ്യാറായേ തീരൂ.അല്ലെങ്കിൽ അധികം താമസിക്കാതെ ജനം മറുപടി നൽകും .നിശബ്ദരായ ജനം എല്ലാം നോക്കി കാണുകയാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment