മലയാളിയുടെ ആദ്യത്തെ റേഡിയോ അനുഭവം
എം. ജയരാജ്
1927 ഒക്ടോബര്‍.
ആകാശവാണിക്ക് കേരളത്തില്‍
നിലയങ്ങളില്ലാത്ത കാലം.
ആകാശത്തിലൂടെ ഒഴുകിവരുന്ന
സംഗീതം ഒരു
യന്ത്രം വഴി
വീട്ടിലിരുന്ന് കേള്ക്കാമെന്ന്
പറഞ്ഞുകേട്ടറിവേ ജനങ്ങള്ക്ക്
ഉണ്ടായിരുന്നുള്ളൂ. ഈ
അദ്ഭുതം തന്റെ
നാട്ടുകാര്ക്കൊന്ന്
കാണിച്ചുകൊടുക്കാന്‍ ചാര്‍ട്ടേഡ്
ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍
കെ.സി.
മേനോന് നിശ്ചയിച്ചു.
കോഴിക്കോട് സാമൂതിരി
കോളേജ് അങ്കണമാണ്
റേഡിയോ പ്രദര്ശനത്തിന്റെ
വേദിയായി തിരഞ്ഞെടുത്തത്.
വൈകീട്ട് ആറിനും
ഒന്പതിനും
രണ്ടു പ്രദര്‍ശനങ്ങള്‍
നടത്താനുള്ള ഏര്പ്പാടുകളും
പൂര്ത്തിയാക്കി.
ടിക്കറ്റ് വെച്ചായിരുന്നു
പ്രദര്ശനം.
ബോംബെയില്നിന്ന്
പുറപ്പെടുന്ന സംഗീതം
നൂറുകണക്കിന് കിലോമീറ്റര്‍
അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്
കോഴിക്കോട് സാമൂതിരി
കോളേജില്‍ സ്ഥാപിച്ച
യന്ത്രത്തിലൂടെ കേള്ക്കുന്നതിനായി
ജനങ്ങള്‍ ടിക്കറ്റ്
എടുത്ത് ഹാളിലേക്ക്
തള്ളിക്കയറി. എഞ്ചിനിയര്‍
മേനോന് കൃത്യം
ആറു മണിക്കു
തന്നെ ആദ്യപ്രദര്ശനത്തിനുവേണ്ട
ഒരുക്കങ്ങള്‍ തുടങ്ങി
(രണ്ട് പെട്ടികളും
ഒരു ആംപ്ലിഫയറുമാണ്
ഈ സന്നാഹത്തിന്
ഉണ്ടായിരുന്നത്). കമ്പികള്കൊണ്ട്
ഇവയെല്ലാം പരസ്പരം
ബന്ധിച്ചശേഷം സദസ്യരോട്
നിശ്ശബ്ദരായിരിക്കാന്‍ മേനോന്
ആജ്ഞാപിച്ചു. മഹാദ്ഭുതം
കേള്ക്കാനായി
എല്ലാവരും ശ്വാസമടക്കിയിരുന്നു.
എന്തോ ചില
ശബ്ദങ്ങള്‍ കേട്ടുവെന്ന്
ചിലര്‍, ഒന്നും
കേള്ക്കാനായില്ലെന്ന്
മറ്റു ചിലരും
പറഞ്ഞതോടെ ബഹളമായി.
പ്രശ്നം
ഗുരുതരമാകുന്നതിനു മുന്പെ
മേനോന് ഇടപെട്ടു.
ശബ്ദം കേള്ക്കാതിരുന്നത്
ആകാശത്ത് കാര്‍മേഘങ്ങള്‍
ഉള്ളതുകൊണ്ടും സൂര്യന്
അസ്തമിക്കാത്തതുകൊണ്ടുമാണെന്നും രാത്രി
ഒന്പതു
മണിക്കുള്ള പ്രദര്‍ശനത്തില്‍
എല്ലാം ശരിയാകുമെന്നുമുള്ള
മേനോന്റെ വിശദീകരണത്തില്‍
സദസ്സ് തത്കാലത്തേക്ക്
ശാന്തമായി.
ഒന്പതു മണിക്കുള്ള പ്രദര്ശനവും കൃത്യസമയത്തുതന്നെ ആരംഭിച്ചു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ നാലഞ്ച് സ്ത്രീകളും ഉണ്ടായിരുന്നു. പരിപാടി ആരംഭിച്ചെങ്കിലും യന്ത്രത്തില്നിന്ന് യാതൊരു ശബ്ദവും പുറത്തുവന്നില്ല. യന്ത്രത്തെ തിരിച്ചും മറിച്ചും തട്ടിമുട്ടി ശരിയാക്കാന്‍ മേനോന് ശ്രമിച്ചെങ്കിലും യന്ത്രം അനങ്ങിയില്ല. ചിലരെ അരികിലേക്ക് വിളിച്ച് യന്ത്രം അവരുടെ ചെവിയോട് ചേര്ത്തു പിടിച്ചുകൊടുത്തപ്പോള്‍ ചിലര്‍ക്ക് എന്തൊക്കെയോ ശബ്ദം കേള്‍ക്കാന്‍ സാധിച്ചു. എന്നാല്‍ രണ്ടു സ്ത്രീകളെ മേനോന് അരികിലേക്ക് വിളിച്ചപ്പോഴാണ് പ്രശ്നം വഷളായത്. ഒരു പാര്സി സ്ത്രീയുടെ ചെവിയോട് ചേര്ത്ത് യന്ത്രം പിടിച്ചപ്പോഴും മറ്റൊരു സ്ത്രീയുമായി മേനോന് സംസാരിച്ചപ്പോഴും ഹാളിന്റെ പിന്‍നിരയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കൂവിയും പൂച്ചയെയും പട്ടിയെയും അനുകരിച്ച് ശബ്ദം ഉണ്ടാക്കിയും ബഹളംവെച്ചു. കിട്ടിയ സന്ദര്ഭം ഉപയോഗിച്ച് മേനോന് യുവതികളുമായി ശൃംഗരിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് ബഹളത്തിനു കാരണമായത്. ബഹളം നടക്കുന്ന സമയത്ത് പ്രിന്‍സിപ്പല്‍ കൃഷ്ണന് നായര്‍ പുഞ്ചിരിതൂകി ഇരുന്നതല്ലാതെ ബഹളക്കാരെ നിരുത്സാഹപ്പെടുത്താതിരുന്നത് മേനോനെ വേദനിപ്പിച്ചു. 1927 ഒക്ടോബര്‍ 8-ന് 'കോഴിക്കോട്ടെ റേഡിയോ പ്രദര്ശനം, ചില വിദ്യാര്ഥികളുടെ ലജ്ജാവഹമായ നടപടി' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ മേനോനെയും നിശിതമായി വിമര്ശിച്ചിരുന്നു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ടിക്കറ്റുവെച്ച് പ്രദര്ശനം നടത്തിയ നടപടിയാണ് വിമര്ശനവിധേയമായത്. തന്റെ നിരപരാധിത്വം വിശദീകരിച്ച് അദ്ദേഹം കത്തെഴുതി. 'കോഴിക്കോട് നടന്ന ആകാശവാണി പ്രദര്ശനം' എന്ന തലക്കെട്ടില്‍ മേനോന്റെ കത്ത് ഒക്ടോബര്‍ 15-ന് പ്രസിദ്ധീകരിച്ചു. കോഴിക്കോട്ടെ പ്രദര്ശനം പരാജയപ്പെടാനിടയായ സാഹചര്യമാണ് കത്തിലെ ഉള്ളടക്കം. പ്രതികൂലകാലാവസ്ഥകാരണമാണ് പ്രദര്ശനം പരാജയപ്പെട്ടതെന്ന് വിശദീകരിച്ച ശേഷം തൃശൂര്‍ കോവിലകത്ത് ശ്രീരാമവര്‍മ വലിയ തമ്പുരാന് തിരുമനസ്സിന്റെ മുന്പാകെ വിജയകരമായി നടത്തിയ റേഡിയോ പ്രദര്ശനത്തിന്റെ കഥയും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കോവിലകത്തു നടത്തിയ പ്രദര്‍ശനത്തില്‍ ബോംബെയില്‍നിന്നുള്ള സംഗീതം കോവിലകം മുഴുവന്‍ വ്യക്തമായി കേള്ക്കുക മാത്രമല്ല ദൂരെയുള്ള നായര്‍ ബ്രിഗേഡിയ ലൈനിലും കേട്ടിരുന്നത്രേ. സന്തുഷ്ടനായ വലിയ തിരുമനസ്സ് തിരുവനന്തപുരത്ത് എത്തുന്നതിനു മുന്പായി അവിടേക്കും ഇതുപോലെ ഒരു യന്ത്രം ഉണ്ടാക്കാന്‍ മേനോന് ഉത്തവ് നല്കിയ കാര്യവും അദ്ദേഹം കത്തില്‍ എടുത്തുപറയുന്നുണ്ട്. സത്യാവസ്ഥ ഇതൊക്കെയാണെങ്കിലും നഗരവാസികള്‍ ഇതൊന്നും വിശ്വാസത്തിലെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനായി ഒരു പ്രദര്ശനംകൂടി കോഴിക്കോട് നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മേനോന് വിശദീകരണം അവസാനിപ്പിക്കുന്നത്.
1927-ല്‍ ബോംബെയില്നിന്നും കല്ക്കത്തയില്നിന്നും രണ്ട് സ്വകാര്യ ട്രാന്‍സ്മിറ്ററുകളില്‍ റേഡിയോ പ്രക്ഷേപണം തുടങ്ങി. 1930-ല്‍ 'ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്വീസ്' എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1936-ല്‍ പേര് ഓള് ഇന്ത്യാ റേഡിയോ (അ.ക.ഞ) എന്നാക്കി. 1957 ലാണ് ആകാശവാണി എന്നു പേരുമാറ്റിയത്. 1927 ഒക്ടോബറില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ കെ.സി. മേനോന് കോഴിക്കോട് നടത്തിയ റേഡിയോ പ്രദര്ശനം കഴിഞ്ഞ് ഏഴു വര്ഷത്തിനു ശേഷം 1934-ല്‍ ആണ് കേരളത്തില്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.(മലയാള അച്ചടിമാധ്യമം: ഭൂതവും വര്ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment