Pages

Thursday, August 1, 2013

കോന്നിയില്‍സംഘര്‍ഷം

കോന്നിയില്‍സംഘര്‍ഷം
കോന്നിയിൽ  ആര്‍.എസ്.എസ്.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സി.പി.എമ്മുകാര്‍ക്കും ഒരു ആര്‍.എസ്.എസ്സുകാരനും പരിക്കേറ്റു. രണ്ട് പോലീസ്ജീപ്പും മൂന്നുബൈക്കും ഒരു ഓട്ടോയും തകര്‍ത്തു. ബുധനാഴ്ച (July 31,2013)രാത്രി 8 മണിക്കാണ് സംഘര്‍ഷത്തിന്റെ തുടക്കം. മണിക്കൂറുകളോളം കോന്നി ജങ്ഷന്‍, ചന്തമൈതാനം, പോസ്റ്റോഫീസ് റോഡ് എന്നിവിടങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. രാത്രിവൈകിയും സംഘര്‍ഷം അയഞ്ഞില്ല. അന്തരിച്ച സി.പി.എം.നേതാവ് വി.ആര്‍.ശിവരാജന്റെ അനുസ്മരണദിനമായിരുന്നു ബുധനാഴ്ച. ഇതുസംബന്ധിച്ച് സി.പി.എം. കോന്നിയില്‍ പ്രകടനവും യോഗവും നടത്തിയിരുന്നു. 
പ്രകടനം നടക്കുമ്പോള്‍ ആര്‍.എസ്.എസ്. നേതാവ് ഐരവണ്‍ വിഷ്ണുമോഹന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ ചില സി.പി.എം.പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ചില്ലുകള്‍ പൊട്ടുകയും ചെയ്തു. വിഷ്ണുവിന് മര്‍ദനമേറ്റതായും ആക്ഷേപമുണ്ട്.

ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ ചികില്‍സ തേടി. ചന്തമൈതാനിയില്‍ നടന്ന അനുസ്മരണസമ്മേളനം മുന്‍ എം.പി. വി.എസ്.വിജയരാഘവനാണ് ഉദ്ഘാടനംചെയ്തത്. 8 മണിക്ക് യോഗം തീര്‍ന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതോടെ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ശ്യാംലാല്‍, ഏരിയാ സെക്രട്ടറി എന്‍.എസ്. ഭാസി, മുന്‍ പഞ്ചായത്തംഗം രഘുനാഥ് മാമ്മൂട്, ഡി.വൈ.എഫ്.ഐ. നേതാവ് സി.ജി.ദിനേശ് എന്നിവര്‍ സ്റ്റേജിനരികെ ഉണ്ടായിരുന്നു. ജങ്ഷനില്‍നിന്ന് ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനമായി മെയിന്‍റോഡിലൂടെ വന്നു.

പോലീസ്‌വലയം ആര്‍.എസ്.എസ്.പ്രകടനത്തിന് ഉണ്ടായിരുന്നു. പെട്ടെന്ന് ആര്‍.എസ്.എസ്സുകാര്‍ സി.പി.എം.നേതാക്കളെ വടികൊണ്ട് അടിച്ചു. നെഞ്ചത്തും തലയ്ക്കുമാണ് മിക്കവര്‍ക്കും പരിക്ക്. കടയില്‍ സാധനംവാങ്ങിനിന്ന കോന്നി പഞ്ചായത്തംഗവും സി.ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എം.എസ്.ഗോപിനാഥന്‍ നായരെയും വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു.സി.പി.എം.നേതാക്കളെ ആര്‍.എസ്.എസ്.സംഘം മര്‍ദിച്ചതറിഞ്ഞ് സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വന്ന് തിരിച്ചടി തുടങ്ങി. മൈതാനത്തെ രണ്ടുജീപ്പും സംഘര്‍ഷത്തില്‍ തകര്‍ന്നു. ഒരുമണിക്കൂറോളം തെരുവുയുദ്ധം തുടര്‍ന്നു. പിന്നീട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനമായി പോലീസ്‌സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോസ്റ്റോഫീസ് റോഡിലൂടെ പോയ പ്രകടനം മൂന്ന് ഓട്ടോയും മോട്ടോര്‍ സൈക്കിളുകളും ആക്രമിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം നടത്തുകയാണ് സി.പി.എം. പ്രവര്‍ത്തകര്‍. അടൂര്‍ ഡിവൈ.എസ്.പി. അനില്‍ദാസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.
കോന്നി എന്‍.എസ്.എസ്.കോളേജിനു സമീപം ഒരു സ്വകാര്യഹോസ്റ്റലിനുനേരെയും അക്രമം ഉണ്ടായി. മര്‍ദനമേറ്റ സി.പി.എം.നേതാക്കളും പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലാണ്.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: