Pages

Thursday, August 1, 2013

നെല്ലിന്റെ കുടുംബത്തിലേക്ക് പുതിയ പുല്‍ച്ചെടി

നെല്ലിന്റെ കുടുംബത്തിലേക്ക്
 പുതിയ പുല്‍ച്ചെടി
ടി.എം. ശ്രീജിത്ത്‌
നെല്ലിന്റെ കുടുംബത്തില്‍പ്പെട്ട പുതിയ പുല്‍ച്ചെടിയെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍പ്പെട്ട അഞ്ച് ഗ്രാമത്തില്‍ കണ്ടെത്തി.പോയേസിയേ സസ്യകുടുംബത്തില്‍പ്പെട്ട ഈ ചെടിക്ക് എറഗ്രോസ്റ്റിസ് ഹെന്റിയൈ എന്നാണ് പേരിട്ടിരിക്കുന്നത്. വയനാട് സ്വദേശിയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോയമ്പത്തൂര്‍ സര്‍ക്കിളില്‍ ഗവേഷകനുമായ സി.പി. വിവേക്, ശാസ്ത്രജ്ഞന്‍ ഡോ. ജി.വി.എസ്. മൂര്‍ത്തി, ഓള്‍ ഇന്ത്യ പ്രോജക്ട് ഇന്‍ ടാകേ്‌സാണമി കോ-ഓര്‍ഡിനേറ്ററും ഇന്ത്യന്‍ പുല്‍ച്ചെടിവിദഗ്ധനുമായ ഡോ. വി.ജെ. നായര്‍ എന്നിവരാണ് ഈ ചെടി കണ്ടെത്തിയത്.

ബൊട്ടാനണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ ഡോ. എ.എന്‍. ഹെന്റിയോടുള്ള ആദരസൂചകമായാണ് ചെടിക്ക് എറഗ്രോസ്റ്റിസ് ഹെന്റിയൈ എന്ന് പേരിട്ടിരിക്കുന്നത്.നിത്യാഹാരമായ നെല്ലുമുതല്‍ ജീവതവുമായി അഭേദ്യമായ ബന്ധമുള്ള ചോളം, ഗോതമ്പ്, കരിമ്പ്, മുള എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിശാല സസ്യകുടുംബമാണ് പോയേസിലെ. ഈ വിഭാഗത്തിലെ ചെടികളെ തിരിച്ചറിയുന്നത് ജനുസും ഉപവിഭാഗവും നോക്കിയാണ്. പുതിയ ചെടി എറഗ്രോസ്റ്റിസ് ജനുസിലും എറഗ്രോസ്റ്റിഡിയെ ഉപവിഭാഗത്തിലും പെടുന്നു. ഈ ജനുസില്‍ ഭൂമുഖത്ത് നാനൂറില്‍പ്പരം ചെടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ 40 ഇനങ്ങളുള്ളതില്‍ 29 എണ്ണം തമിഴ്‌നാട്ടിലും 13 എണ്ണം തീരദേശമായ കന്യാകുമാരിയിലുമാണ്.

സമുദ്രനിരപ്പുമുതല്‍ 25 മീറ്റര്‍ ഉയരത്തില്‍വരെയുള്ള ഭൂപ്രദേശങ്ങളിലെ മണല്‍കലര്‍ന്ന മണ്ണിലാണ് എറഗ്രോസ്റ്റിസ് ഹെന്റിയൈ വളരുന്നത്. നീളംകൂടിയ പൂക്കളുടെ കാര്യത്തില്‍ ഇതിന് എറഗ്രോസ്റ്റിസ് ട്രെമുലയോടും ചെടിയിലുള്ള ഒരുതരം ഗ്രന്ഥിയുടെ കാര്യത്തില്‍ എറഗ്രോസ്റ്റിസ് മൈനറിനോടും സാമ്യമുണ്ട്. എന്നാല്‍ ഇവയില്‍നിന്നും ഈ വിഭാഗത്തില്‍ ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ട ചെടികളില്‍നിന്ന് വ്യത്യസ്തമാണ് എറഗ്രോസ്റ്റിസ് ഹെന്റിയൈ എന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ചിലാണ് ഈ പുല്‍ച്ചെടി പുഷ്പിക്കുന്നത്. നിലത്ത് വീഴുന്ന വിത്ത് മുളച്ച് അടുത്ത തലമുറയുണ്ടാകും. ലോകത്ത് മറ്റൊരിടത്തുനിന്നും കണ്ടെത്താത്തതിനാല്‍ ഇതിനെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ 'ഡാറ്റ ഡെഫിഷന്റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ സംരക്ഷണപ്രാധാന്യമുള്ള ചെടിയാണിത്. ഇതിന്റെ ഗുണങ്ങള്‍ ഇനിയും തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ നെലുംബോയുടെ 54-മത് വാള്യത്തില്‍ ഇതിനെക്കുറിച്ചുള്ള പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

                                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: