അയോദ്ധ്യ സുരക്ഷാ വലയത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ ചൗരാസി (84) കോസ് പരിക്രമയാത്ര ഇന്ന് തുടങ്ങാനിരിക്കെ, അയോദ്ധ്യയും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷാവലയത്തിലായി. എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ പല പ്രമുഖ സന്ന്യാസിമാരെയും മതനേതാക്കളെയും വോളണ്ടിയർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ എന്തെല്ലാം തടസ്സങ്ങൾ സൃഷ്ടിച്ചാലും തങ്ങൾ യാത്ര നടത്തുമെന്ന് വി.എച്ച്.പി നേതാക്കൾ അറിയിച്ചു.അഞ്ചു ജില്ലകളിലായി 80 ഗ്രാമങ്ങളിലൂടെ 240 കിലോമീറ്റർ പഥസഞ്ചലനമാണ് വി.എച്ച്.പി വിഭാവനം ചെയ്തിട്ടുള്ളത്. അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് ജനാഭിപ്രായം രൂപവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.യാത്രയ്ക്ക് ബി.ജെ.പിയും ആർ.എസ്.എസും എല്ലാ പിന്തുണയും നൽകുന്നു. എന്നാൽ ന്യൂനപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുകയും വർഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് അഖിലേഷ് സിംഗ് യാദവ് സർക്കാർ ഭയപ്പെടുന്നത്.
യാത്രയിൽ പങ്കെടുക്കുന്നവർ ബലപ്രയോഗത്തിലൂടെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.പൊലീസ് ഇതിനകം 200 നേതാക്കളെ അറസ്റ്റ് ചെയ്തു. പലരും വീട്ടുതടങ്കലിലാണ്. ഇന്ന അയോധ്യയിൽ സരയൂ നദിക്കരയിലെ നയാഘട്ടിൽ തുടങ്ങുന്ന യാത്ര സെപ്തംബർ 12ന് അവിടെത്തന്നെയാണ് സമാപിക്കുന്നത്.വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള അയോദ്ധ്യാ യാത്രയ്ക്ക് പൂർണപിന്തുണ നൽകി ബി.ജെ.പി രംഗത്തുവന്നു. ഓരോ ഇന്ത്യൻ പൗരന്റെയും മൗലികാവകാശത്തിൽപ്പെടുന്ന ഒന്നാണ് യാത്രയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ബി.ജെ.പിയുടെ നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസിനൊപ്പം സമാജ്വാദി പാർട്ടി, ആർ.ജെ.ഡി കക്ഷികളും രംഗത്തുവന്നു.യാത്രയ്ക്ക് എതിരെ നടന്നുവരുന്നത് വെറും ദഷ്പ്രചാരണങ്ങളാണ്. യാത്രനടക്കുന്നത് മൂലം ഒരു സംഘർഷവുമില്ല. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രസ്താവനകളിലാണ് സംഘർഷമുള്ളത്. അത് അവസാനിപ്പിച്ചാൽ യാത്ര സുഗമമായി നടക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. സംഘർഷം സൃഷ്ടിക്കുമെന്ന് വി.എച്ച്.പിയും പറഞ്ഞിട്ടില്ല.
രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ചില പാർട്ടികൾ ശ്രമിക്കുകയാണെന്ന് എസ്.പി അംഗം ശൈലേന്ദ്ര കുമാർ പറഞ്ഞു. ശ്രീരാമനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് നിരോധിക്കണം. ഇത്തരം യാത്രകൾക്ക് പിന്തുണ നൽകുന്ന ബി.ജെ.പിയെ പോലുള്ള രാഷ്ട്രീയ കക്ഷികളെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി അംഗങ്ങൾ സഭയിൽ ബഹളം വച്ചു.സാമുദായിക ഐക്യം തകർക്കുന്ന വി.എച്ച്.പിയുടെ യാത്രയെ പിന്തുണയ്ക്കുന്ന ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ലോക്സഭയിലെ ശൂന്യവേളയിൽ ആർ.ജെ.ഡി അംഗം പ്രഭുനാഥ് സിംഗും രംഗത്തുവന്നു. ബി.ജെ.പിയുടെ അംഗീകാരം റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ബി.ജെ.പി അംഗങ്ങളെ ചൊടിപ്പിച്ചു.തുടർന്ന് ബി.ജെ.പി അംഗങ്ങളും ആർ.ജെ.ഡി അംഗങ്ങളും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് സംസാരിച്ച കോൺഗ്രസ് അംഗം ജഗദംബിക പാലും വി.എച്ച്.പിയുടെ യാത്രയെ രൂക്ഷമായി വിമർശിച്ചു. ശ്രീരാമൻ വിശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന സമയത്താണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള നിശബ്ദ ബോക്സിങ്ങാണ് ഇതെന്ന് ബി.എസ്.പി അംഗം ധാരി സിംഗ് ചൗഹാൻ പറഞ്ഞു.
യാത്ര മുടക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ സമാജ്വാദി പാർട്ടി നേതാവ് അസം ഖാനാണെന്ന് വി.എച്ച്.പി നേതാവ് അശോക് സിംഗാൾ ആരോപിച്ചു. മുലായം സിംഗുമായി തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്. എന്നാൽ അസംഖാൻ എല്ലാം തകിടംമറിച്ചു. ആരു തടഞ്ഞാലും യാത്ര നടക്കും.വി.എച്ച്.പിയുടെ വാക്ക് വിശ്വസിക്കാനാവില്ലെന്ന് ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫര്യാബ് ജിലാനി പറഞ്ഞു. പണ്ട് സുപ്രീം കോടതിയിൽ തർക്കമന്ദിരം സംരക്ഷിക്കുമെന്ന് സത്യവാങ്മൂലം നൽകിയവരാണ് യാത്ര സമാധാനപരമായിരിക്കുമെന്ന് പറയുന്നത്.വി.എച്ച്.പി യാത്ര സമാധാനപരമായി നടന്നാൽ നേട്ടം സമാജ്വാദി പാർട്ടിക്കും ബി.ജെ.പിക്കുമാണെന്നും അതിനാൽ ഇരുകൂട്ടരും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും വിമർശനമുയർന്നു. ഇരുകൂട്ടരുടെയും വോട്ട്ബാങ്കുകളെ പിന്നിൽ ഉറപ്പിക്കുകയാണ് ലക്ഷ്യം.രാം ജന്മഭൂമി പ്രശ്നം യു.പി ജനതയുടെ വൈകാരിക വിഷയമാണ്. അത് മുതലെടുക്കാനായാൽ ബി.ജെ.പിക്ക് പോയ പ്രതാപം വീണ്ടെടുക്കാം. സമാജ് വാദിക്ക് മുസ്ലിം വോട്ടുകൾ ഭിന്നിക്കാതെ നോക്കുകയും ചെയ്യാം.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment