Pages

Thursday, August 22, 2013

AADHAAR CARD IMPORTANT

                ആധാർ അതിപ്രധാന്യം 

ജനങ്ങൾക്ക്  ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനം 'ആധാറി'ല്‍ പറയുന്ന ആ നമ്പറായിരിക്കും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നാണ് അതിന്റെ പേര്. 12 അക്കങ്ങളുള്ള അത്തരം നമ്പറിലൂടെയാകണമത്രെ 130 കോടിയില്‍പ്പരം ഇന്ത്യക്കാര്‍ ഇനി തങ്ങളെ തിരിച്ചറിയേണ്ടത്. അവരുടെ ബാങ്ക് ഇടപാടുകള്‍, ഫോണ്‍ കണക്ഷനുകള്‍, അവര്‍ക്കു ലഭിക്കേണ്ട സബ്‌സിഡികള്‍, പാചകവാതക വിലയിലെ ഇളവുകള്‍ എല്ലാം ഈ 12 അക്കങ്ങള്‍ തീരുമാനിക്കുമത്രെ.
അതു നിര്‍ബന്ധിതമാണെന്നു അധികാരികള്‍ പറയുന്നില്ല. പൗരന്മാര്‍ സ്വയം സന്നദ്ധരാണെങ്കില്‍ മാത്രം അത് എടുത്താല്‍മതിയാകും. എന്നാല്‍ അത് ഇല്ലാത്തവര്‍ക്കാര്‍ക്കും സര്‍ക്കാര്‍/സര്‍ക്കാരിതര സ്വകാര്യ ഏജന്‍സികളുടെ സഹായങ്ങള്‍ ഒന്നും ലഭിക്കില്ല. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും പട്ടിണിക്കാര്‍ക്കും കുറഞ്ഞ വിലയില്‍ അരിയും ഗോതമ്പും മണ്ണെണ്ണയും പാചകവാതകവും കിട്ടണമെങ്കില്‍ ഈആധാർ  വേണം. അപ്പോള്‍ നിര്‍ബന്ധിതമല്ലെന്നു പറഞ്ഞുകൊണ്ട് ആധാര്‍ നിര്‍ബന്ധിതമാക്കിയിരിക്കയാണ് സര്‍ക്കാര്‍. 

കേരളത്തില്‍ എല്ലായിടത്തും ആധാറിനു വേണ്ടി ജനങ്ങള്‍ പരക്കം പായുകയാണ്. സെപ്തംബര്‍ മാസം മുതല്‍ പാചകവാതക സബ്‌സിഡിലഭിക്കണമെങ്കിൽ  ആധാർ  വേണം .  ബാങ്കുകളിലേയ്ക്കു കുടിമാറ്റം നടത്തിയ സബ്‌സിഡികള്‍ ഉപഭോക്താവിന് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധിതമാണെന്ന അറിയിപ്പ് വന്നതോടെയാണ് ഈ പരക്കം പാച്ചില്‍ രൂക്ഷമായത്.  'ആധാര്‍' ഇല്ലെങ്കില്‍ 415  രൂപ അധികം കൊടുത്തുവേണം പാചകവാതകം വാങ്ങാന്‍. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. ഓണക്കാലം ഇക്കുറി വിലയേറ്റത്തിന്റെ 'മഹോത്സവകാല' മാണ്. പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കു പാചകവാതക വില ഇപ്പോള്‍ തന്നെ താങ്ങാനാവുന്നില്ല. അപ്പോള്‍ സബ്‌സിഡി ലഭിക്കാതെ, 415 രൂപ അധികം നല്‍കേണ്ട അവസ്ഥ അവര്‍ക്കു ചിന്തിക്കാന്‍പോലും കഴിയാത്തതാണ്.
ആധാര്‍ സംബന്ധിച്ച അന്ത്യശാസനം പുറപ്പെടുവിച്ച അധികാരികള്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും അവരുടെ ആശങ്കയും അറിയുക തന്നെവേണം. നേരത്തെ പോസ്റ്റ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ അന്ത്യശാസനം വന്നപ്പോള്‍ അവിടെ രജിസ്‌ട്രേഷന്‍ നിര്‍ത്തിയത്രെ. അക്ഷയ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചുവരുമ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ അനാശ്രയ കേന്ദ്രങ്ങളാവുകയാണ്. അപേക്ഷ നല്‍കി 6 മുതല്‍ 9 മാസങ്ങള്‍വരെ കാത്തിരുന്നാലേ ആധാര്‍ നമ്പര്‍ ലഭ്യമാകൂ എന്ന് ഈ സംവിധാനത്തിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ 'സെപ്തംബര്‍ ഒന്ന്' എന്ന് അധികൃതര്‍ വിളിച്ചുകൂവുന്നതിന്റെ അര്‍ഥമെന്താണ്? ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ഭരണവൃത്തങ്ങള്‍ പ്രഖ്യാപിച്ച അന്ത്യശാസന തീയതി പിന്‍വലിക്കുക തന്നെവേണം. അല്ലാത്തപക്ഷം ആധാര്‍ കടമ്പയില്‍ തട്ടി സബ്‌സിഡി നഷ്ടമാകുന്ന ലക്ഷക്കണക്കായ ജനങ്ങളോടു ഗവണ്‍മെന്റ് ഉത്തരം പറയേണ്ടിവരും.
പാചകവാതക സബ്‌സിഡി ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന സംവിധാനം കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത് വയനാട് പത്തനംതിട്ട ജില്ലകളിലാണ്. അതിന്റെ അനുഭവം സര്‍ക്കാര്‍ പരിശോധിക്കട്ടെ. 141000 പാചകവാതക ഉപഭോക്താക്കളാണ് വയനാട്ടിലുള്ളത്. അവരില്‍ 110000 പേര്‍ മാത്രമാണ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത്. അര്‍ഹതപ്പെട്ട 31000 പേര്‍ സബ്‌സിഡിയില്‍ നിന്നു പുറത്താകുമെന്നാണ് ഇതിനര്‍ഥം. പത്തനംതിട്ടയില്‍ 67 ശതമാനം പേര്‍ മാത്രമെ സബ്‌സിഡി കടമ്പ കടക്കാന്‍ അര്‍ഹതനേടിയിട്ടുള്ളു. മാസങ്ങള്‍കൊണ്ടുപോലും ഈ രണ്ടുജില്ലകളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യമാണ് ദിവസങ്ങള്‍കൊണ്ടു മറ്റു ജില്ലകളില്‍ പൂര്‍ത്തീകരിക്കണമെന്ന് അധികാരികള്‍ ശഠിക്കുന്നത്. അതെങ്ങനെ പ്രായോഗികമാകുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. ഇക്കാര്യത്തിൽ  സർക്കാർ  നിലപാട്  വ്യ ക്തമാക്കണം 

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



No comments: